രക്തക്കുഴലുകൾ പൊട്ടും; എന്താണ് റുവാണ്ടയെ പിടിച്ചുകുലുക്കിയ മാർബർഗ് വൈറസ്
October 8, 2024ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ മാർബർഗ് വൈറസ് പടരുന്നു. രക്തക്കുഴലുകളിൽ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന മാർബര്‍ഗ് വൈറസ് കഴിഞ്ഞ മാസം അവസാനമാണ് റുവാണ്ടയിൽ സ്ഥിരീകരിച്ചത്.
മാരകമായ ഈ വൈറസ് റുവാണ്ടയുടെ ദുർബലമായ ആരോഗ്യ സംരക്ഷണ സംവിധാനത്തെയാണ് കീഴടക്കുന്നത്. കുറഞ്ഞത് 46 പേർ രോഗബാധിതരാകുകയും 12 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. രക്തസ്രാവം, അവയവ സ്‌തംഭനം എന്നിവക്ക് കാരണമാകുന്ന ഈ മാരക വൈറസ് ബാധിക്കപ്പെട്ടവരുടെ മരണനിരക്ക് 88 ശതമാനമാണ്.
എബോള വൈറസിന്റെ കുടുംബത്തിൽപ്പെട്ട ഫിലോവിരിഡേയില്‍ ഉള്‍പ്പെട്ട മാർബര്‍ഗ് പക്ഷേ എബോളയേക്കാള്‍ ഭീകരനാണ്. റുവാണ്ടയില്‍ 41 പേര്‍ക്കാണ് മാർബര്‍ഗ് വൈറസ് മൂലമുള്ള മാർബര്‍ഗ് വൈറസ് ഡിസീസ്(എം.വി.ഡി) സ്ഥിരീകരിക്കപ്പെട്ടത്. മാർബർഗ് വൈറസ് കേസുകളുടെ മരണനിരക്ക് 24% മുതൽ 88% വരെയാണ്. 1967-ൽ ജർമ്മനിയിലെ മാർബർഗിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
യുഗാണ്ടയില്‍ നിന്ന് ഇറക്കുമതി ചെയ്‌ത ആഫ്രിക്കന്‍ ഗ്രീന്‍ കുരങ്ങുകളെ ഉപയോഗിച്ചുള്ള ലാബ് പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അന്ന് വൈറസ് റിപ്പോർട്ട് ചെയ്തത്. പിന്നീട് അംഗോള, കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, യുഗാണ്ട എന്നിവിടങ്ങളില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2008ല്‍ യുഗാണ്ടയിലെ രണ്ട് സഞ്ചാരികള്‍ക്കും വൈറസ് സ്ഥിരീകരിച്ചിരുന്നു.
വൈറസ് ഉള്ളിലെത്തി രണ്ട് മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകും. ഉയര്‍ന്ന പനി, കടുത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കാറുള്ളത്. പേശി വേദന, അതിസാരം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ മൂന്നാം ദിവസം മുതല്‍ കണ്ട് തുടങ്ങും.
അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ മൂക്കില്‍ നിന്നും മോണകളില്‍ നിന്നും സ്വകാര്യഭാഗങ്ങളിൽ നിന്നും വരെ രക്തസ്രാവം തുടങ്ങും. ലക്ഷണങ്ങള്‍ ആരംഭിച്ച് എട്ട് മുതല്‍ ഒന്‍പത് ദിവസത്തിനുള്ളില്‍ രോഗിയുടെ നില വഷളായി മരണം വരെ സംഭവിക്കാനും ഇടയുള്ള മാരകമായ വൈറസാണിത്.
പഴം തീനി വവ്വാലുകളായ റോസെറ്റസില്‍ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് എത്തിയത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രക്തം, ശരീര സ്രവങ്ങള്‍, അവയവങ്ങള്‍, മുറിവുകള്‍ എന്നിവ വഴി വൈറസ് പകരാം. രോഗി ഉപയോഗിച്ച വസ്‌ത്രങ്ങള്‍, ബെഡ് ഷീറ്റുകള്‍ എന്നിവയും വൈറസ് വ്യാപനത്തിന് കാരണമാകാം.
മറ്റ് വൈറല്‍ പനികളിൽ നിന്ന് എം.വി.ഡിയെ തിരിച്ചറിയുക എളുപ്പമല്ല. എലീസ ടെസ്റ്റ്, ആന്റിജന്‍ ക്യാപ്‌ച്ചര്‍ ഡിറ്റക്ഷന്‍ ടെസ്റ്റ്, സെറം ന്യൂട്രലൈസേഷന്‍ ടെസ്റ്റ്, ആര്‍.ടി-പി.സി.ആര്‍ പരിശോധന, ഇലക്ട്രോണ്‍ മൈക്രോസ്‌കോപി, കോശ സംസ്‌കരണത്തിലൂടെയുളള വൈറസ് ഐസൊലേഷന്‍ എന്നിവ വഴിയെല്ലാം രോഗനിർണയം നടത്താം.