
വേദനകൾ നിറയുന്ന വിശ്രമജീവിതം
February 16, 2025നമ്മുടെ രാജ്യത്തെ വയോധികരിൽ ചെറുതല്ലാത്ത ഒരു വിഭാഗം ഏറിയും കുറഞ്ഞും പലവിധത്തിലുള്ള പീഡനങ്ങൾ അനുഭവിക്കുന്നുണ്ട് എന്നതാണ് സത്യം. വീടുകളിൽ നിന്നും കുടുംബങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ഇവർ മാനസികവും ശാരീരികവുമായി പീഡനങ്ങൾക്ക് ഇരയാവുന്നുണ്ടെന്ന് ദിനംപ്രതിയുള്ള വാർത്തകൾ ശ്രദ്ധിച്ചാൽ മനസ്സിലാവും.
നിർഭാഗ്യവശാൽ ഈ വിഷയം ഇനിയും നമ്മുടെ പൊതുസമൂഹം വേണ്ടത്ര ചർച്ചചെയ്യുകയോ, ഇത്തരം സംഭവങ്ങൾ രാജ്യത്ത് കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുകയോ ചെയ്യുന്നില്ല.
അവഗണന മുതൽ ശാരീരികമായ ആക്രമണങ്ങൾക്ക് വരെ മുതിർന്ന പൗരന്മാർ ഇരയാകുന്നുണ്ടെങ്കിലും അവയെല്ലാം പരാതികളായി പുറത്തുവരാറില്ല . സാമ്പത്തിക ചൂഷണത്തിന് ഇരയാവുന്നവരും വൈകാരിക പീഡനങ്ങൾക്ക് ഇരയാവുന്നവരും കുറവല്ല. അഭിമാനവും കുടുംബത്തിന്റെ അന്തസ്സും തകരുമെന്ന ഭയംമൂലം ഇത്തരം സംഭവങ്ങൾ ഭൂരിപക്ഷവും പുറത്തേക്ക് പറയാറില്ല.
ഞെട്ടിക്കുന്ന കണക്കുകൾ
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ പ്രായമായവരിൽ ആറിൽ ഒരാൾ എതെങ്കിലും തരത്തിലുള്ള പീഡനങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നു എന്നതാണ്. മുതിർന്നവരോടുള്ള സ്നേഹബഹുമാനങ്ങൾ പാരമ്പര്യത്തിൽ അലിഞ്ഞുചേർന്ന നമ്മുടെ നാട്ടിൽ സ്ഥിതി കുറേക്കുടി ഗൗരവമേറിയതാണ്.
40 വർഷമായി ഇന്ത്യയിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ‘ഹെൽപ്പ് ഏജ് ഇന്ത്യ’ എന്ന സന്നദ്ധ സംഘടന നടത്തിയ സർവെയിൽ ഞെട്ടിക്കുന്ന കണക്കുകളാണുള്ളത്. സർവ്വെയിൽ പങ്കെടുത്ത 50 ശതമാനം വയോധികരും തങ്ങൾ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾ അനുഭവിക്കുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്.
പീഡനങ്ങൾ പലവിധം
മുതിർന്ന വ്യക്തികൾ നേരിടുന്ന ബുദ്ധിമുട്ടുകളിൽ ഏറ്റവും പ്രധാനമയത് വൈകാരിക പീഡനങ്ങളാണ്. വാർദ്ധക്യത്തിൽ സംരക്ഷിക്കേണ്ട മക്കൾ അടക്കമുള്ള കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കൾ, അയൽക്കാർ, സമൂഹത്തിൽ ഇവർ ഇടപെടുന്ന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ഒറ്റപ്പെടുത്തൽ, അവഗണന തുടങ്ങിയ മാനസികമായി വേദനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പെരുമാറ്റങ്ങൾ ഇവർ അനുഭവിക്കേണ്ടിവരുന്നുണ്ട്.
പ്രായത്തിന്റെ അവശതകൾക്ക് പുറമെ ശാരീരിക പീഡനങ്ങളുംഅനുഭവിക്കേണ്ടിവരുന്നു. മോശമായ കുടുംബാന്തരീക്ഷത്തിൽ കഴിയുന്നവരാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നേരിടുന്നവരിൽ അധികവും. മർദ്ദനം, മുറിവേൽപ്പിക്കൽ, പട്ടിണിക്കിടൽ, പൊള്ളലേൽപ്പിക്കൽ, വീടിന് പുറത്താക്കൽ, വഴിയിൽ ഉപേക്ഷിക്കൽ തുടങ്ങിയവ നമ്മുടെ നാട്ടിൽ കുറവല്ല. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, വൈദ്യസഹായം എന്നിവ നിഷേധിക്കുന്നതും ശാരീരി പീഡനം തന്നെയാണ്. പ്രശസ്തമായ ചില ആരാധനാലയങ്ങളുടെ പരിസരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിരവധി വയോധികരെ കാണാം.
സാമ്പത്തികമായി ഉയർന്ന സാഹചര്യത്തിൽ ജീവിക്കേണ്ടിവരുന്ന വയോധികർ അനുഭവിക്കേണ്ടിവരുന്ന പീഡനമാണ് സാമ്പത്തികമായ ചൂഷണം. സ്വത്ത്, ബാങ്ക് നിക്ഷേപം തുടങ്ങിവയുടെ രേഖകളിൽ ബലംപ്രയോഗിച്ചോ പലവിധ സമ്മർദ്ദങ്ങൾ ഉപയോഗിച്ചോ ഒപ്പ് വെപ്പിക്കൽ, ആഭരണങ്ങളും മറ്റും പിടിച്ചുവാങ്ങൽ, കുടുംബ സ്വത്തിൽ നിന്നുള്ള ആദായങ്ങൾ നിഷേധിക്കൽ എന്നിവയെല്ലാം ഇതിൽപെടുന്നതാണ്.
നിരവധി കാരണങ്ങൾ
ഇത്തരം പ്രതിസന്ധികൾക്ക് കാരണം അടുത്തകാലത്തായി മാറിവരുന്ന കുടുംബഘടനകൾ തന്നെയാണ്. പരമ്പരാഗത കൂട്ടുകുടുംബ വ്യവസ്ഥിതിയെ ഇല്ലാതാക്കി രൂപംകൊണ്ട അണുകുടുംബ അന്തരീക്ഷമാണ് പ്രധാന കാരണം.
അണുകുടുംബങ്ങളിൽ പ്രായമായവർ ഒറ്റപ്പെടുകയും ദുർബലരാക്കപ്പെടുകയും ചെയ്യുന്നതായി സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാവും. പലപ്പോഴും സാമ്പത്തിക ആവശ്യങ്ങൾക്ക് മക്കളെയോ ബന്ധുക്കളെയോ ആശ്രയിക്കുന്ന പ്രായമായ മാതാപിതാക്കൾ ഇത്തരം അവഗണനയോ അപമാനമോ നേരിടേണ്ടി വന്നേക്കാം.
വയോജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളും സന്നദ്ധസംഘടനകളും ദുർബലമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. സമൂഹത്തിൽ നിന്നുള്ള പിന്തുണയുടെ കുറവ്, കുറഞ്ഞ സാമ്പത്തിക ലഭ്യത, കുടുംബങ്ങളിൽ ഇടപെടാനുള്ള പരിമിതികൾ എന്നിവയെല്ലാം ഇവർ നേരിടുന്ന പ്രശ്നങ്ങളാണ്. വയോജനങ്ങൾക്കുള്ള ഹെൽപ്പ് ലൈനുകളും സംരക്ഷണ കേന്ദ്രങ്ങളും ആനുപാതികമായി നമ്മുടെ നാട്ടിൽ വളരെ കുറവാണ് എന്നതും കാണാതിരുന്നുകൂട.
പ്രശ്നപരിഹാരത്തിനുള്ള വലിയ വെല്ലുവിളികളിലൊന്നാണ് ഇത്തരം പീഡനങ്ങളെക്കുറിച്ച് പരാതിപ്പെടാതിരിക്കുന്ന കുടുംബ-സാമൂഹികഘടന. പ്രതികാര നടപടികളുണ്ടാവുമോ എന്ന ഭയം, കുടുംബത്തിന്റെ അന്തസ്സ് നഷ്ടപ്പെടുമോ എന്ന ആശങ്ക, ദുരഭിമാനം, നിയമസംരക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, നിയമത്തിലെ പഴുതുകൾ, നിയമ സംവിധാനങ്ങൾ സ്വാധീനങ്ങൾക്കും അഴിമതിക്കും വഴിപ്പെടൽ തുടങ്ങി നിരവധി പ്രതിസന്ധികളാണ് മുതിർന്നവരുടെ പ്രശ്നപരിഹാരത്തിനുള്ള മാർഗ്ഗത്തിൽ നേരിടേണ്ടിവരിക. വാർദ്ധക്യത്തോടുള്ള സാമൂഹിക മനോഭാവംതന്നെയാണ് ഇതിനെല്ലാം അടിസ്ഥാനം.
കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യം
സർക്കാറും സമൂഹവും ചേർന്ന് പലവിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയേ പറ്റൂ. ആദ്യം ചെയ്യേണ്ടത് വ്യാപകമായ ബോധവത്കരണമാണ്. മുതിർന്നവരുടെ അവകാശങ്ങളെക്കുറിച്ച് ആ വിഭാഗത്തിൽപ്പെട്ടവർക്കും അത് നിഷേധിക്കുന്നവർക്കുള്ള ശിക്ഷകളെയും മറ്റുമുള്ള കാര്യങ്ങളെകുറിച്ച് സമൂഹത്തിന് മൊത്തത്തിലും ഫലപ്രദമായ ബോധവത്കരണം ആവശ്യമാണ്.
ഇതിന് പുറമെ പ്രായമേറിയവർക്ക് നൽകേണ്ട സംരക്ഷണം, ബഹുമാനം, സ്നേഹം എന്നിവയെക്കുറിച്ച് മൂല്യങ്ങളിൽഅധിഷ്ഠിതമായ ബോധവത്കരണവും ആവശ്യമുണ്ട്. മതസംഘടനകൾക്കും റസിഡൻസ് അസോസിയേഷനുകൾക്കും ഇക്കാര്യത്തിൽ കാര്യമായ പങ്ക് വഹിക്കാൻ കഴിയും.
വീട്ടിലും സമൂഹത്തിലുമുള്ള വയോധികരോട് സഹാനുഭൂതിയും പരസ്പര ബഹുമാനവും വളർത്തുന്നതിന് സ്കൂൾതലം മുതലുള്ള പാഠ്യഭാഗങ്ങളിൽ ഇത്തരം മൂല്യങ്ങൾ ഉൾക്കൊള്ളുന്ന വിഷയങ്ങൾ ഉൾപ്പെടുത്തുകയും വേണം.
കൂടാതെ വയോജനങ്ങൾക്കുള്ള സംരക്ഷണം ഉറപ്പാക്കുന്ന നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും നിലവിലുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും വേണം.
പിഡനങ്ങൾക്കിരയാകുന്നവർക്ക് ആവശ്യമായ പിന്തുണയും നിയമസഹായവും പുനരധിവാസവും നൽകുന്നതിനുള്ള സംവിധാനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കണം.
സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ഘടകങ്ങളിൽ വേരൂന്നിയ ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ, പൊതു സമൂഹം, സന്നദ്ധ സംഘടനകൾ, മതസംഘടനകൾ തുടങ്ങിയവയുടെ യോജിച്ച ശ്രമങ്ങൾ ആവശ്യമാണ്. ഇത്തരം കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ വാർദ്ധക്യത്തെ ബഹുമാനിക്കുന്ന ഒരു സമൂഹത്തെ നമുക്ക് സൃഷ്ടിക്കാൻ കഴിയൂ.
(ലേഖകൻ കോഴിക്കോട്ടെ മനോരോഗവിദഗ്ധനും ചേതന സെന്‍റർ ഫോർ ന്യൂറോ സൈക്യാട്രി ഡയറക്ടറുമാണ്)