
മലയാളികൾ അരിയാഹാരം കുറക്കുന്നു; പോഷകാഹാരം കഴിക്കുന്നുമില്ല, പ്രിയം ഗോതമ്പിനോട്
February 19, 2025കൊച്ചി: മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലങ്ങൾക്കൊപ്പം മലയാളികളുടെ അരിയാഹാരത്തോടുള്ള ഇഷ്ടവും കുറയുന്നതായി കണക്കുകൾ.
കഴിഞ്ഞ പത്ത് വർഷത്തിനിടെ അരി ഭക്ഷണം ഉപയോഗിക്കുന്നതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ട ഗാർഹിക ഉപഭോഗ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിലെ ഗ്രാമീണ മേഖലകളിൽ 2011-12ല്‍ പ്രതിമാസം ശരാശരി 7.39 കിലോഗ്രാം ആയിരുന്നു ഒരാളുടെ അരി ഉപഭോഗം. ഇത് 2022-23ല്‍ 5.82 കിലോഗ്രാം ആയി കുറഞ്ഞിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ 6.74 കിലോഗ്രാം ആയിരുന്നത് 5.25 കിലോഗ്രാമായും കുറഞ്ഞു.
അതേസമയം, കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് അരിയുടെ ആവശ്യത്തിൽ 50 ശതമാനത്തോളം കുറവുണ്ടായതായാണ് അരി മിൽ വ്യവസായ മേഖലയിലുള്ളവർ പറയുന്നത്. ദിവസം മൂന്ന് തവണ അരിയും അരി ഉൽപന്നങ്ങളും കഴിച്ചിരുന്ന ആളുകൾ ഇപ്പോൾ പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും ഗോതമ്പ് തിരഞ്ഞെടുക്കുന്നു. ഭക്ഷണശീലങ്ങളിലെ മാറ്റം കണക്കിലെടുത്ത് ഇപ്പോൾ അരി മില്ലുകൾ വൈവിധ്യവൽക്കരിക്കാൻ തുടങ്ങിയിരിക്കുകയാണ്.
അരി ഉപയോഗിക്കുന്നവരിൽ, മട്ട ഇനം തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടിൽ പോലും മട്ട അരിയുടെ വിൽപ്പന വർധിച്ചു. യുഎസ്, യുകെ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കുൾപ്പെടെ മട്ട അരി കയറ്റുമതി ചെയ്യുന്നുണ്ടെന്നും പ്രതിമാസം ഏകദേശം 20 കണ്ടെയ്‌നർ അരിയാണ് യു.കെയിലേക്ക് കയറ്റുമതി ചെയ്യുന്നതെന്നും കീർത്തി നിർമൽ റൈസ് മാനേജിങ് ഡയറക്ടർ ജോൺസൺ വർഗീസ് പറയുന്നു.
അതേസമയം, എണ്ണയിൽ വറുത്ത സാധനങ്ങൾ തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ഉപയോഗം കേരളീയർക്കിടയിൽ വർധിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
അരി ഭക്ഷണം, ഗ്ലൂക്കോസിന്റെയും കൊഴുപ്പിന്റെയും അളവ് ശരീരത്തിൽ വർധിപ്പിക്കുകയും, ഇത് അമിതവണ്ണത്തിന് കാരണമാവുകയും ചെയുന്നുവെന്ന് പ്രമേഹ വിദഗ്ധൻ ഡോ. ജ്യോതിദേവ് കേശവദേവ് പറയുന്നു. എന്നിരുന്നാലും അരി ഉപഭയോഗം കുറയ്ക്കുന്ന ആളുകൾ ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നില്ല.
കേരളത്തിൽ അമിത വണ്ണം ആശങ്കാജനകമായ തോതിൽ വർധിച്ചുവരികയാണ്. 20 വയസ്സിനു മുകളിലുള്ളവരിൽ 90 ശതമാനത്തിലധികം പേരും അമിത വണ്ണമുള്ളവരാണ്. ശരീരത്തിലെ അമിത കൊഴുപ്പ് മൂലം കാൻസർ സാധ്യത വർധിക്കുമെന്നും ഗവേഷകർ പറയുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ ഭക്ഷണ മാർഗനിർദേശങ്ങൾ അനുസരിച്ച്, ആകെ ശരീരത്തിന് ലഭിക്കുന്ന കലോറിയിൽ 45 ശതമാനത്തിൽ കൂടുതൽ കലോറി അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങളിൽ നിന്ന് ലഭിക്കരുത്.
ധാരാളം കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹവും ഫാറ്റി ലിവർ കേസുകളും വർധിക്കുന്നതിന് കാരണമാകുന്നു. ഒരു ധാന്യത്തിന് പകരം മറ്റൊരു ധാന്യം കഴിക്കുന്നതോ അരി ആഹാരം കുറച്ച് വറുത്തതും പൊരിച്ചതുമായ ലഘുഭക്ഷണം കഴിക്കുന്നതോ തടി കുറക്കുന്നതിനുള്ള ശരിയായ മാർഗമല്ല. പകരം കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുന്നതാണ് ഉത്തമമായ മാർഗമെന്ന് ആരോഗ്യ വിദഗ്ധർ�പറയുന്നു.