
വീട് വൃത്തിയോടെ സൂക്ഷിച്ചില്ലെങ്കിൽ പണിപാളും; വീടിനുള്ളിലെ പൊടിപടലങ്ങള്‍ കാന്‍സറിന് കാരണമായേക്കാം
December 23, 2024മടി കാരണം വീടിനകം വൃത്തിയാക്കാൻ മറന്നുപോകാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം. പൊടിപടലങ്ങളില്‍ ധാരാളം രോഗാണുക്കള്‍ ഒളിഞ്ഞിരിപ്പുണ്ട്. കൂടാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത പൂപ്പൽ, ബാക്ടീരിയ, മൈക്രോ ടോക്സിനുകൾ തുടങ്ങിയവയും വീട്ടിനുള്ളിലുണ്ടാകും. വൃത്തിയാക്കാതെയിരുന്നാൽ പൊടിപടലങ്ങളുടെ തോത് കൂടൂകയും രോഗങ്ങൾ പതിവാകുകയും ചെയ്യും.
വീടുകളിൽ പലതരം സൂക്ഷ്മാണുക്കൾ ഉണ്ട്. അവയിൽ ചിലത് നല്ലതും ചിലത് അപകടകരവുമാണ്. പാത്രം കഴുകുന്ന സ്‌പോഞ്ചുകൾ മുതൽ ടൂത്ത് ബ്രഷ് ഹോൾഡറുകളിൽ വരെ സൂക്ഷ്മാണുക്കൾ ഉണ്ടാകാം. ഫർണിച്ചറുകളിലും മറ്റ് ഉപകരണങ്ങളിലും നിറഞ്ഞിരിക്കുന്ന പൊടിപടലങ്ങൾ വേറെ. ഇതിൽ ഫംഗസുകളും സ്റ്റാഫൈലോകോക്കസ്, സ്ട്രെപ്റ്റോകോക്കസിൽപ്പെട്ട ബാക്ടീരിയകളും അടങ്ങിയിട്ടുണ്ട്.
ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് റിപ്പോർട്ട് പ്രകാരം 2.5 മൈക്രോണുകളോ അതില്‍ കുറവോ സൂക്ഷ്മ കണികകളുമായുളള സമ്പര്‍ക്കം വളരെ അപകടകരമാണ്. പി.എം 2.5 പൊടിപടലങ്ങള്‍ ശ്വസിക്കുന്നത് ഹൃദ്രോഗം, ആസ്ത്മ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. 40 മൈക്രോണ്‍ വരെ വലിപ്പമുള്ള പൊടിപടലങ്ങള്‍ മാത്രമാണ് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നത്.
ഇതിനും താഴെയാണെങ്കിൽ പൊടിപടലങ്ങള്‍ ശ്വാസകോശങ്ങളിലൂടെ രക്തത്തിൽ കലരാനും ചുമ, ആസ്ത്മ, വിട്ടുമാറാത്ത ബ്രോങ്കൈറ്റീസ് എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലം ഇത് തുടർന്നാൽ ഹൃദയസംബന്ധമായ തകരാറുകള്‍, വ്യക്കകളുടെ തകരാറുകള്‍, ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍, കാന്‍സര്‍ എന്നിവയിലേക്ക് നയിച്ചേക്കാം.
നഗ്നനേത്രങ്ങൾ കൊണ്ട് കാണാന്‍ സാധിക്കാത്ത പൊടിപടലങ്ങളെ തുടച്ചുമാറ്റാനായി തുണികഷ്ണങ്ങള്‍ക്ക് പകരം മൈക്രോ ഫൈബര്‍ ക്ലോത്തുകളും പരിസ്ഥിതി സൗഹൃദ ക്ലീനിങ് ഉല്‍പ്പന്നങ്ങളും ഉപയോഗിക്കാം. കൃത്യമായ ഇടവേളകളില്‍ വീട് വൃത്തിയാക്കുകയും വീടിനുള്ളില്‍ ഇന്‍ഡോര്‍ സസ്യങ്ങള്‍ വെക്കുന്നതും ശുദ്ധ വായു ലഭിക്കാന്‍ സഹായിക്കും.