
കെട്ടിപ്പിടിത്തം മുതൽ ‘പുറംചൊറിയൽ’ വരെ
January 3, 2025ശരീരത്തെയും മനസ്സിനെയും പ്രചോദിപ്പിക്കാൻ പ്രകൃതിപരമായുള്ള മസ്തിഷ്ക കെമിക്കൽ സംവേദന ഹോർമോണാണല്ലോ ഡോപമിൻ. സൃഷ്ടിപരമായ കാര്യങ്ങൾ ചെയ്യാനും സന്തോഷമായിരിക്കാനും ഈ ഹോർമോൺ പ്രചോദിപ്പിക്കും. ഡോപമിൻ സ്വാഭാവികമായി ശരീരത്തിൽ സൃഷ്ടിക്കപ്പെടാൻ സഹായിക്കുന്ന കുറേ കാര്യങ്ങളുണ്ട് നമ്മുടെ നിത്യജീവിതത്തിൽ. ഇങ്ങനെ വളരെ കുറഞ്ഞ സമയത്തിൽ, കുറഞ്ഞ പ്രയത്നത്തിലൂടെ സന്തോഷമായിരിക്കാൻ സഹായിക്കുന്ന ചില ടിപ്സ് പരീക്ഷിച്ച് വിജയിച്ചവരുടെ അനുഭവം അറിയാം പുതുവർഷത്തിൽ.
1.പ്രതീക്ഷിക്കാത്ത അവസരത്തിൽ ഒന്നഭിനന്ദിക്കാം
നിങ്ങളുടെയും അഭിനന്ദിക്കപ്പെടുന്നയാളിന്റെയും മൂഡ് ഉയർത്താൻ ഇത് സഹായിക്കും. നിങ്ങൾക്ക് അടുപ്പമുള്ളയാളോ, അപ്പോൾ കണ്ട ഒരാളോ ആകാം. ‘നിങ്ങൾ വളരെ സ്മാർട്ടായിരിക്കുന്നു’ എന്നതു പോലുള്ള വെറും ഔപചാരിക കോംപ്ലിമെന്റ് ആകാത്തതാണ് നല്ലത്. കാരണം അന്നയാൾ അത്ര നല്ല അവസ്ഥയിലല്ലെങ്കിലോ? സൂക്ഷ്മ നിരീക്ഷണത്തിൽ മനസ്സിലാക്കിയ ഏതെങ്കിലും കഴിവ് ചൂണ്ടിക്കാണിച്ച് അഭിനന്ദിക്കാം. ഉദാഹരണത്തിന്, സൂപ്പർമാർക്കറ്റ് സെയിൽസ്മാൻ/ ഗേളിനോട്, ‘തൂക്കി നോക്കാതെ തന്നെ സാധനങ്ങളുടെ അളവ് മനസ്സിലാക്കാനുള്ള താങ്കളുടെ കഴിവ് ഗംഭീരം തന്നെ.’ 2004ൽ സമ്മാനിച്ച ഇൗയൊരു അഭിനന്ദനത്തിന്റെ ഫലമായി ആ സ്റ്റാഫ് ഇന്നും തന്നോട് ഹലോ പറയുന്നുവെന്നാണ് ഒരു വീട്ടമ്മ പറഞ്ഞത്.
2.കുറച്ച് വെയ്റ്റെടുക്കാം
‘‘എന്റെ വർക് സ്പേസിൽ/ കിച്ചൺ ഡെസ്കിൽ മൂന്നു കിലോയുടെ രണ്ട് ഡംബൽസ് സൂക്ഷിച്ചുവെക്കാറുണ്ട്. ഒന്നുഷാറാവണമെന്ന് തോന്നിയാലുടൻ അവയുടെ അടുത്തെത്തും, പത്തോ പതിനഞ്ചോ തവണ ഡംബൽസ് അടിക്കും. ഒരു കാപ്പി കുടിച്ചതിനേക്കാൾ ഉഷാറായിരിക്കും പിന്നെ. മസിൽ നിലനിർത്താനും നല്ലത്. ചിലപ്പോൾ ഫോൺ സംഭാഷണത്തിനിടയിലും മുഖം കാണിക്കേണ്ടതില്ലാത്ത വിഡിയോകാളിലും ഇങ്ങനെ വെയ്റ്റെടുക്കാറുണ്ട്’’ -ഒരു യുവ പ്രഫഷനൽ.
3.ഒന്ന് കെട്ടിപ്പിടിക്കാം
‘എന്റെ പങ്കാളിക്കോ എനിക്കോ വേണമെന്ന് തോന്നിയാൽ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചിരിക്കും. ഏതാനും മിനിറ്റുകളാണെങ്കിൽപോലും അത് നമ്മുടെ സന്തോഷ ഹോർമോൺ വർധിപ്പിക്കും.’
4.പഴയ സുഹൃത്തിനെ വിളിക്കാം
‘‘പണ്ടെങ്ങാണ്ടോ സുഹൃത്തായിരുന്നയാളെ ഫോണിൽ വിളിക്കുന്നത് പലർക്കും ഒരു ഫോബിയപോലെ ഭയങ്കര മടിയുള്ള കാര്യമായിരിക്കും. എങ്കിലും ശക്തി സംഭരിച്ച് വിളിച്ചുനോക്കൂ. വിളിച്ചയാൾക്ക് എന്തു സന്തോഷമായിരിക്കുമെന്നോ… അവരുടെ മറുപടിയിൽ നിങ്ങളും സന്തോഷിക്കും.’’
5.സ്വന്തം പുറം ചൊറിയൂ
‘‘ചിരിക്കാൻ വരട്ടെ, നിങ്ങളുടെ ചുമലുകളുടെ ചലനാത്മകത വിലയിരുത്താനും വർധിപ്പിക്കാനും ഇത് നല്ലതാണ്. എഴന്നേറ്റ് നിന്ന്, ഒരു കൈ കൊണ്ട് നിങ്ങളുടെ പിറകുവശത്ത് തൊടാൻ ശ്രമിക്കുക.
രണ്ട് തോളെല്ലുകളുടെയും ഇടയിലുള്ള ഭാഗമാണ് ലക്ഷ്യമിടേണ്ടത്. അപ്പോൾ കൈമുട്ട് വായുവിലായിരിക്കും. തുടർന്ന് മറ്റേ കൈ, കൈപ്പത്തി പുറത്തേക്കുവരത്തക്കവിധം ലോവർ ബാക്കിൽ ചേർത്തു നിർത്തുക. ഇങ്ങനെ ചേർത്തുവെച്ചുകൊണ്ടുതന്നെ മുകളിലേക്ക്, രണ്ട് തോളെല്ലുകളുടെയും ഇടയിലുള്ള ഭാഗത്തേക്ക് ഉയർത്തണം.
അപ്പോൾ കൈമുട്ട് താഴേക്കായിരിക്കണം മടങ്ങേണ്ടത്. ശേഷം, തോളെല്ലുകളുടെ മധ്യത്തിൽ വെച്ച് മറ്റേ കൈയുടെ വിരലുകൾ തൊടാൻ ശ്രമിക്കാം. ധൃതി വേണ്ട, ശക്തിയെടുത്തും ചെയ്യേണ്ട. ഓരോ ദിവസവും അൽപാൽപമായി ശ്രമിക്കാം.’’