
ചികിത്സപ്പിഴവ്: രോഗികളുടെ അപ്പീൽ പരിഗണിക്കാൻ എൻ.എം.സി
February 4, 2025ന്യൂഡൽഹി: ചികിത്സപ്പിഴവുമായി ബന്ധപ്പെട്ട് രോഗികൾക്ക് ഇനിമുതൽ ദേശീയ മെഡിക്കൽ കമീഷനിൽ (എൻ.എം.സി) അപ്പീൽ നൽകാം. ഇതുസംബന്ധിച്ച നിർണായക നയംമാറ്റത്തിന് കമീഷൻ യോഗം അംഗീകാരം നൽകി. രോഗികളുടെയും ബന്ധുക്കളുടെയും പരാതികൾ പരിഗണിക്കാനാവില്ലെന്ന കമീഷൻ നിലപാടിൽ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു.
ജോലിയിലെ പെരുമാറ്റദൂഷ്യം, ചികിത്സപ്പിഴവ് തുടങ്ങി ഡോക്ടര്‍മാരുടെ പേരിലുള്ള പരാതികളില്‍ സംസ്ഥാന കൗൺസിൽ നടപടികളിൽ അതൃപ്തിയുള്ള പക്ഷം രോഗികൾക്കോ ബന്ധുക്കൾക്കോ ദേശീയ മെഡിക്കല്‍ കമീഷനില്‍ അപ്പീല്‍ നല്‍കാമെന്ന തീരുമാനത്തിന് 2024 സെപ്റ്റംബർ 23ന് ചേർന്ന എൻ.എം.സി യോഗമാണ് അംഗീകാരം നൽകിയത്. പയ്യന്നൂരിലെ നേത്രരോഗവിദഗ്ധനും മെഡിക്കല്‍ ആക്ടിവിസ്റ്റുമായ ഡോ. കെ.വി. ബാബുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച എൻ.എം.സി യോഗത്തിന്റെ മിനിറ്റ്സ് രേഖകളിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. കമീഷൻ തീരുമാനം വരുംദിവസങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് കരുതുന്നതെന്ന് ഡോ. കെ.വി. ബാബു പറഞ്ഞു.
നേരത്തേ, ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ നിലവിലുണ്ടായിരുന്നപ്പോള്‍ ഡോക്ടര്‍മാരെക്കുറിച്ചുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാമായിരുന്നു. എന്നാല്‍, 2019ൽ ദേശീയ മെഡിക്കല്‍ കമീഷന് പ്രാബല്യത്തില്‍ വന്നതോടെ ഡോക്ടര്‍മാർ മാത്രമേ നേരിട്ട് പരാതികളുമായി കമീഷനെ സമീപിക്കാന്‍ പാടുള്ളൂവെന്ന ചട്ടം കൊണ്ടുവന്നു. ഇതേത്തുടർന്ന് ദേശീയതലത്തില്‍ രോഗികളുന്നയിച്ച നൂറോളം പരാതികൾ കമീഷൻ നിരാകരിച്ചിരുന്നു.
ഈ നിയമത്തിൽ വിശാലമായ മാനദണ്ഡങ്ങൾ രൂപവത്കരിക്കാത്തതുകൊണ്ടുതന്നെ മുമ്പ് സുപ്രീംകോടതി വിധിയനുസരിച്ചുള്ള നടപടികൾ തുടരാനാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനം.