ഹോമിയോപതിക്ക് എതിരെ അനാവശ്യമായ എതിർപ്പ്- കെ.എൻ. ബാലഗോപാൽ

ഹോമിയോപതിക്ക് എതിരെ അനാവശ്യമായ എതിർപ്പ്- കെ.എൻ. ബാലഗോപാൽ

November 30, 2024 0 By KeralaHealthNews

തിരുവനന്തപുരം : ചികിത്സാ രംഗത്ത് ഹോമിയോപതിക്ക് അതിന്റേതായ മേൽക്കൈയുണ്ടെന്നും എന്നാൽ ഈ മേഖലക്ക് നേരെയും അനാവശ്യമായ എതിർപ്പുകളുണ്ടാകുന്നുവെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഹോമിയോപതിക്സ് കേരളയുടെ (ഐ.എച്ച്.കെ) ദ്വിദിന അന്താരാഷ്ട്ര സമ്മേളനം വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഹോമിയോപതിയുടെ ഗുണഫലം വ്യക്തപരമായി തനിക്കും അനുഭവമുള്ളതാണ്. എന്നാൽ, ഹോമിയോപതിയെ അനുകൂലിക്കുന്നവരും വിമർശനത്തിന് വിധേയരാകുന്നു. കൊവിഡ് കാലത്ത് ഹോമിയോപതി ചികിത്സയുടെ പ്രാധാന്യത്തെ പറ്റി എഴുതിയപ്പോൾ തനിക്ക് നേരെയും വിമർശമുണ്ടായി. കാലത്തിന് അനുസരിച്ചുള്ള കൂടുതൽ ഗവേഷണങ്ങൾ ഈ രംഗത്ത് നടക്കണം. കേരളത്തിൽ സർക്കാർ മേഖലയിൽ 1200 ഓളം ഹോമിയോപതി ക്ലീനിക്കുകളുണ്ട്. എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ചികിത്സാ കേന്ദ്രങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഹോമിയോപതിക്സ് സംസ്ഥാന പ്രസിഡന്റ് ഡോ.കൊച്ചുറാണി വർഗീസ് അധ്യക്ഷത വഹിച്ചു. ഐ.ബി.സതീഷ് എം.എൽ.എ മുഖ്യാതിഥിയായി. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഹോമിയോപതി കൈപ്പുസ്തകത്തിന്റെ പ്രകാശനം മന്ത്രി ബാലഗോപാൽ ഐ.ബി.സതീഷ് എം.എൽ.എക്ക് നൽകി നിർവഹിച്ചു.

എ.എച്ച്.കെ രക്ഷാധികാരിയും ഹോമിയോപതി ഡോക്ടറുമായ ഡോ.രവി. എം.നായരെ ചടങ്ങിൽ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. മികച്ച ഹോമിയോ കോളജിനുള്ള പുരസ്‌ക്കാരം നേടിയ കുലശേഖരം ശാരദാ കൃഷ്ണ ഹോമിയോ കോളേജിന് വേണ്ടി ചെയർമാൻ ഡോ.സി.കെ.മോഹൻ മന്ത്രിയിൽ നിന്ന് സ്വീകരിച്ചു.

കാട്ടാക്കട യൂനിറ്റ് സംഘടിപ്പിച്ച ചടങ്ങിൽ ഡോ.ടി.അജയൻ, ഡോ.വി.അജേഷ്, ഡോ.പി.ജി.ഗോവിന്ദ്, ഡോ.സതീശൻ നായർ എന്നിവർ സംസാരിച്ചു. ഡോ.എം.മുഹമ്മദ് അസലം സ്വാഗതവും ഡോ.ആർ.എസ്.രാജേഷ് നന്ദിയും പറഞ്ഞു.

സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന്( ഞായറാഴ്ച) രാവിലെ 10ന് നടക്കുന്ന സമ്മേളനം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.