ജോലിത്തിരക്കിനിടെ മറന്നുപോകരുത് മാനസികാരോഗ്യം
October 10, 2024പ്രഫഷണൽ വിജയം നേടാനുള്ള തിരക്കിനിടയിൽ തൊഴിലിടത്തിലെ മാനസികാരോഗ്യം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്ന് മാത്രമല്ല അതൊരു നിശബ്ദ രോഗാവസ്ഥയായി തുടരുകയും ചെയ്യുന്നു. സമ്മർദ്ദവും മാനസികാരോഗ്യവും സംബന്ധിച്ച് നടത്തിയ പഠനത്തിലൂന്നിയ GOQii India Fit 2022-23 റിപ്പോർട്ട് പ്രകാരം ജോലിസ്ഥലത്തെ അന്തരീക്ഷവും സാമ്പത്തിക അസ്ഥിരതയും മാനസികസമ്മർദ്ദ നിലയെ ബാധിക്കുന്ന പ്രധാന രണ്ട് ഘടകങ്ങളായി മാറിയിരിക്കുന്നു.
26 ശതമാനം ഇന്ത്യക്കാർ ജോലിസ്ഥലത്തെ പ്രശ്നങ്ങൾ കാരണം സമ്മർദ്ദത്തിലാണെങ്കിൽ, സാമ്പത്തിക അസ്ഥിരത 17 ശതമാനത്തെ ബാധിക്കുന്നു. ആരോഗ്യമുള്ള ജീവനക്കാർ പോലും അനാരോഗ്യകരമായ തൊഴിൽ അന്തരീക്ഷത്തിൽ ശാരീരികമായും മാനസികമായും കഷ്ടപ്പെടുന്നു. തൊഴിലിടം ഉൽപ്പാദനക്ഷമവും മാനസികാരോഗ്യ വളർച്ചക്ക് പിന്തുണയുള്ളതുമാകേണ്ടത് അത്യാവശ്യമാണ്. ദീർഘ ജോലിസമയം, തൊഴിൽ സുരക്ഷ, കുറഞ്ഞ വേതനം, കടുത്ത മത്സരം എന്നിവയാണ് പ്രധാനമായും മാനസികാരോഗ്യത്തെ ബാധിക്കുന്നത്. ജീവനക്കാർ സമ്മർദ്ദത്തെ നേരിടുമ്പോൾ, മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സ്റ്റിഗ്മ ജോലിസ്ഥലത്തോ പുറത്തോ സഹായം തേടുന്നതിൽ നിന്ന് അവരെ തടയുന്നു. പ്രഫഷണൽ ലോകത്തിന്റെ കട്ട്-ത്രോട്ട് സ്വഭാവം ആ ഭയങ്ങളെ വർധിപ്പിക്കുന്നു. ജോലിസ്ഥലത്തെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ഭയവും പ്രശ്നങ്ങളെ മറച്ച് വെക്കാൻ കാരണമാകുന്നു. പരിഹാരങ്ങൾ ഇല്ല എന്ന തോന്നൽ സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും മാനസികാരോഗ്യം ചർച്ച ചെയ്യാനുള്ള വിമുഖതക്ക് കാരണമാവുന്നു. അത് വ്യക്തികളെ കൂടുതൽ ബലഹീനരാക്കുന്നു.
തൊഴിലിടങ്ങളിൽ നാം കാണുന്ന, ഏറെ പ്രസക്തമായി ചർച്ച ചെയ്യണ്ടേ മറ്റൊരു വിഷയമാണ്, നിശ്ചിത സമയത്തിനുള്ളിൽ ടാർഗറ്റ് അച്ചീവ് ചെയ്യുക എന്നുള്ളത്. ഇത് എപ്പോഴും ഉൽപ്പാദനത്തെ തൊഴിലാളി വിരുദ്ധവും, സാമൂഹിക വിരുദ്ധവുമാക്കി മാറ്റുന്നുണ്ട്. കമ്പനിയുടെ ലാഭത്തിനു വേണ്ടി വ്യക്തിയുടെ മാനസികാരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യണ്ടിവരുന്നു. ടാർഗറ്റുകളും, അതുമായി ബന്ധപ്പെട്ട ഇൻസെന്റീവുകളും, ടെൻഷനും ഒരു തൊഴിലാളിയെ തന്റെ പൂർത്തിയാകാത്ത ജോലിയെക്കുറിച്ച് ഓർമ്മപ്പെടുത്തികൊണ്ടിരിക്കും. ഇതവരെ കൂടുതൽ സമയം തൊഴിലിടത്തിൽ തന്നെ ചിലവഴിക്കുവാനും നിർബന്ധിതരാക്കും.
ഇത് സൈക്കോളജിക്കൽ ഏലിനേഷന് (അന്യവത്കരണം) കാരണമാകും. തൊഴിലാളിയുടെ സ്വകാര്യ ജീവിതത്തെയും തൊഴിൽ ജീവിതത്തെയും കാര്യമായി ബാധിക്കും. മനോമാന്ദ്യത്തിൽനിന്ന് പെട്ടെന്നു വിമുക്തി നേടാനുള്ള കഴിവ് (Resilience) പ്രശംസനീയമാണെങ്കിലും, അതിനെ കാൽപനികവത്കരിക്കുന്നത് മനുഷ്യരെ തങ്ങളുടെ ബുദ്ധിമുട്ടുകളെ അംഗീകരിക്കുന്നതിൽ നിന്നും സഹായം തേടുന്നതിൽ നിന്നും തടയുന്നു . സാമൂഹിക പ്രതീക്ഷകളുമായി പൊരുത്തപ്പെടുന്നതിന് അമിതമായി സ്വയം അടിച്ചേൽപ്പിക്കുന്ന സമ്മർദം മാനസികാരോഗ്യ പ്രശ്നങ്ങളുടെ കാതലായ കാരണങ്ങളിലൊന്നാണെങ്കിലും, അത്തരം ഭയങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്ന വ്യവസ്ഥാപിത ഘടകങ്ങളെ നാം എളുപ്പത്തിൽ അവഗണിക്കുന്നു. ലിംഗം, ജാതി, വർഗം, വംശം, മതം, ലൈംഗിക ആഭിമുഖ്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള അസമത്വത്തിന്റെ അച്ചുതണ്ടുകൾ എല്ലാ സാമൂഹിക ഇടപെടലുകളിലും നമ്മെ അനുഗമിക്കുന്നു. ലിംഗപരമായ വേതന അസമത്വവും സ്ഥിരമായ ഗാർഹിക പ്രതീക്ഷകളും പുരുഷന്മാരും സ്ത്രീകളും തമ്മിലെ മാനസികാരോഗ്യ അസമത്വങ്ങൾക്ക് കാരണമാകുന്നു. ജോലിസ്ഥലത്തെ സ്ത്രീകൾക്ക് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കാൻ കാരണമാകുന്ന ഗാർഹിക ഉത്തരവാദിത്തങ്ങളുടെയും സാമൂഹിക പ്രതീക്ഷകളുടെയും അസമമായ വിതരണം കാരണം വിഷാദം, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകളുടെ വ്യാപനം സ്ത്രീകളിൽ കൂടുതലാണ്.
സ്റ്റീരിയോടൈപ്പുകൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ പുരുഷന്മാരിൽ ഉള്ള സമ്മർദ്ദവും പ്രധാനമാണ്. ജോലിസ്ഥലത്തെ മറച്ചുപിടിച്ചുള്ള വിവേചനവും മാറ്റിനിർത്തലും (microaggression) സൂക്ഷ്മവും എന്നാൽ സ്വാധീനം ചെലുത്തുന്നതുമായ ഘടകമാണ്. പലപ്പോഴും അത് മനപൂർവമല്ലാത്ത പ്രവൃത്തികളോ, അവഹേളനപരമായ സന്ദേശങ്ങളോ സ്റ്റീരിയോടൈപ്പുകൾ നിലനിർത്തുന്ന അഭിപ്രായങ്ങളോ ആവാം. അത് സൃഷ്ടിക്കുന്ന മാനസിക ഭാരം വലുതാണ്.
ഇന്ത്യൻ ജോലിസ്ഥല സന്ദർഭത്തിൽ, മൈക്രോഅഗ്രഷനുകൾക്ക് വിവിധ രൂപങ്ങൾ ഉണ്ട്. ചില ഉദാഹരണങ്ങൾ :
1. പ്രാദേശിക മൈക്രോഅഗ്രഷനുകൾ: ആരുടെയെങ്കിലും ഉച്ചാരണം, വസ്ത്രം അല്ലെങ്കിൽ പരമ്പരാഗത രീതികൾ എന്നിവയെക്കുറിച്ച് അവർ വരുന്ന ഇടത്തെ അടിസ്ഥാനമാക്കി തമാശകളോ അപകീർത്തികരമായ അഭിപ്രായങ്ങളോ പറയുക.
2. ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള മൈക്രോഅഗ്രഷൻ- സ്ത്രീകൾ ഭരണപരമായ ജോലികൾ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതോ പുരുഷന്മാർ ഉറച്ച നേതാക്കളാകുന്നതോ പോലുള്ള സ്റ്റീരിയോടൈപ്പുകൾ.
3. ജാതിയുമായി ബന്ധപ്പെട്ട മൈക്രോഅഗ്രഷനുകൾ : ജാതിയുടെ അടിസ്ഥാനത്തിൽ ഉള്ള വിവേചനം. അരുന്ധതി ഹരീഷും രജനി രാമചന്ദ്രനും (2021) നടത്തിയ പഠനത്തിൽ ഒരു വ്യക്തിക്ക് അവരുടെ ജാതി ഐഡന്റിറ്റി നിർവചിക്കുന്നതിൽ ഒരു ഏജൻസിയും ഇല്ലാത്തതെങ്ങനെയെന്ന് വിവരിക്കുന്നു. വ്യക്തികളോട് ബഹുമാനത്തോടെ പെരുമാറണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് ജാതി അടിസ്ഥാനമാകുന്നു എന്നത് വ്യക്തിയുടെ ജാതി കണ്ടെത്താനുള്ള പ്രവണതക്ക് ആക്കം കൂട്ടുന്നു (ഭാനോട്ട് & വർമ്മ, 2020) വംശീയ അധിക്ഷേപങ്ങൾ പ്രാഥമികമായി അക്രമാസക്തമായ വാക്കാലുള്ളതോ അല്ലാത്തതോ ആയ ആക്രമണമാണ്. പ്രത്യേക ജാതിയിൽപ്പെട്ടവരായതിനാൽ ആളുകൾ ബുദ്ധിശക്തിയില്ലാത്തവരാണെന്ന്/വൃത്തിയില്ലാത്തവരാണ് എന്ന് കരുതുക, സംവരണം ഉള്ള ആളുകളെ ഭാഗ്യവാന്മാർ എന്ന് വിളിക്കുക, പക്ഷപാതം കാണിക്കുക എന്നിവയെല്ലാം അതിക്രമങ്ങളിൽ ഉൾപ്പെടുന്നു. അത് ഒരു വ്യക്തിയുടെ മാനസിക ചിന്തകൾ, വികാരങ്ങൾ, യാഥാർഥ്യം എന്നിവ നിഷേധിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. ജാതീയതക്ക് രണ്ട് വശങ്ങളുണ്ട്. സ്വന്തം ജാതിയെ കുറിച്ചുള്ള നല്ലതും ചീത്തയുമായ സ്റ്റീരിയോടൈപ്പുകളെ സ്വാംശീകരിക്കുന്നതിലേക്കും മറ്റ് ജാതികളോടുള്ള സ്റ്റീരിയോടൈപ്പുകളെ കൊണ്ടു നടക്കലും (അവർക്ക് അഹങ്കാരമുണ്ട്, അവർക്ക് ചില ഗുണങ്ങളോ സ്വഭാവസവിശേഷതകളോ ഉണ്ട്, അവർ ഒരു പ്രത്യേക രീതിയിൽ കാണപ്പെടുന്നു).
4. മതപരമായ മൈക്രോഅഗ്രഷനുകൾ : ആളുകളെ മതവിശ്വാസം, ഭക്ഷണരീതികൾ മതപരമായ വസ്ത്രങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഒഴിവാക്കുകയോ പരിഹസിക്കുകയോ ചെയ്യുക.
5. ഭാഷയെ അടിസ്ഥാനമാക്കിയുള്ള മൈക്രോഅഗ്രഷനുകൾ : ഒരു പ്രത്യേക ഭാഷയിലെ ഒരാളുടെ പ്രാവീണ്യത്തെ കളിയാക്കുകയോ അല്ലെങ്കിൽ ഒരു പ്രബല ഭാഷയിൽ പ്രാവീണ്യം ഇല്ലാത്തതിനാൽ അവരെ സംഭാഷണങ്ങളിൽ നിന്ന് ഒഴിവാക്കുകയോ ചെയ്യുക.
മുന്നോട്ടുള്ള വഴി…
തൊഴിലുടമകൾ മാനസിക ക്ഷേമത്തെ സജീവമായി അഭിസംബോധന ചെയ്യാൻ തയാറായേ മതിയാവൂ- അത്, ജീവനക്കാരുടെ സമ്മർദ്ദം കുറക്കും, ഇടപഴകലും പ്രവർത്തനക്ഷമതയും വർധിപ്പിക്കും. സ്വയം പ്രതിഫലനം, വിദ്യാഭ്യാസവും അവബോധവും പകരൽ, കേൾക്കാനും സഹാനുഭൂതി പുലർത്താനും സന്നദ്ധമാവൽ, തുറന്ന സംഭാഷണം, ജോലി സമയം സുഗമമാക്കി നൽകൽ, മാനസികാരോഗ്യം മെച്ചപ്പെടുത്താനാവശ്യമായ സൗകര്യങ്ങളൊരുക്കൽ, ക്രിയാത്മകമായ ഫീഡ്ബാക്ക് നൽകൽ എന്നിവയെല്ലാം മനോവീര്യവും മൊത്തത്തിലുള്ള പ്രകടനവും മികച്ചതാക്കുന്ന, സമഷ്ടി സ്നേഹമുള്ള സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള വഴികളാണ്. മാനസികാരോഗ്യത്തിൽ നിക്ഷേപിക്കുക എന്നത് ഏവർക്കും പ്രയോജനം ചെയ്യുന്ന തന്ത്രപരമായ തീരുമാനം കൂടിയാണ്.
(കലിക്കറ്റ് സർവകലാശാല മനശാസ്ത്ര വിഭാഗം മേധാവിയും അസി. പ്രഫസറുമാണ് ലേഖിക)