
‘ഗ്ലൂക്കോസ് സ്പൈക്’ ശ്രദ്ധിക്കുക, അതിലാണ് കാര്യം
January 24, 2025രക്തത്തിൽ ഗ്ലൂക്കോസ് അളവ് വർധിപ്പിക്കുന്നവയെന്ന് കാലങ്ങളായി എണ്ണിക്കൊണ്ടിരിക്കുന്ന ഭക്ഷണങ്ങൾ എല്ലാവരിലും ഒരുപോലെയല്ലെന്ന തിരിച്ചറിവിലാണ് ഇന്നത്തെ സോഷ്യൽ മീഡിയ കാലം. ഫാസ്റ്റിങ് ഷുഗർ ലെവലും റാൻഡം ഷുഗർ ലെവലും പരിശോധിച്ചാൽ ഇതു തിരിച്ചറിയില്ലെന്നും കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിങ് വഴിയാണ് കൃത്യമായ വിലയിരുത്തൽ സാധ്യമാകൂ എന്നും വിദഗ്ധർ പറയുന്നു. കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്റർ (സി.ജി.എം) ഉപകരണങ്ങൾ വഴി ഓരോ ഭക്ഷണവും ശരീരത്തിൽ ഗ്ലൂക്കോസ് സ്പൈക്ക് എത്ര എന്ന് വിലയിരുത്തി ഓരോരുത്തർക്കും അനുയോജ്യമായ ഭക്ഷണക്രമം കണ്ടെത്തൽ പുതിയ കാലത്തെ ട്രെൻഡായിരിക്കുകയാണ്.
അന്നജവും പഞ്ചസാരയും അടങ്ങിയ ഭക്ഷണമോ പാനീയമോ കഴിക്കുമ്പോൾ രക്തത്തിൽ പെട്ടെന്ന് ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതിനെയാണ് ഗ്ലൂക്കോസ് സ്പൈക്ക് എന്ന് പറയുന്നത്. ഭക്ഷണത്തിന്റെ സ്വഭാവവും അളവും എത്ര വേഗം ദഹിക്കുന്നു എന്നതും ഒപ്പം ഓരോരുത്തരുടെയും ദഹനപ്രക്രിയയേയും അടിസ്ഥാനപ്പെടുത്തി ഈ കൂടൽ വ്യത്യാസപ്പെട്ടിരിക്കും. മിനിറ്റുകൾക്കിടയിലെ ഗ്ലൂക്കോസ് ലെവൽ മനസ്സിലാക്കിയാൽ ജീവിതശൈലിയിലും ഭക്ഷണത്തിലും മാറ്റം വരുത്തി പ്രമേഹത്തെ തടയാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനായി സി.ജി.എം ഉപകരണങ്ങൾ ഉപയോഗിക്കപ്പെടുന്നത് കൂടി വരുകയുമാണ്