
ആരോഗ്യകരമായ ഗര്‍ഭധാരണം എങ്ങനെയെല്ലാം ; മുന്നൊരുക്കവും ശ്രദ്ധയും പ്രധാനം
September 10, 2023ഗര്‍ഭകാലം സ്ത്രീജീവിതത്തിലെ പ്രധാന ഘട്ടമാണ്. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം മികച്ചതാക്കാന്‍ മാനസികവും ശാരീരികവുമായ മുന്നൊരുക്കം ഏറെ പ്രധാനമാണ്. അതിനാല്‍ ഗര്‍ഭധാരണത്തിന് മുമ്പുതന്നെ സ്ത്രീശരീരത്തിന്‍റെ ആരോഗ്യനില ഉറപ്പുവരുത്തേണ്ടതുണ്ട്.
പ്രത്യുൽപാദനത്തിനുള്ള ഏറ്റവും സുരക്ഷിതമായ പ്രായം 25 മുതല്‍ 35 വരെയാണ്. 35 വയസ്സിന് ശേഷമുള്ള ഗര്‍ഭധാരണം കുഞ്ഞിന് ഡൗണ്‍ സിൻഡ്രോം പോലുള്ള ജനിതക പ്രശ്നങ്ങള്‍ കണ്ടുവരുന്നതിന് കാരണമാകും. കൂടാതെ ഗര്‍ഭകാലത്ത് അമിതമായ രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോള്‍, അമിതവണ്ണം, തൈറോയ്ഡ്, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ കൂടുതലായി അനുഭവപ്പെടാം.
മുന്നൊരുക്കം നടത്താം
ആരോഗ്യകരമായ ഭ്രൂണം രൂപപ്പെടുന്നതിനും സുരക്ഷിതമായ വളര്‍ച്ചാ കാലഘട്ടം പൂര്‍ത്തിയാക്കുന്നതിനും അമ്മയുടെ ആരോഗ്യസ്ഥിതി പ്രധാനമാണ്. അതുകൊണ്ടുതന്നെ ഭക്ഷണം ഉള്‍പ്പെടെയുള്ള ജീവിതശൈലി ക്രമീകരിക്കേണ്ടതുണ്ട്. ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്ന സമയത്തിന് ആറുമാസം മുമ്പുതന്നെ ശരീരവും മനസ്സും ആരോഗ്യകരമായ രീതിയില്‍ പാകപ്പെടുത്തുന്നതിന്റെ ഭാഗമായി മികച്ച ഭക്ഷണരീതി ആരംഭിക്കുന്നത് ഗുണം ചെയ്യും. ആവശ്യത്തിന് കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍, പ്രോട്ടീന്‍, നാരുകള്‍ അടങ്ങിയ ഭക്ഷണം എന്നിവ ആഹാരരീതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ദോഷകരമായ രീതിയില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് ഒഴിവാക്കാം.
ആഴ്ചയില്‍ അഞ്ചു ദിവസം കുറഞ്ഞത് 30 മിനിറ്റെങ്കിലും ചെറിയ തോതില്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്. അമിതമായ വ്യായാമം ആവശ്യമില്ല. ഏതെങ്കിലും തരത്തിലുള്ള ലഹരി ഉൽപന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഈ ശീലം ഗര്‍ഭധാരണത്തിന് മുമ്പുതന്നെ ഉപേക്ഷിക്കേണ്ടതുണ്ട്. ഗര്‍ഭം ധരിക്കുന്നതിന് ഒന്നോ രണ്ടോ മാസം മുമ്പുതന്നെ ഗര്‍ഭപാത്രത്തിന്റെ ആരോഗ്യനില സംബന്ധിച്ച പരിശോധനകള്‍ നടത്തുന്നത് വലിയ ഗുണം ചെയ്യും. ഗര്‍ഭപാത്രത്തിലോ അണ്ഡാശയത്തിലോ സിസ്റ്റ് അല്ലെങ്കില്‍ മുഴകള്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നേരത്തെ കണ്ടെത്താന്‍ ഇതുവഴി സാധിക്കും.
ഗര്‍ഭധാരണം നടക്കുന്നതിന്‍റെ രണ്ടോ മൂന്നോ മാസം മുമ്പുതന്നെ ഫോളിക് ആസിഡ് സപ്ലിമെന്റ് കഴിക്കുന്നത് ഗുണം ചെയ്യും. ഗര്‍ഭിണിയായ ആദ്യ മൂന്നു മാസത്തിനുള്ളില്‍ ഭ്രൂണത്തിന് സംഭവിക്കാവുന്ന അപകടാവസ്ഥകള്‍ ഒരു പരിധി വരെ തടയാന്‍ ഇത് സഹായിക്കും. മുമ്പ് അബോഷന്‍ നടന്നിട്ടുണ്ടെങ്കില്‍ അതു സംബന്ധിച്ച വിവരങ്ങള്‍ ഗൈനക്കോളജിസ്റ്റുമായി പങ്കുവെക്കേണ്ടത് അനിവാര്യമാണ്.
ഗര്‍ഭകാലത്തിലേക്ക് കടക്കുമ്പോള്‍
സാധാരണ കൃത്യമായ ഇടവേളകളില്‍ ആര്‍ത്തവം സംഭവിക്കുന്നവരില്‍ സമയം കഴിഞ്ഞ് ഒരാഴ്ചയായിട്ടും ആര്‍ത്തവം സംഭവിക്കുന്നില്ല എങ്കില്‍ തീര്‍ച്ചയായും ഒരു പ്രഗ്നന്‍സി പരിശോധന നടത്തണം. ഗര്‍ഭധാരണം നടന്നിട്ടുണ്ടെങ്കില്‍ ഡോക്ടറെ സമീപിച്ച് യൂറിന്‍ അല്ലെങ്കില്‍ രക്ത പരിശോധന നടത്തി ഉറപ്പ് വരുത്തണം. വളരെ അപൂർവമായി ചില സ്ത്രീകളില്‍ പ്രഗ്നന്‍സി പരിശോധനയില്‍ രണ്ടു വരകള്‍ക്ക് പകരം മങ്ങിയ ഒരു വര മാത്രം കാണാറുണ്ട്. ഗര്‍ഭപാത്രത്തിനുള്ളില്‍ അല്ലാതെ ട്യൂബില്‍, അണ്ഡാശയം, വയറിനുള്ളിലെ മറ്റേതെങ്കിലും ഭാഗങ്ങളില്‍ ഭ്രൂണം വളരുന്ന അപകടകരമായ അവസ്ഥയുടെ ലക്ഷണമാണിത്. ഇത് ഗൗരവകരമായി കണക്കാക്കുകയും ഒരു ഗൈനക്കോളജിസ്റ്റിന്‍റെ സേവനം തേടുകയും വേണം. ഗുരുതരമായ രക്തസ്രാവം, ജീവന്‍പോലും അപകടത്തിലായേക്കാവുന്ന അവസ്ഥ എന്നിവക്ക് ഇതു കാരണമാകാം.
ആര്‍ത്തവം മുടങ്ങി ആറാഴ്ച (തൊട്ടുമുമ്പുള്ള പിരീഡ് അവസാനിച്ചത് മുതല്‍) പൂര്‍ത്തിയാകുമ്പോള്‍ ആദ്യത്തെ അള്‍ട്രാസൗണ്ട് സ്കാന്‍ ചെയ്യണം. ഭ്രൂണത്തിന്‍റെ ഹാര്‍ട്ട്ബീറ്റ്, ഏതെങ്കിലും തരത്തിലുള്ള അസാധാരണത്വം ഉണ്ടെങ്കില്‍ അവ കണ്ടെത്താന്‍ ഇതുവഴി സാധിക്കും.
സ്കാനിങ് പ്രധാനം
കുഞ്ഞിന്‍റെ വളര്‍ച്ച നിര്‍ണയിക്കുന്നതിന് അഞ്ചാം മാസത്തിലെ സ്കാനിങ് പ്രധാനമാണ്. അവയവങ്ങളുടെ വളര്‍ച്ച, ചലനം, അമ്നിയോട്ടിക് ഫ്ലൂയിഡിന്‍റെ അളവ് എന്നിവയെല്ലാം കൃത്യമായി കണ്ടെത്തുന്നത് ഈ സമയത്താണ്. പിന്നീട് എട്ടാം മാസത്തില്‍ നടത്തുന്ന പരിശോധനയിലൂടെ കുട്ടിയുടെ വളര്‍ച്ച ശരിയായ രീതിയിലാണോ എന്ന് തിരിച്ചറിയുന്നതിനും രക്തയോട്ടം സാധാരണഗതിയിലാണോ തുടങ്ങിയവ അറിയാനുമാകും.
ഈ സമയത്ത് അമ്മമാര്‍ ദിവസവും രാവിലെയും വൈകീട്ടും ഭക്ഷണം കഴിച്ച ശേഷം കുഞ്ഞിന്‍റെ ചലനങ്ങള്‍ നിരീക്ഷിക്കണം. ദിവസം 9 മുതല്‍ 10 തവണ ചലനം അനുഭവപ്പെടുന്നുവെങ്കില്‍ മറ്റു പ്രശ്നങ്ങളില്ല എന്ന് കണക്കാക്കാം. അമിതമായ ചലനം സാധാരണ പ്രശ്നമല്ല, എന്നാല്‍ സ്കാനിങ് റിപ്പോര്‍ട്ടില്‍ പൊക്കിള്‍ക്കൊടിയില്‍ കുഞ്ഞ് ചുറ്റിക്കിടക്കുന്ന സാഹചര്യമുണ്ടെങ്കില്‍ ഇത് ശ്രദ്ധിക്കേണ്ടതുണ്ട്.
മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കിലും ഏഴ് മാസം വരെ മാസത്തില്‍ ഒരു തവണയെങ്കിലും ഗൈനക്കോളജിസ്റ്റിനെ സമീപിക്കണം. ഈ സമയത്ത് ശരീരഭാരം, രക്തസമ്മർദം എന്നിവ കൃത്യമായി പരിശോധിക്കും. ഇതിനു ശേഷം ഒമ്പതു മാസം വരെയുള്ള കാലയളവില്‍ ഓരോ രണ്ടാഴ്ചയിലും ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടത് നിര്‍ബന്ധമാണ്. ശേഷം പത്താംമാസം വരെ ഓരോ ആഴ്ചയിലും ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കുന്നത് നല്ലതാണ്.
ഭക്ഷണം ശ്രദ്ധിക്കാം
ഭക്ഷണരീതിയില്‍ വളരെ ശ്രദ്ധ കൊടുക്കേണ്ട കാലഘട്ടമാണിത്. ആദ്യത്തെ മൂന്നു മാസം ഛർദിക്ക് സാധ്യതയുള്ളതിനാല്‍ ഭക്ഷണരീതി ക്രമീകരിക്കണം. ഭക്ഷണ സമയത്തിന്‍റെ ഇടവേള കുറക്കുകയും തവണകളായി കഴിക്കുന്നതും ഗുണം ചെയ്യും. കൂടുതല്‍ എണ്ണമയമുള്ളതും എരിവും മസാലയും അമിതമായി ചേര്‍ത്തതുമായ ഭക്ഷണം ഒഴിവാക്കുകയാണ് നല്ലത്. സാധാരണ ഏഴാഴ്ച മുതല്‍ 12 ആഴ്ച വരെയാണ് ഗര്‍ഭിണികളില്‍ ഛർദി അനുഭവപ്പെടുന്നത്. അമിതമാവുകയാണെങ്കില്‍ ഡോക്ടറുടെ സേവനം തേടാം. 12 ആഴ്ചക്കു ശേഷവും ഛർദി വലിയ തോതില്‍ തുടരുന്നുവെങ്കില്‍ പെപ്റ്റിക് അള്‍സര്‍പോലുള്ളവ പരിശോധിക്കണം. ആരോഗ്യത്തിനായി ധാരാളം ഫോളിക് ആസിഡ്, അയേണ്‍ എന്നിവ ധാരാളമടങ്ങിയ ഇലക്കറികള്‍, ബീന്‍സ്, കോളിഫ്ലവര്‍, പാവക്ക, മാതളം, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ കഴിക്കാം. നട്സ്, ബദാം തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് ഇനങ്ങള്‍ കഴിക്കുന്നത് മികച്ച ഗുണം ചെയ്യും. മുട്ടയുടെ വെള്ള, പാല്‍, മുളപ്പിച്ച പയര്‍വർഗങ്ങള്‍ എന്നിവ കഴിക്കാം. ചെറുമത്സ്യങ്ങള്‍ ഗര്‍ഭകാലത്ത് വളരെ നല്ലതാണ്. എന്നാല്‍, വലിയ മത്സ്യങ്ങള്‍ കഴിവതും ഒഴിവാക്കുകയാണ് നല്ലത്. റെഡ് മീറ്റ് ഉള്‍പ്പെടെയുള്ള മാംസാഹാരങ്ങള്‍ കഴിക്കുന്നത് വളരെയധികം കുറക്കണം.
ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട് ആദ്യ മൂന്നു മാസത്തില്‍ മലബന്ധം അനുഭവപ്പെടാം. ഇത് പരിഹരിക്കുന്നതിനായി ചെറുപഴം, ഇലക്കറികള്‍ തുടങ്ങിയവ കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിന്‍റെ പ്രതിരോധശേഷി ഏറ്റവും മികച്ച രീതിയില്‍ നിലനിര്‍ത്തണമെന്നതിനാല്‍ അതിന് സഹായിക്കുന്ന ഭക്ഷണങ്ങളും ഉള്‍പ്പെടുത്തണം. മഞ്ഞള്‍, ഇഞ്ചി എന്നിവ ധാരാളം ഉള്‍പ്പെടുത്തിയ ഭക്ഷണങ്ങള്‍, നെല്ലിക്ക, നാരങ്ങ, ഓറഞ്ച്, സോയ തുടങ്ങിയവ കഴിക്കാം.
മൂന്നു മാസത്തിനു ശേഷം (12 മുതല്‍ 14 ആഴ്ചക്കുള്ളില്‍) രണ്ടാമത്തെ അള്‍ട്രാസൗണ്ട് സ്കാന്‍ ചെയ്യണം. കുട്ടിക്ക് ഡൗൻസിൻഡ്രോം, അംഗവൈകല്യങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനായി എൻ.ടി സ്കാന്‍ (Nuchal Translucency scan) ചെയ്യേണ്ടത് അനിവാര്യമാണ്.
കൂടാതെ ഡബിള്‍ മാര്‍ക്കര്‍ പരിശോധനയും നിര്‍ബന്ധമായും ചെയ്യണം. ജനിതക പ്രശ്നങ്ങള്‍ തിരിച്ചറിയാനും അഞ്ചു മാസത്തിനുള്ളില്‍ ഗര്‍ഭാശയമുഖത്തിന്‍റെ വ്യത്യാസങ്ങള്‍ കാരണമുണ്ടാകുന്ന പ്രശ്നങ്ങള്‍ തിരിച്ചറിയാനും ഇത് സഹായിക്കും. കൂടാതെ അമ്മക്ക് ഹീമോഗ്ലോബിന്‍, പ്രമേഹം, തൈറോയ്ഡ് എന്നിവയും ഈ സമയത്ത് പരിശോധിക്കണം.
അമിതവണ്ണം വേണ്ട
സാധാരണ ഗര്‍ഭകാലത്ത് 7-10 കിലോ ഭാരമാണ് ഗര്‍ഭിണികളില്‍ വര്‍ധിക്കേണ്ടത്. എന്നാല്‍, ഭക്ഷണം ആവശ്യമായതിലും കൂടുതല്‍ കഴിക്കുന്നതുവഴി അമിതവണ്ണം ഉണ്ടാക്കുകയും അനാരോഗ്യകരമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. വയറും ശരീരവണ്ണവും കൂടുന്നതോടെ ഗര്‍ഭിണികളില്‍ അസ്വസ്ഥതയും വര്‍ധിക്കും. കഴിവതും ഇടതുവശം ചരിഞ്ഞുകിടക്കുന്നതാണ് നല്ലത്.
ആരോഗ്യകരമായ ഗര്‍ഭധാരണം
ഗര്‍ഭിണിയാകുന്നതു മുതല്‍തന്നെ പ്രസവം സംബന്ധിച്ച ആശങ്ക സാധാരണമാണ്. എന്നാല്‍, ഇതിനെക്കുറിച്ച് ഒരുപാട് ആശങ്കപ്പെടരുത്. സാധാരണ പ്രസവമാണെങ്കിലും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയാണെങ്കിലും അമ്മയും കുഞ്ഞും സുരക്ഷിതമായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. പ്രസവസമയത്തെ ആരോഗ്യനില, അനുബന്ധമായ മറ്റു കാര്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് പ്രസവത്തിന്‍റെ രീതി നിര്‍ണയിക്കുന്നത്. ചുറ്റുമുള്ളവരുടെ പിന്തുണയും സന്തോഷവും നല്ല മാനസികാവസ്ഥയുണ്ടാക്കാന്‍ സഹായകമാണ്. ചെറു യാത്രകള്‍ മാനസികോല്ലാസം നല്‍കും.