
പടർന്നുപിടിച്ച് മഞ്ഞപ്പിത്തം; രാമപുരത്ത് ആശുപത്രി അടച്ചു
February 17, 2025കോട്ടയം: പാലാ ചക്കാമ്പുഴയിൽ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചതോടെ നാട് ഭീതിയിൽ. രാമപുരം, കരൂർ പഞ്ചായത്തുകളിൽ മൂന്നുമാസമായി മഞ്ഞപ്പിത്തം പടരുകകയാണ്. വെള്ളം പരിശോധനയും ബോധവത്കരണവുമായി ആരോഗ്യവകുപ്പ് അധികൃതർ രംഗത്തുണ്ടെങ്കിലും രോഗവ്യാപനം കുറയുന്നില്ല. നിലവിൽ രാമപുരം പഞ്ചായത്തിൽ 15 പേർ രോഗബാധിതരാണ്. ഡോക്ടർമാർക്ക് രോഗം വന്നതോടെ പഞ്ചായത്തിലെ സ്വകാര്യആശുപത്രി അടച്ചു.
പള്ളിയോടു ചേർന്നുള്ള ആശുപത്രിയിലെ ഡോക്ടർമാർക്കും കോൺവെന്റിലുള്ളവർക്കുമാണ് രോഗം ആദ്യം വന്നത്. പള്ളിയിലെ കിണറ്റിൽ മാലിന്യം കലർന്നതാണ് മഞ്ഞപ്പിത്തം വ്യാപിക്കാൻ കാരണമെന്നാണ് കരുതുന്നത്. പരിശോധനയിൽ കിണർ വെള്ളത്തിൽ ഇ കോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി.
ഡിസംബർ മുതലാണ് മഞ്ഞപ്പിത്തം പടരാൻ തുടങ്ങിയത്. ജനുവരി രണ്ടാംവാരം അവസാനം പെരുന്നാൾ പ്രദക്ഷിണത്തിൽ പങ്കെടുത്തവർക്ക് പള്ളിയിൽനിന്ന് വെള്ളം വിതരണം ചെയ്തിരുന്നു. ഇവർക്കും രോഗം ബാധിച്ചു. വിവരമറിഞ്ഞ് ഗവ. ആശുപത്രിയിൽനിന്ന് ആരോഗ്യവിഭാഗം പരിശോധനക്കെത്തിയപ്പോഴാണ് കിണറ്റിലെ വെള്ളം കുടിച്ചവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചതെന്ന് വ്യക്തമായത്. തുടർന്ന് കിണറ്റിലെയും ഫിൽറ്ററിലെയും വെള്ളം പരിശോധിച്ചപ്പോൾ മനുഷ്യവിസർജ്യത്തിൽ കാണുന്ന ബാക്ടീരിയകളുടെ സാന്നിധ്യം വ്യക്തമായി.
പള്ളിയുടെ കിണറിനു സമീപത്തുകൂടിയാണ് സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പ് കടന്നുപോകുന്നത്. ഈ ഭാഗം തുറന്നുപരിശോധിച്ചപ്പോൾ മാലിന്യം കിണറ്റിൽ കലരുന്നതായി കണ്ടെത്തി. ചോർച്ച അടച്ച് വെള്ളം വറ്റിക്കുകയും രണ്ടുതവണ സൂപ്പർക്ലോറിനേഷൻ നടത്തുകയും ചെയ്തതായി ആരോഗ്യവിഭാഗം പറഞ്ഞു. ശേഷം പരിശോധിച്ച നാലു സാമ്പിളുകളും ബാക്ടീരിയമുക്തമാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, പള്ളിക്കിണറ്റിലെ വെള്ളം ഉപയോഗിക്കാത്തവർക്കും രോഗം ബാധിക്കുന്നുണ്ട്. ഇവരിൽനിന്ന് ആരോഗ്യവിഭാഗം വിവരങ്ങൾ ശേഖരിക്കുകയാണ്. ശനിയാഴ്ച ഒരു വീട്ടിൽ അമ്മക്കും മകൾക്കും രോഗം സ്ഥിരീകരിച്ചു.�
രോഗ പ്രതിരോധ നടപടികൾ�
- ആഹാരം കഴിക്കുന്നതിനു മുമ്പും കഴിച്ചശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
- കുഞ്ഞുങ്ങളുടെ കൈയിലെ നഖം വൃത്തിയായി വെട്ടി സൂക്ഷിക്കുക
- മലവിസർജനത്തിനുശേഷം കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക
- തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജനം ചെയ്യാതിരിക്കുക
- കുഞ്ഞുങ്ങളുടെ വിസർജ്യങ്ങൾ സുരക്ഷിതമായി നീക്കുക.
- വീടിന്റെ പരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിക്കുക
- ഈച്ച ശല്യം ഒഴിവാക്കുക
- കന്നുകാലി തൊഴുത്തുകൾ കഴിവതും വീട്ടിൽനിന്ന് അകലെയായിരിക്കണം
- പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക
- ആഹാര സാധനങ്ങൾ അടച്ചു സൂക്ഷിക്കുക.
- പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക
- പഴവർഗങ്ങളും പച്ചക്കറികളും കഴുകി ശേഷം ഉപയോഗിക്കുക.
- കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കഴിയുന്നത്ര കാലം നൽകുക
- കുപ്പിപ്പാൽ ഒഴിവാക്കുക
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക
- വെള്ളം എപ്പോഴും അടച്ചു സൂക്ഷിക്കുക
- കിണറിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കുക
- കിണറിനു ചുറ്റും മതിൽ കെട്ടുക. ഇടക്കിടെ കിണർവെള്ളം ക്ലോറിനേറ്റ് ചെയ്യുക
- പൊതുസ്ഥലങ്ങളിൽനിന്ന് വാങ്ങി കുടിക്കുന്ന ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസും വെള്ളവും ശുദ്ധീകരിച്ചതാണെന്ന് ഉറപ്പാക്കണം
- വ്യവസായിക അടിസ്ഥാനത്തിൽ തയാറാക്കുന്ന ഐസ് ബ്ലോക്കുകൾ പാനീയങ്ങളിൽ ഉപയോഗിക്കരുത്. ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ച് തയാറാക്കുന്ന ക്യൂബ് ഐസ് മാത്രം ഉപയോഗിക്കുക
- കൂടുതൽ പേർക്ക് വയറിളക്കരോഗങ്ങൾ കണ്ടെത്തിയാൽ ഉടൻ ആരോഗ്യ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യുക