
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 300 കോടി കൂടി
February 16, 2025തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്പ്) 300 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 978.54 കോടി രൂപയാണ് പദ്ധതിക്കായി നൽകിയത്. ബജറ്റിലെ വകയിരുത്തൽ 679 കോടിയും അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ 700 കോടി രൂപയും വകിയിരുത്തിയിട്ടുണ്ട്. അതേസമയം കാരുണ്യ പദ്ധതി വഴി സൗജന്യ ചികിത്സ നൽകിയ ഇനത്തിൽ 1128.69 കോടി രൂപയാണ് സർക്കാർ ആശുപത്രികൾക്ക് മാത്രം നൽകാനുള്ളത്. സ്വകാര്യ ആശുപത്രികൾക്കുള്ള കുടിശ്ശിക 269 കോടിയും. ഇപ്പോൾ അനുവദിച്ച 300 കോടി കൊണ്ട് 30 ശതമാനം കുടിശ്ശിക തീർക്കാൻ പോലും കഴിയില്ലെന്നതാണ് സ്ഥിതി.
ആശുപത്രി വികസന ഫണ്ടിൽ നിന്നടക്കം തുക ചെലവഴിച്ച് വാങ്ങിയ മരുന്നുകൾക്കുള്ള കോടികളുടെ കുടിശ്ശിക സർക്കാർ തിരിച്ചടക്കാനുണ്ട്. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് ഉയർന്ന നിരക്കായതിനാൽ സർക്കാർ ആശുപത്രികളിലെത്തുന്നവരുടെ എണ്ണം വർധിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ തന്നെ കണക്ക്.
കുടുംബത്തിന് പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്പിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾക്കാണ് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കാണ് നടത്തിപ്പ് ചുമതല. 1050 രൂപയാണ് ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്.
18.02 ലക്ഷം കുടുംബത്തിന്റെ പ്രീമിയം പൂർണമായും സംസ്ഥാനമാണ് വഹിക്കുന്നത്. 23.97 ലക്ഷം കുടുംബത്തിന്റെ വാർഷിക പ്രീമിയത്തിൽ 418.80 രൂപയും സംസ്ഥാനം വഹിക്കുന്നു. ഇത്രയും കുടുംബത്തിന്റെ പ്രീമിയത്തിന്റെ ബാക്കി ഭാഗമാണ് കേന്ദ്രവിഹിതമുള്ളത്.�