മുപ്പതുകളിലെ പ്രമേഹം; ചികിത്സ ഹോമിയോപ്പതിയിൽ

മുപ്പതുകളിലെ പ്രമേഹം; ചികിത്സ ഹോമിയോപ്പതിയിൽ

November 14, 2024 0 By KeralaHealthNews

സീൻ – 1

മെറ്റീരിയ മെഡിക്കയുടെ ടെക്സ്റ്റിൽ മുഖം പൂഴ്ത്തിയിരിക്കുമ്പോഴായിരുന്നു ക്ലിനിക്കിന് പുറത്ത് പതിഞ്ഞ സ്വരത്തിലുള്ള ശബ്ദം ഉയർന്നത്.
“ഡോക്ടർ ഉണ്ടോ?”
“ഉണ്ടല്ലോ, കേറി വാ” ഞാൻ പറഞ്ഞു.
ഹോമിയോപ്പതിയിൽ പ്രമേഹത്തിന് ചികിത്സയുണ്ടെന്ന് കേട്ടറിഞ്ഞെത്തിയതായിരുന്നു അയാൾ. മുപ്പതാം വയസിലായിരുന്നു പ്രമേഹ രോഗിയാണെന്ന് കണ്ടെത്തിയത്. ജോലി സംബന്ധമായി മെഡിക്കൽ എടുത്തപ്പോഴായിരുന്നു അത്.
“മുപ്പതിലും പ്രമേഹമോ? വേഗം തന്നെ ചികിത്സയെടുക്കണോ” അത്ഭുതവും സഹതാപവും നിറഞ്ഞ ലാബ് അസിസ്റ്റന്‍റിന്‍റെ ചോദ്യത്തിന് പിന്നാലെ യൂട്യൂബിൽ പരതിയപ്പോഴായിരുന്നു ഹോമിയോപ്പതി ചികിത്സയെ കുറിച്ച് അറിഞ്ഞതും ചികിത്സ തേടിയെത്തിയതും.
മരുന്നിനൊപ്പം കൃത്യമായ ഡയറ്റും വ്യായാമവും കൂടിയായപ്പോൾ 314 എന്ന പ്രമേഹനില ക്രമേണ കുറഞ്ഞ് സാധാരണ നിലയിലേക്കെത്തി.

സീൻ – 2

കുപ്പിച്ചില്ല് കുത്തിക്കയറിയുണ്ടായ മുറിവ് ഉണങ്ങാതെ വലിയ വ്രണമായി മാറിയപ്പോഴായിരുന്ന അടുത്ത ബന്ധത്തിലുള്ള ഒരാളെ മക്കൾ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സക്കായി അഡ്മിറ്റ് ചെയ്തത്. കൈ മുഴുവൻ സ്രസ് ചെയ്ത നിലയിലുള്ള ആരോഗ്യവാനായ ഒരു യുവായിരുന്നു അടുത്ത ബെഡിൽ കിടന്നിരുന്നത്. 40-നോട് അടുത്ത് പ്രായമുള്ള സെക്യൂരിറ്റി ജീവനക്കാരനായിരുന്നു അത്. ഒരു പ്രാണി കടിച്ചതായിരുന്നു. അടുത്ത ദിവസം ശരീരം തടിച്ച് വീർക്കാൻ തുടങ്ങി. ഇത് കീറിക്കളഞ്ഞെങ്കിലും മുറിവ് ഉണങ്ങാതെ വ്രണമായി മാറുകയായിരുന്നു.

പ്രമേഹമാണ് വില്ലൻ

മുകളിൽ പറഞ്ഞ രണ്ട് സംഭവങ്ങളിലും ടൈപ്പ് – 2 പ്രമേഹമായിരുന്നു വില്ലൻ. ആദ്യ കേസിൽ അപ്രതീക്ഷിതമായിട്ടാണെങ്കിലും പ്രമേഹം തിരിച്ചറിയാൻ കഴിഞ്ഞതിനാൽ ചികിത്സയും ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും കൊണ്ടുവന്ന മാറ്റങ്ങളിലൂടെ പ്രമേഹം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെ പിടിച്ചു നിർത്താൻ കഴിഞ്ഞു. രണ്ടാമത്തെ ആൾക്ക് രോഗവിവരം അറിയില്ലായിരുന്നു. ഉയർന്ന പ്രമേഹ നില മൂലമാണ് മുറിവ് ഉണങ്ങാതെ കൂടുതൽ സങ്കീർണമായി മാറിയത്.

ഇന്ന് (നവംബർ – 14) ലോക പ്രമേഹ ദിനത്തിൽ, യുവജനങ്ങളിലെ പ്രമേഹത്തെ കുറിച്ചും ഹോമിയോപ്പതിയിലൂടെയുള്ള ചികിത്സയെ കുറിച്ചും നമുക്ക് മനസിലാക്കാം.

മുപ്പതുകളിലും പ്രമേഹമോ?

കാൽ നൂറ്റാണ്ടു മുൻപ് വരെ പ്രായമായവരിലും ജനിതക കാരണങ്ങളാൽ ചെറിയ കുട്ടികളിലും മാത്രം കേട്ടു വന്നിരുന്ന രോഗമായിരുന്നു പ്രമേഹം. എന്നാൽ കാലം മാറിയതോടെ, ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും ഉദാസീന സമീപനവും മൂലം 25 വയസിൽ താഴെയുള്ളവരിൽ പോലും ഇന്ന് പ്രമേഹം സർവ സാധാരണ രോഗമായി മാറിയിട്ടുണ്ട്. ഇത്തരത്തിൽ യുവജനങ്ങളിൽ കണ്ടുവരുന്ന പ്രമേഹത്തെ ടൈപ്പ് -2 പ്രമേഹം എന്നാണ് വിളിക്കപ്പെടുന്നത്. പാരമ്പര്യമായാണ് ഇതുണ്ടാകുന്നത്. രണ്ട് തലമുകളിലെ കുടുംബ ചരിത്രം പോലും ടൈപ്പ് – 2 പ്രമേഹത്തിന് വഴിയൊരുക്കും.

മുപ്പതുകളിൽ പ്രമേഹ രോഗിയായാൽ പിന്നീടുള്ള 40 – 50 വർഷങ്ങൾ അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളുമായി ജീവിക്കേണ്ടി വരും എന്നതാണ് വസ്തുത. അനാരോഗ്യകരമായ ഭക്ഷണക്രമം, ടി.വി, കംപ്യൂട്ടർ, മൊബൈൽ ഫോൺ, ഇന്റർനെറ്റ്… എന്നിവയിൽ മുഴുകിയ ഉദാസീന ജീവിത രീതി, പൊണ്ണത്തടി എന്നിവയെല്ലാം ചേരുമ്പോൾ ഭാവിയിൽ പ്രമേഹം കടുക്കുകയും കൂടുതൽ സങ്കീർണതയിലേക്ക് നയിക്കുകയും ചെയ്തേക്കാം.

കൃത്യമായ അവബോധമില്ലാത്തതിനാൽ രോഗ നിർണയവും ചികിത്സയും വൈകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വരെ കാരണമാകുന്നുണ്ട്. ശരീരത്തിലെ മിക്കവാറും അവയവങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കും. ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഹൃദയാഘാതം, പക്ഷാഘാതം, വിട്ടുമാറാത്ത വൃക്കരോഗം, കാലിലെ വ്രണങ്ങൾ, ഞരമ്പുകൾക്ക് കേടുപാടുകൾ, ബുദ്ധി വൈകല്യം, കണ്ണുകൾക്ക് കേടുപാടുകൾ, കാഴ്ചക്കുറവ്, ലൈംഗിക ശേഷിക്കുറവ് തുടങ്ങിയവയെല്ലാം പ്രമേഹ രോഗികളെ ബാധിച്ചേക്കാം. 

കാരണവും രോഗ നിർണയവും

സാധാരണയായി മുതിർന്നവരിൽ കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹത്തിന്‍റെ കാരണം ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തകരാറുകളാണ്. ഇൻസുലിനോട് ശരീരം വേണ്ട രീതിയിൽ പ്രതികരിക്കാതെ വരുന്നതാണ് രോഗത്തിന് കാരണമാകുന്നത് വ്യായാമം ഇല്ലാത്ത ഉദാസീന ജീവിതക്രമം മോശം ഭക്ഷണരീതി തുടങ്ങിയവയെല്ലാം പ്രമേഹത്തിന് വഴിവെക്കും. പ്രമേഹ സാധ്യത വളരെയധികം വർധിപ്പിക്കുന്ന ഘടകമാണ് പൊണ്ണത്തടി.

അതേസമയം കുട്ടികളിൽ കാണപ്പെടുന്ന ടൈപ്പ് 1 പ്രമേഹം ഇൻസുലിൻ ഉൽപാദനത്തിന്റെ കുറവു മൂലമാണ് ഉണ്ടാകുന്നത്. പാൻക്രിയാസിലെ ബീറ്റ കോശങ്ങളെ ബാധിക്കുന്ന അണുബാധയോ ഓട്ടോ ഇമ്മ്യൂൺ പ്രതിരോധമോ ആണ് ഇതിന് കാരണം. ഇവർക്ക് അമിതവണ്ണവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കാണണമെന്നില്ല. അതേസമയം ജീവിതകാലം മുഴുവൻ ഇൻസുലിൻ തെറാപ്പി വേണ്ടി വരാം.

സാധാരണ രക്ത പരിശോധനയിലൂടെയാണ് എല്ലാത്തരം പ്രമേഹങ്ങളും കണ്ടെത്തുന്നത്. ഭക്ഷണത്തിന് മുൻപും ശേഷവുമുള്ള രക്തപരിശോധന, കഴിഞ്ഞ മൂന്ന് മാസത്തെ ഗ്ലൂക്കോസ് നിലയുടെ ശരാശരി കണ്ടെത്തുന്നതിനുള്ള എച്ച്.ബി.എ.വൺ.സി തുടങ്ങിയവയാണ് പ്രധാന പരിശോധനകൾ. ആഹാരത്തിന് മുൻപുള്ള രക്തപരിശോധന ഫലം 70 മുതൽ 120 വരെയും ആഹാരത്തിന് ശേഷം 90 മുതൽ 130 വരെയും ആയിരിക്കുന്നതാണ് ആരോഗ്യകരമായ ഗ്ലൂക്കോസ് നില.
പ്രമേഹം നിയന്ത്രണത്തിലാണോ എന്ന് വിലയിരുത്താൻ ഏറ്റവും ഫലപ്രദമായ പരിശോധനയാണ് എച്ച്.ബി.എ.വൺ.സി. പ്രമേഹമില്ലാത്തവരിൽ എച്ച്.ബി.എ.വൺ.സി. ആറിൽ കുറവായിരിക്കണം. പ്രമേഹരോഗികളിൽ ഇത് ഏഴിൽ കുറവായി നിലനിർത്താനാകണം.
കുടുംബത്തിൽ പ്രമേഹ ചരിത്രമുള്ളവർക്ക് രോഗ സാധ്യത വളരെയധികമാണെങ്കിലും കൃത്യമായ വ്യായാമവും ഭക്ഷണക്രമവും കൊണ്ട് പ്രമേഹത്തെ അകറ്റി നിർത്താനാകും.

ലക്ഷണങ്ങൾ

  • അടിക്കടി മൂത്രം ഒഴിക്കാൻ തോന്നുന്നു
  • ശക്തമായ വിശപ്പും ദാഹവും
  • ക്ഷീണം
  • ശരീരത്തിനുണ്ടാകുന്ന മെലിച്ചിൽ
  • കാഴ്ചക്കുറവ്
  • മുറിവുകൾ ഉണങ്ങാൻ വൈകുന്നു
  • കൈകാലുകളിലെ തരിപ്പ്
  • കഴുത്തിന്‌ ചുറ്റും കറുപ്പ് നിറം ഉണ്ടാകുന്നു

ചികിത്സ ഹോമിയോപ്പതിയിൽ

ഓരോ രോഗികളുടെയും പ്രത്യേകതകൾ മനസിലാക്കി അതിന് അനുസരിച്ചുള്ള ചികിത്സകളാണ് ഹോമിയോപ്പതിയിൽ നൽകുന്നത്. പ്രമേഹത്തിന്‍റെ കാര്യത്തിലും ഡോക്ടർമാർ പിന്തുടരുന്നത് ഇതേ രീതി തന്നെയാണ്. ഇതിനായി രോഗിയുടെ ശാരീരിക പ്രകൃതി, രോഗ, കുടുംബ ചരിത്രം, മാനസിക നില, കാലാവസ്ഥയോടുള്ള പ്രതികരണം, ഭക്ഷണരീതി തുടങ്ങിയവയെല്ലാം മനസിലാക്കും. രോഗിയുടെ ജീവിത ഘടന തന്നെ മനസ്സിലാക്കാൻ സഹായിക്കുന്ന ഈ പഠനത്തെ കോൺസ്റ്റിറ്റ്യൂഷൻ സ്റ്റഡി എന്നാണ് ഇതിനെ പറയുന്നത്. തുടർന്ന് ബാഹ്യലക്ഷണങ്ങൾ അനുസരിച്ച് ഓരോ രോഗിക്കും വ്യത്യസ്തമായ മരുന്നുകളായിരിക്കും നിർദ്ദേശിക്കുന്നത്.

മറ്റ് മെഡിക്കൽ ശാസ്ത്ര ശാഖകളിൽ പ്രമേഹത്തെ മാറാരോഗമായാണ് കണക്കാക്കുന്നത്. എന്നാൽ കൃത്യമായ മരുന്ന് കഴിക്കുകയും ജീവിതശൈലിയിൽ മാറ്റം കൊണ്ട് വരികയും ചെയ്താൽ പ്രമേഹത്തെ വരുതിയിൽ നിർത്താനാകും. ഇതോടൊപ്പം മാനസിക സമ്മർദ്ദം കുറക്കുക, ആരോഗ്യകരമായ ഭക്ഷണ രീതിയും വ്യായാമവും ശീലമാക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. 

മാറ്റങ്ങൾ കൊണ്ടു വരാം, പ്രമേഹം നിയന്ത്രിക്കാം

മരുന്ന് പോലെ, അല്ലെങ്കിൽ അതിനേക്കാൾ പ്രധാനപ്പെട്ടതാണ് ജീവിതശൈലിയിലും ആഹാര ക്രമത്തിലും മാറ്റങ്ങൾ കൊണ്ടുവരിക എന്നത്. അരിയാഹാരങ്ങൾ, മധുരപലഹാരങ്ങൾ, ബേക്കറി ഭക്ഷണങ്ങൾ തുടങ്ങി കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. അതിന് പകരം എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളും പ്രോട്ടീനും ഹെൽത്തി ഫാറ്റും ഫൈബറും പോഷകങ്ങളും അടങ്ങിയ സമീകൃത ആഹാരങ്ങളും വിവിധ തരം സലാഡുകളും ശീലമാക്കാൻ ശ്രദ്ധിക്കണം. പൊണ്ണത്തടിയും പ്രമേഹ സാധ്യതകളും തടയുന്നതിനായി കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്സ്, മധുരമുള്ള ഭക്ഷണ പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കാൻ ശ്രദ്ധിക്കണം.

വ്യായാമം ശീലമാക്കുകയാണ് മറ്റൊന്ന്. ആഴ്ചയിൽ 120 മിനുട്ടെങ്കിലും വ്യായാമം ചെയ്യേണ്ടതുണ്ട്. വേഗത്തിലുള്ള നടത്തം, ഓട്ടം, ജിമ്മിൽ പോവുക, വിവിധ തരം കാർഡിയോ വ്യായാമങ്ങൾ, വെയിറ്റ് ട്രെയിനിങ്, സൈക്ലിങ്, വള്ളിച്ചാട്ടം തുടങ്ങിയവയെല്ലാം ചെയ്യാവുന്നതാണ്.

ജീവിത രീതിയിൽ പ്രകടമായ മാറ്റം കൊണ്ടുവരുന്നതിന് കൂടുതൽ പരിശ്രമവും ആത്മ നിയന്ത്രണവും അത്യാവശ്യമാണ്. ഇതോടൊപ്പം ടെൻഷൻ ഒഴിവാക്കുകയും മതിയായ വിശ്രമം ലഭിക്കുകയും വേണം. ഇത്തരത്തിലുള്ള മാറ്റങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും എന്നതിനൊപ്പം മറ്റു ജീവിതശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടാനും സാധിക്കും.

പെരുമ്പാവൂർ റയോൺപുരം ഡോ. ഫർസാനാസ് ഹോമിയോ ക്ലിനിക്കിൽ ഹോമിയോപ്പതിക് ഫിസിഷ്യനാണ് ലേഖിക.