
കുട്ടികളിലെ മൊബൈല്‍ അഡിക്ഷന്; പരിഹാരമാര്‍ഗങ്ങള്‍
February 16, 2025ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ വിനോദവും വിജ്ഞാനവും സൗകര്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് മൊബൈല്‍ ഡിവൈസുകള്‍ നമ്മുടെ ജീവിതത്തിന്റെ അഭിവാജ്യ ഘടകമായി മാറിക്കഴിഞ്ഞു. എങ്കിലും, മൊബൈല്‍ സ്ക്രീനുകള്‍ക്ക് മുമ്പില്‍ അമിതമായി സമയം ചെലവഴിക്കുന്നത് കുട്ടികള്‍ക്കിടയിലെ മൊബൈല്‍ അഡിക്ഷന് എന്ന വലിയൊരു ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഈ അഡിക്ഷന് കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യത്തെ മാത്രമല്ല ബാധിക്കുക. സാമൂഹ്യമായ അവരുടെ കഴിവുകളെയും അക്കാദമിക മികവിനെയും മൊത്തത്തിലുള്ള ജീവിതത്തെയും ബാധിക്കും.
ശാരീരിക ആരോഗ്യ പ്രശ്നങ്ങള്‍
ദീര്‍ഘനേരം സ്ക്രീനിന് മുമ്പില്‍ ചെലവഴിക്കുന്നത് ശാരീരിക ഘടനയെയും കണ്ണുകളുടെ ആരോഗ്യത്തെയും ബാധിക്കുകയും ഉറക്കക്കുറവിന് ഇടയാക്കുകയും ചെയ്യും. കായികമായ പ്രവര്‍ത്തനങ്ങളുടെ അഭാവം പൊണ്ണത്തടിയ്ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കും. മാനസികവും വൈകാരികവുമായ ആരോഗ്യത്തെ ബാധിക്കും. മൊബൈലിന്റെ അമിതമായ ഉപയോഗം വിഷാദം, ഉത്കണ്ഠ, മുന്‍കോപം എന്നിവയിലേക്ക് നയിക്കും. സ്ഥിരമായി ഡിജിറ്റല്‍ കണ്ടന്റുകളുമായി ഇടപഴകുന്നത് ശ്രദ്ധയും ധാരണാശക്തിയും കുറയുന്നതിനിടയാക്കാം.
അക്കാദമികമായ തകര്‍ച്ച
മൊബൈല്‍ സ്ക്രീനുകള്‍ക്ക് അടിമകളായ കുട്ടികള്‍ക്ക് പലപ്പോഴും ശ്രദ്ധയും ഉല്പാദന ക്ഷമതയും കുറയും. മൊബൈല്‍ ഫോണുകള്‍ അമിതമായി ഉപയോഗിക്കുന്നത് പഠനത്തില്‍ താല്പര്യം കുറയാനും അക്കാദമികമായ പ്രകടനം താഴാനും ഇടയാക്കാം.
സാമൂഹ്യവും പെരുമാറ്റപരവുമായ സ്വാധീനം�
അമിതമായി സ്ക്രീനിന് മുമ്പില്‍ സമയം ചെലവഴിക്കുന്നത് യഥാര്‍ത്ഥ ലോകവുമായുള്ള ഇടപെടലുകള്‍ കുറയ്ക്കും. സാമൂഹികമായ കഴിവുകളെ ഇത് ബാധിക്കുകയും ചെയ്യും. അനുയോജ്യമല്ലാത്ത കണ്ടന്റുകളിലൂടെ കടന്നുപോകുന്നത് കുട്ടികളില്‍ അക്രമണാത്മക സ്വഭാവം വളരുന്നതിനിടയാക്കാം.
കുട്ടികളിലെ മൊബൈല്‍ അഡിഷനെ എങ്ങനെ മറികടക്കാം
മൊബൈല്‍ സ്ക്രീനിന് മുമ്പില്‍ ചെലവഴിക്കേണ്ട സമയത്തിന് പരിധി നിശ്ചയിക്കുക. ഓണ്‍ലൈന്‍, ഓഫ്ലൈന് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ബാലന്‍സ് ഉറപ്പുവരുത്തിക്കൊണ്ട് ദൈനംദിന സ്ക്രീന്‍ ഉപയോഗം സംബന്ധിച്ച് വ്യക്തമായ നിയമങ്ങളുണ്ടാക്കുക. ഇടവേളകളെടുക്കാനും പുറത്തുള്ള മറ്റ് കാര്യങ്ങളില്‍ ഏര്‍പ്പെടാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ഇതര പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക. വായന, ചിത്രം വരയ്ക്കല്‍, കായിക പ്രവര്‍ത്തനങ്ങള്‍, സംഗീത ഉപകരണങ്ങള്‍ വായിക്കല്‍ എന്നിങ്ങനെയുള്ള ഹോബികള്‍ പ്രോത്സാഹിപ്പിക്കുക. കുടുംബബന്ധം ഊട്ടിയുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെക്കൂടി പങ്കാളികളാക്കുന്നതിലൂടെ മൊബൈല്‍ സ്ക്രീനുകളെ ആശ്രയിക്കുന്നത് കുറയ്ക്കാം. കുട്ടികള്‍ക്ക് മാതൃകയായി നിന്നുകൊണ്ട് അവരെ നയിക്കാം. സ്വന്തം മൊബൈല്‍ ഉപയോഗം പരിമിതപ്പെടുത്തി രക്ഷിതാക്കള്‍ ആരോഗ്യകരമായ മൊബൈല്‍ ഉപയോഗ ശീലങ്ങള്‍ക്ക് മാതൃകയാകണം. കുടുംബവുമൊത്ത് ആഹാരം കഴിക്കുമ്പോഴും ഉറങ്ങാന്‍ കിടക്കുമ്പോഴും മൊബൈല്‍ പോലുള്ള ഉപകരണങ്ങളെ അടുപ്പിക്കരുത്.
രക്ഷാകര്‍ത്താക്കളുടെ നിയന്ത്രണം വേണം
പാരന്റല്‍ കണ്ട്രോള് ആപ്പുകളുടെ സഹായത്തോടെ സ്ക്രീനുകള്‍ക്ക് മുമ്പില്‍ ചെലവഴിക്കുന്ന സമയം നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക. പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കങ്ങളേ കുട്ടികള്‍ക്ക് ലഭിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തുക. ഡിജിറ്റലായ ശ്രദ്ധതിരിയലുകളിലേക്ക് കുട്ടികള്‍ വലിയതോതില്‍ എത്തപ്പെടുന്ന സാഹചര്യം ഒഴിവാക്കുക. ആരോഗ്യകരമായ ഉറക്ക ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുക. നല്ല ഉറക്കത്തിനായി ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂര്‍ മുമ്പെങ്കിലും സ്ക്രീൻ ഉപയോഗം നിർത്തുക. ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള സമയത്ത് സ്ക്രീനില്‍ നോക്കിയിരിക്കുന്നതിന് പകരമായി കഥ പറയുന്നതോ എന്തെങ്കിലും വായിക്കുന്നതോ ശീലമാക്കാന്‍ പ്രോത്സാഹിപ്പിക്കുക.
പറഞ്ഞ് മനസിലാക്കിക്കാം
മൊബൈല്‍ അഡിക്ഷന്റെ ദോഷഫലങ്ങളെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടത്തണം. ആരോഗ്യകരമായ മൊബൈല്‍ ഉപയോഗം സംബന്ധിച്ചും ഡിജിറ്റല്‍ ഡിറ്റോക്സിന്റെ പ്രാധാന്യം സംബന്ധിച്ചും കുട്ടികളെ ബോധവാന്മാരാക്കുക. പുറത്തിറങ്ങിയുള്ള സാമൂഹ്യമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക. കായിക പ്രവര്‍ത്തനങ്ങളായ സ്പോര്‍ട്സ്, പ്രകൃതിഭംഗി ആസ്വദിക്കാനുള്ള യാത്രകള്‍ എന്നിവയില്‍ കുട്ടികളെ പങ്കാളികളാക്കുക. ഒരുമിച്ചുള്ള കളികള്‍, കമ്മ്യൂണിറ്റി പരിപാടികള്‍, ടീമുകളായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ കൂട്ടായ ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുക. സര്‍ഗാത്മകവും പഠനസഹായകരവുമായ ഇതര ഡിജിറ്റല്‍ ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുക. സംവേദനാത്മക പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന പഠന ആപ്പുകളും ഡിജിറ്റല്‍ ലേണിങ് ടൂളുകളും പരിചയപ്പെടുത്തുക. വിനോദ ഉള്ളടക്കങ്ങള്‍ പരിമിതപ്പെടുത്തി വിജ്ഞാനവും വൈദഗ്ധ്യവും വളര്‍ത്തുന്ന മാധ്യമങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.
ആവശ്യമെങ്കില്‍ പ്രഫഷണലായി�സഹായം തേടാം
മൊബൈല്‍ അഡിക്ഷന് കുട്ടികളുടെ ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിക്കുകയാണെങ്കില്‍ ഒരു ചൈല്‍ഡ് സൈക്കോളജിസ്റ്റിന്റെയോ കൗണ്‍സിലറുടെയോ സഹായം തേടാവുന്നതാണ്.� നേരത്തെയുള്ള ഇടപെടലകള്‍ മൊബൈല്‍ അഡിക്ഷന് ഗുരുതരമാകുന്നതിന് മുമ്പുതന്നെ ആരോഗ്യകരമായ ശീലങ്ങളിലേക്ക് കുട്ടികളെ തിരികെ കൊണ്ടുവരാന്‍ സഹായിക്കും. കുട്ടികളിലെ മൊബൈല്‍ അഡിക്ഷന് വര്ധിച്ചുവരന്ന ആശങ്കയാണ്. ബോധപൂര്‍വ്വമായ ശ്രമങ്ങളിലൂടെയും അനുയോജ്യമായ മാര്‍ഗനിര്‍ദേശങ്ങളിലൂടെയും കാര്യക്ഷമമായി അതിനെ ഇല്ലാതാക്കാവുന്നതാണ്.
പരിധികള്‍ നിശ്ചയിച്ചും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രോത്സാഹിപ്പിച്ചും ആരോഗ്യകരമായ ഡിജിറ്റല്‍ ബാലന്‍സ് വളര്‍ത്തിയെടുത്തും ശരിയായ സ്ക്രീന്‍ ശീലങ്ങളിലേക്ക് എത്താൻ രക്ഷിതാക്കള്‍ക്ക് കുട്ടികളെ സഹായിക്കാവുന്നതാണ്. മൊബൈല്‍ ഉപകരണങ്ങള്‍ ഇല്ലാതാക്കുകയെന്നതല്ല നമ്മുടെ ലക്ഷ്യം, മറിച്ച് അവ ശ്രദ്ധയോടെ ഉപയോഗിക്കുകയാണ്. സാങ്കേതിക വിദ്യയെ അമിതമായി ആശ്രയിക്കുന്നതിന് പകരം അത് നമ്മുടെ വളര്‍ച്ചയ്ക്കുള്ള ഉപകരണമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്.