
മുട്ടുവേദന അലട്ടുന്നുണ്ടോ?
February 2, 2025പ്രായമേറിയവരിൽ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് കാൽമുട്ടുവേദന. പലവിധ കാരണങ്ങൾകൊണ്ട് മുട്ടുവേദന വരാം. പ്രായമേറുംതോറും വെറുതെ ഇരിക്കേണ്ട എന്ന ചിന്തയോടെ അമിത വ്യായാമത്തിലും കായിക ഇനത്തിലും ഏർപ്പെടുന്നവർക്ക് ദിവസങ്ങൾക്കുള്ളിൽ തന്നെ മുട്ടുവേദന വരുന്നത് കാണാം. പരിക്ക്, സന്ധിവാതം, അണുബാധ എന്നിവ കാരണവും മുട്ടുവേദന വരാം.�
ലിഗ്മെന്റ് പ്രശ്നം
കളിക്കാർക്കും അമിത വ്യായാമം ചെയ്യുന്നവർക്കും വരുന്ന പ്രശ്നമാണ് ലിഗ്മെന്റ് സംബന്ധമായ വേദന. ലിഗ്മെന്റിന് പരിക്ക് സംഭവിച്ചാൽ കടുത്ത വേദന അനുഭവപ്പെടുന്നതാണ് ആദ്യ ലക്ഷണം. കൂടാതെ, ഇവിടെ നീരുവെക്കുകയും ചെയ്യും.
നടക്കാനും പടികൾ കയറാനുമെല്ലാം പ്രയാസമനുഭവപ്പെടും. ലിഗ്മെന്റിനുണ്ടാകുന്ന ചെറിയ പരിക്കുകൾ അവഗണിക്കുന്നത് സന്ധിയിൽ തേയ്മാനം, തുടർച്ചയായ വേദന എന്നിവക്ക് കാരണമാകും.
പെട്ടെന്ന് പരിക്ക് സംഭവിക്കുകയും അസ്സഹനീയ വേദന അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ കാൽമുട്ടിന്റെ ഭാഗത്ത് ഐസ് വെക്കുന്നത് ഗുണം ചെയ്യും. ശേഷം ഉടൻതന്നെ വിദഗ്ധ ഡോക്ടറെ സമീപിക്കണം. ചെറിയ പരിക്കാണെങ്കിൽ കൃത്യമായ മരുന്നുകളിലൂടെ പരിഹരിക്കാം. മരുന്നുകൾക്കൊപ്പം ഫിസിയോതെറപ്പി പോലുള്ളവയും ചെയ്യാം. പരിക്കുകൾ സാരമാണെങ്കിൽ വിശദമായ പരിശോധന ആവശ്യമായി വരും.
വാതസംബന്ധമായ അസുഖങ്ങൾ, പ്രമേഹം എന്നിവക്ക് മരുന്ന് കഴിക്കുന്നവർ, ജന്മനാ ലിഗ്മെന്റ് ബലക്ഷയമുള്ളവർ, സ്റ്റിറോയ്ഡ് മരുന്നുകൾ പതിവായി കഴിക്കുന്നവർ തുടങ്ങിയവരിൽ ലിഗ്മെന്റ് പരിക്കുകൾ സംഭവിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഇത്തരം ആളുകൾ കായിക ഇനങ്ങളിൽ പങ്കെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
വേദന ഒഴിവാക്കാൻ
പ്രോട്ടീൻ, വിറ്റാമിൻ ഡി, സി തുടങ്ങിയവ ധാരാളമായി അടങ്ങിയ ഭക്ഷങ്ങൾ കഴിക്കുന്നത് നല്ലതാണ്. ആവശ്യത്തിന് പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കോളാജൻ ഉൽപാദനം വർധിപ്പിക്കുന്നതിനും ഇതുവഴി ലിഗ്മെന്റിന്റെ ഉൾപ്പെടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സാധിക്കും. ഐസ് പാക്കുകള്‍ 15- 20 മിനിറ്റ് വരെ മുട്ടില്‍ വെച്ച് തടവുന്നത് നീർവീക്കവും മുട്ടുവേദനയും കുറക്കാന്‍ സഹായിക്കും. ഹോട്ട് ബാഗ് ഉപയോഗിക്കുന്നതിലൂടെയും വേദനക്ക് ആശ്വാസം കണ്ടെത്താം. മുട്ടിന് കൃത്യമായ താങ്ങുകിട്ടുന്ന തരം ചെരിപ്പുകള്‍ ഉപയോഗിക്കുക. ഹൈഹീലുകൾ, പെട്ടെന്ന് തെന്നിവീഴുന്ന തരം ചെരിപ്പുകൾ ഒഴിവാക്കുക.
അധികനേരം ഇരിക്കാതിരിക്കുക
ഒരേ ഇരിപ്പ് ഇരിക്കുന്നവരിൽ സാധാരണയായി കണ്ടുവരുന്നതാണ് മുട്ടുവേദന. സന്ധിവേദനയും മുട്ടുവേദനയിലേക്കെത്താം. ഒരേയിരിപ്പ് ഇരിക്കാതെ ഇടക്കിടെ എഴുന്നേറ്റ് നടക്കണം. കൂടാതെ, സ്ട്രച്ചിങ് വ്യായാമങ്ങളും ചെയ്യാം. നീന്തൽ, സൈക്കിൾ ചവിട്ടൽ തുടങ്ങിയവ ചെയ്താൽ മുട്ടുവേദന കുറക്കാനാകും.
അമിതവണ്ണം വില്ലനാകാം
അമിത വണ്ണം ചിലരിൽ മുട്ടുവേദന ഉണ്ടാക്കിയേക്കാം. കാലുകളിലേക്ക് അമിത ഭാരം എത്തുന്നതുമൂലമാണ് ഇങ്ങനെ സംഭവിക്കുക. കൂടാതെ, കാൽമുട്ടിന് ഉറപ്പില്ലാത്തതായും തോന്നാം. നടക്കുമ്പോഴും പടികൾ കയറുമ്പോഴുമെല്ലാം വേദനയുണ്ടാകാം. ശരീരഭാരം കുറക്കുകയെന്നതാണ് പോംവഴി. കാൽമുട്ടിന് നേരത്തേതന്നെ പരിക്കേറ്റിട്ടുണ്ടെങ്കിൽ വീണ്ടും പരിക്കേൽക്കാനുള്ള സാധ്യതകൂടും.�
ഡോക്ടറെ കാണണം
മുട്ടുവേദന കഠിനമാണെങ്കിലും ദിവസങ്ങളോളം നീണ്ടാലോ വിദഗ്ധ ഡോക്ടറെ സമീപിക്കണം. സ്വയം ചികിത്സ പാടില്ല. ഐസ് വെക്കുന്നതിലൂടെയും ഹോട്ട്ബാഗ് ഉപയോഗിക്കുന്നതിലൂടെയും വേദനക്ക് ശമനം ലഭിച്ചേക്കാം. എന്നാൽ, ദീർഘനാളായുള്ള വേദനകൾക്ക് ആരോഗ്യവിദഗ്ധരെ കണ്ട് ചികിത്സിക്കണം. ഇല്ലെങ്കിൽ വേദന കൂടുതൽ സങ്കീർണമായേക്കാം.
ടർഫിലെത്തുമ്പോൾ ശ്രദ്ധിക്കണം
കായിക ഇനങ്ങളിൽ മുൻപരിചയമില്ലാത്തവർ അശാസ്ത്രീയമായ രീതിയിൽ കളികളിൽ ഏർപ്പെടുന്നതിലൂടെ മുട്ടുവേദന ഉണ്ടായേക്കാം. മധ്യവയസ്സിന് മുകളിലുള്ളവരാണ് അധികവും കൃത്യമായ മുൻകരുതലും പരിശീലനവുമില്ലാതെ കായിക ഇനങ്ങളിൽ ഏർപ്പെടുന്നത്. ശരിയായി വാംഅപ് ചെയ്തശേഷം മാത്രം കളിക്കണം. അനുയോജ്യമായ പാദരക്ഷകൾ ഉപയോഗിക്കാനും ശ്രദ്ധിക്കണം. പെട്ടെന്ന് കഠിന വ്യായാമം ചെയ്യുന്നത് മുട്ടുവേദനയുണ്ടാക്കാം. മുട്ടുവേദന വന്നാൽ അത്തരം വ്യായാമങ്ങൾ നിർത്തിവെച്ച് വിശ്രമിക്കണം. പെട്ടെന്നൊരു ദിവസം കഠിന വ്യായാമത്തിലേർപ്പെടാതെ ശരീരത്തെ മെരുക്കിയെടുത്ത ശേഷം കഠിന വ്യായാമങ്ങൾ ചെയ്യുക.