
ജേണലിങ്ങിലൂടെ മനസ്സ് തിരിച്ചു പിടിച്ച് സാമന്ത
January 25, 2025ഓട്ടോ ഇമ്യൂൺ രോഗമായ മയോസൈറ്റിസിന്റെ പിടിയിൽ വിഷമിച്ച തനിക്ക് ജേണലിങ് നൽകിയ മാനസിക സൗഖ്യം വളരെയേറെയാണെന്ന് നടി സാമന്ത ഈയിടെ പറയുകയുണ്ടായി. ശരീരത്തിന്റെ പേശികളെ ദുർബലപ്പെടുത്തുന്ന മയോസൈറ്റിസിനോട് പൊരുതാൻ ഉപയോഗിച്ച വിവിധ വഴികളിൽ എളുപ്പവും അതേസമയം പ്രയോജനകരവുമായ ഒന്നായിരുന്നു ജേണലിങ്ങെന്നും നടി പറയുകയുണ്ടായി.
ജേണലിങ്ങിനെ അറിയാം
നമ്മുടെ ചിന്തകളും വികാരങ്ങളും അനുഭവങ്ങളുമെല്ലാം വെറുതെ എഴുതിവെക്കുന്ന ശീലമാണ് ജേണലിങ്. ഒരു നോട്ടുപുസ്തകത്തിലോ ഡയറിയിലോ ഡിജിറ്റലായോ ഒക്കെ ഇതു ചെയ്യാം. സ്വയം പ്രതിഫലനമായി മാറുന്ന ഈ എഴുത്തുകൾ ചിന്തകളെ ക്രോഡീകരിക്കാനും നമ്മുടെ സ്വഭാവത്തിലേക്കും വൈകാരിക അവസ്ഥകളിലേക്കും വെളിച്ചം വീശാനും സഹായിക്കും.
ജേണലിങ് എന്തിനെല്ലാം
നമുക്ക് നമ്മെത്തന്നെ മനസ്സിലാക്കാൻ ജേണലിങ്ങിലൂടെ കഴിയും. ലക്ഷ്യങ്ങളും വെല്ലുവിളികളും തിരിച്ചറിയാൻ സഹായിക്കും. വൈകാരിക അവസ്ഥകളെ നിയന്ത്രിക്കാനും മാനസിക സമ്മർദം, ആധി, വിഷാദം തുടങ്ങിയവയെ കുറക്കാനും സഹായിക്കും. ഭാവനയെ ചിറകുവിടർത്തി പറക്കാൻ ജേണലിങ്ങിന് കഴിയും. സങ്കീർണമായ പ്രശ്നങ്ങളുടെ വിവിധ വശങ്ങൾ മനസ്സിലാക്കാനും പരിഹാരം കാണാനും സഹായിക്കും. നമുക്ക് ലഭിച്ച വിവിധ അനുഗ്രഹങ്ങളുടെ പേരിൽ കൃതജ്ഞത എഴുതിവെക്കുന്നതിലൂടെ പോസിറ്റിവ് ചിന്താഗതി വളരും.
പലവിധമാകാം ജേണലിങ്
എങ്ങനെയെന്നല്ല എന്തെഴുതുന്നു എന്നതിലാണ് കാര്യം. ഇതിലേതു വഴി സ്വീകരിക്കണമെന്ന് ഓരോരുത്തരുടെയും സൗകര്യവും താൽപര്യവും അനുസരിച്ചാണ്. പല രീതികളും ഒന്നിച്ച് സ്വീകരിക്കുന്നവരാണ് ഭൂരിഭാഗവും.�
ഫ്രീ റൈറ്റിങ്: മനസ്സിൽ വരുന്നതെന്തും എഴുതുന്ന വിധം. ഘടനയൊന്നും നിർബന്ധമില്ല.
പ്രോംപ്റ്റഡ് ജേണലിങ്: പ്രത്യേക ചോദ്യങ്ങൾക്ക് ഉത്തരമെന്ന നിലയിൽ എഴുന്നത്.
ഗ്രാറ്റിറ്റ്യൂഡ് ജേണലിങ്: എന്നും നാം കൃതജ്ഞരായിരിക്കേണ്ട സംഗതികൾ എടുത്തെഴുതുന്നത്.
ബുള്ളറ്റ് ജേണലിങ്: ചെയ്യേണ്ട കാര്യങ്ങൾ അടക്കം കൃത്യമായി ആസൂത്രണം ചെയ്ത് രേഖപ്പെടുത്തൽ.
ഡ്രീം ജേണലിങ്: വ്യക്തിപരമായും സൃഷ്ടിപരമായുമുള്ള സ്വപ്നങ്ങൾ രേഖപ്പെടുത്തൽ.