ആരോഗ്യ പരിചരണത്തില്‍ പുതിയ നാഴികക്കല്ല്: സ്പെക്റ്റ് സിടി സ്‌കാനര്‍

ആരോഗ്യ പരിചരണത്തില്‍ പുതിയ നാഴികക്കല്ല്: സ്പെക്റ്റ് സിടി സ്‌കാനര്‍

December 13, 2024 0 By KeralaHealthNews

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ നൂതന സ്പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തനസജ്ജമായെന്ന് മന്ത്രി വീണ ജോര്‍ജ്. ഡിസംബര്‍ 16 മുതല്‍ ട്രയല്‍ റണ്ണിന് ശേഷം പ്രവര്‍ത്തനം ആരംഭിക്കും. ഈ പുതിയ സാങ്കേതികവിദ്യയിലൂടെ കാന്‍സര്‍ രോഗ നിര്‍ണയവും ചികിത്സയും അതോടൊപ്പം തൈറോയിഡ്, ഹൃദയം, തലച്ചോറ്, കരള്‍, വൃക്കകള്‍, ശ്വാസകോശം തുടങ്ങിയ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും രോഗ നിര്‍ണയത്തിനും ചികിത്സാ നിരീക്ഷണത്തിനും സാധിക്കും.

ഡോക്ടര്‍ക്ക് തത്സമയം അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് രോഗനിര്‍ണയം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇതിലൂടെ സാധിക്കുന്നു. സ്വകാര്യ വന്‍കിട ആശുപത്രികളിലുള്ള ഈ സംവിധാനം കോഴിക്കോട് മെഡിക്കല്‍ കോളജിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലുമാണ് സജ്ജമാക്കിയിരിക്കുന്നത്. ആർ.സി.സി.യിലും എം.സി.സിയിലും ഇത് സ്ഥാപിച്ചിട്ടുണ്ട്. ന്യൂക്ലിയര്‍ മെഡിസിനില്‍ പി.ജി കോഴ്‌സ് ആരംഭിച്ച് ചികിത്സ വിപുലപ്പെടുത്താനാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

സ്പെക്റ്റ് (സിംഗിൾ ഫോട്ടോൺ എമിഷൻ കമ്പ്യൂട്ട്ഡ് ടോമോഗ്രഫി), സിടി (Computed Tomography) എന്നീ രണ്ട് ഇമേജിംഗ് രീതികള്‍ സംയോജിപ്പിച്ചുള്ളതാണ് സ്പെക്റ്റ് സിടി സ്‌കാനര്‍. അള്‍ട്രാസൗണ്ട് സ്‌കാന്‍, എക്സ് റേ, സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ എന്നിവ പ്രധാനമായും ശരീര ഘടന സംബന്ധിച്ച വിവരങ്ങള്‍ നല്‍കുമ്പോള്‍ ന്യൂക്ലിയര്‍ മെഡിസിന്‍ സ്‌കാനുകള്‍ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തുന്നത്. സ്പെക്റ്റ് സിടി, പെറ്റ് സിടി എന്നീ ഉപകരണങ്ങള്‍ ശരീര ഘടനയും പ്രവര്‍ത്തനവും ഒരേ സമയം പഠിക്കുന്നതിന് സഹായിക്കുന്നു.

റേഡിയോ ആക്ടീവ് ട്രേസര്‍ ഉപയോഗിച്ചാണ് സ്പെക്റ്റ് സിടി പ്രവര്‍ത്തിപ്പിക്കുക. വളരെ കുറഞ്ഞ അളവിലുള്ള റേഡിയേഷന്‍ ഉപയോഗിക്കുന്നതിനാല്‍ വികിരണം മൂലം കോശങ്ങള്‍ക്ക് ഉണ്ടാകുന്ന തരാറുകള്‍ക്കുള്ള സാധ്യത വളരെ കുറവാണ്. രോഗാധിക്യമുള്ള കോശങ്ങളിലേക്ക് ട്രേസര്‍ ആഗിരണം ചെയ്യപ്പെടുകയും ഗാമ രശ്മികളെ പുറപ്പെടുവിക്കുകയും ചെയ്യുന്നു.

സ്പെക്റ്റ് സ്‌കാനര്‍ ഈ രശ്മികളെ ഡിറ്റക്റ്റ് ചെയ്യുകയും ത്രീഡി ഇമേജ് സൃഷ്ടിക്കുകയും ചെയ്യുന്നു. അതേസമയം സിടിയിലൂടെ എക്സ്റേ ഉപയോഗിച്ച് ശരീര കലകളുടെ ഘടന സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. രോഗാധിക്യമുള്ള അവയവങ്ങളെ കൃത്യമായി കണ്ടെത്താനും പരിശോധനാ ഫലങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനും കഴിയുന്നു.

കേരളത്തില്‍ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകള്‍, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ എന്നീ സ്ഥാപനങ്ങളിലാണ് സര്‍ക്കാര്‍ മേഖലയില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. രസതന്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ, ഇമേജിങ്, വൈദ്യശാസ്ത്രം എന്നിങ്ങനെ വിവിധ ശാസ്ത്ര ശാഖകളുടെ ഒരു സംയോജനമാണ് ന്യൂക്ലിയര്‍ മെഡിസിന്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ ഒപി, തൈറോയ്ഡ് ക്ലിനിക് എന്നീ ഒപി വിഭാഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കാന്‍സറിനും, കാന്‍സര്‍ ഇതര രോഗങ്ങള്‍ക്കും ന്യൂക്ലിയര്‍ മെഡിസിന്‍ ചികിത്സ ഫലപ്രദമാണ്. ചുറ്റുമുള്ള ശരീര കലകള്‍ക്ക് ദോഷം ഉണ്ടാകാതെ കാന്‍സര്‍ ബാധിച്ച കോശങ്ങളില്‍ മാത്രം റേഡിയേഷന്‍ നല്‍കാന്‍ ന്യൂക്ലിയര്‍ മെഡിസിന്‍ ചികിത്സയ്ക്ക് കഴിയും.

7.3 കോടി രൂപ ചെലവഴിച്ചുള്ള സ്പെക്റ്റ് സിടി സ്‌കാനറിന് പുറമേ 15 കോടി ചെലവഴിച്ച് പെറ്റ് സി.ടി സ്‌കാനര്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളും നാല് കോടി ചെലഴിച്ചുള്ള ന്യൂക്ലിയര്‍ മെഡിസിന്‍ ഹൈഡോസ് തെറാപ്പി വാര്‍ഡ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. മെഡിക്കല്‍ കോളേജില്‍ സ്പെക്റ്റ് സി.ടി സ്‌കാനര്‍ സൗകര്യം ലഭ്യമാക്കുന്നതിലൂടെ രോഗികള്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ പരിചരണം നല്‍കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.