കമ്പനികൾക്ക് എട്ടുകോടി കുടിശ്ശിക; ആലപ്പുഴ മെഡിക്കൽ കോളജിൽ മരുന്നുക്ഷാമം

കമ്പനികൾക്ക് എട്ടുകോടി കുടിശ്ശിക; ആലപ്പുഴ മെഡിക്കൽ കോളജിൽ മരുന്നുക്ഷാമം

January 7, 2023 0 By KeralaHealthNews

ആലപ്പുഴ: മരുന്ന് വിതരണത്തിൽ കമ്പനികൾ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ മരുന്നുക്ഷാമം രൂക്ഷം. കുടിശ്ശിക വർധിക്കുകയും തീർക്കാൻ നടപടിയില്ലാതെ വരികയും ചെയ്ത സാഹചര്യത്തിലാണിത്.

മെഡിക്കൽ സർവിസസ് കോർപറേഷൻ വഴി ലഭിക്കാത്ത മരുന്നുകൾ മൂന്ന് വർഷമായി ആശുപത്രിയിൽ വിതരണത്തിന് എത്തിക്കുന്ന കാരുണ്യ, മെഡി ബാങ്ക് ഫാർമസികൾക്ക് ഏഴുകോടിയോളമാണ് കുടിശ്ശിക ഇനത്തിൽ ലഭിക്കാനുള്ളത്. മരുന്ന് വിതരണക്കാർക്ക് പണംനൽകാൻ കഴിയാതെ വന്നതോടെ കാരുണ്യ, മെഡി ബാങ്ക് ഫാർമസികൾക്കുള്ള മരുന്നുവിതരണത്തിൽ കമ്പനികൾ നിയന്ത്രണം ഏർപ്പെടുത്തി.

ഇക്കാര്യം സർക്കാറിനെ അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതാണ് സ്ഥിതി രൂക്ഷമാക്കിയത്. കഴിഞ്ഞദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയ ആരോഗ്യമന്ത്രി വീണ ജോർജും പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല. ഇതോടെ അത്യാവശ്യ മരുന്നുകൾ അടക്കം ലഭ്യമല്ല.മെഡി ബാങ്കിൽ കുട്ടികൾക്കുള്ള മരുന്നുകൾ അടക്കം സ്റ്റോക്കില്ല. മെഡിക്കൽ സർവിസസ് കോർപറേഷൻ അംഗീകരിച്ച വിലയിൽ മരുന്നുനൽകാൻ കമ്പനികൾ തയാറാകാത്തതും പ്രശ്നമാണ്.

വിലക്കിഴിവിൽ ലഭിക്കേണ്ട മരുന്നുകൾ വൻ വിലനൽകി സ്വകാര്യ ഫാർമസികളിൽനിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ.മരുന്നുവിതരണ കമ്പനികൾക്ക് കുടിശ്ശിക നൽകാൻ ഇനിയും വൈകുമെന്നതാണ് സ്ഥിതി. നീതി മെഡിക്കൽസിനും ഒരുകോടിയിലേറെ രൂപ കുടിശ്ശികയിനത്തിൽ നൽകാനുണ്ട്. ഈ പശ്ചാത്തലത്തിൽ മരുന്നുക്ഷാമം എളുപ്പം തീരാൻ സാധ്യതയില്ല.