വെറുതെയല്ല സൺ ഗ്ലാസ്

വെറുതെയല്ല സൺ ഗ്ലാസ്

December 22, 2024 0 By KeralaHealthNews

നിങ്ങൾ എന്തിനാണ് സൺ ഗ്ലാസ് ഉപയോഗിക്കുന്നത്? ഈ ചോദ്യത്തിന് പല ഉത്തരങ്ങളുണ്ടാകാം. ഭൂരിഭാഗം ഉത്തരങ്ങളും ‘സൗന്ദര്യ’വുമായി ബന്ധപ്പെട്ടായിരിക്കും. സൺ ഗ്ലാസ് വെക്കുന്നതോടെ ‘ഗ്ലാമർ’ വർധിക്കുമെന്നാണ് വെപ്പ്. പൊതുബോധത്തിലൂടെ സൗന്ദര്യ സങ്കൽപങ്ങൾ വെച്ചുനോക്കുമ്പോൾ അതു ശരിയുമാണ്. എന്നാൽ, സൺ ഗ്ലാസ് അത്ര നിസ്സാരക്കാരനല്ലെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. നേത്രാരോഗ്യത്തിനും ചർമ സംരക്ഷണത്തിലുമെല്ലാം സൺ ഗ്ലാസിന്റെ റോൾ വലുതാണത്രെ.

അതു മനസ്സിലാകണമെങ്കിൽ ആദ്യം, എ​ന്തൊക്കെ തരം അപകടങ്ങളാണ് നേ​ത്രാരോഗ്യവുമായി ബന്ധപ്പെട്ട് വരാൻ സാധ്യതയുള്ളതെന്ന് അറിയണം. സൂര്യനിൽനിന്ന് പുറപ്പെടുന്ന അൾട്രാ വയലറ്റ് (യു.വി) കിരണങ്ങളാണ് പ്രധാന വില്ലൻ. യു.വി മൂന്നു തരമുണ്ട്.: എ,ബി,സി. ഇതിൽ ആദ്യ രണ്ടു വിഭാഗത്തിൽപെടുന്നത് കണ്ണിനും ചർമത്തിനുമെല്ലാം അപകടമാണ്. സൂര്യനിൽനിന്നുള്ള ദൃശ്യപ്രകാശം, ഇൻഫ്രാറെഡ് കിരണങ്ങൾ എന്നിവ പോലെ യു.വി ശരീരത്തിൽ പതിച്ചാൽ അറിയുകയില്ല. അതുകൊണ്ടുതന്നെ അതുണ്ടാക്കുന്ന അപകടങ്ങളും തുടക്കത്തിൽ മനസ്സിലാകില്ല. കാഴ്ച മങ്ങൽ അടക്കമുള്ള അപകടങ്ങളിലേക്ക് അതു നയിക്കുകയും ചെയ്യും. ഇവിടെയാണ് സൺ ഗ്ലാസിന്റെ പ്രസക്തി.

അഞ്ചു തരം സൺ ഗ്ലാസുകളുണ്ട്. അതിൽ ആദ്യ രണ്ടെണ്ണം മാത്രമാണ് യഥാർഥത്തിൽ ഫാഷൻ സൺഗ്ലാസുകൾ. മൂന്നും നാലും വിഭാഗത്തിൽപെടുന്നവ യു.വിയിൽനിന്ന് രക്ഷപ്പെടാനുള്ളതാണ്. അഞ്ചാം വിഭാഗവും അതുതന്നെയാണ്. എന്നാൽ, യു.വി ആഘാതത്തിന് ഏറ്റവും സാധ്യതയുള്ള പർവതാരോഹണം പോലുള്ള ഘട്ടങ്ങളിലാണ് ഇതുപയോഗിക്കുക. അതിനാൽ, സൺഗ്ലാസ് വാങ്ങുമ്പോൾ അതിന്റെ സൗന്ദര്യം, ​ബ്രാൻഡ് എന്നിവ നോക്കുന്നതിനുപുറമെ, അത് ഏതു വിഭാഗത്തിൽപെട്ടതാണെന്നുകൂടി അറിയേണ്ടതുണ്ട്.�