നടപടികൾ ഫലം കണ്ടു; മസ്കത്തിൽ ഡെങ്കിപ്പനി കേസുകൾ 93 ശതമാനം കുറഞ്ഞു
September 26, 2024മസ്കത്ത്: ഡെങ്കിപ്പനിയടക്കമുള്ള പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ഈഡിസ് കൊതുകിന്റെ നിയന്ത്രണത്തിന് ചുമതലയുള്ള ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനായി മസ്കത്ത് മുനിസിപ്പാലിറ്റി ആസ്ഥാനത്ത് യോഗം ചേർന്നു. മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാനും ടാസ്ക് ഫോഴ്സ് മേധാവിയുമായ അഹ്മദ് ബിൻ മുഹമ്മദ് അൽ ഹമീദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
2023-2024 കാലയളവിലെ ഈഡിസ് കൊതുകിനെ നിയന്ത്രിക്കുന്നതിനുള്ള എക്സിക്യൂട്ടിവ് പ്ലാനിന്റെ ഫലങ്ങൾ യോഗം ചർച്ച ചെയ്യുകയും 2024-2025 ലെ പദ്ധതിയുടെ രൂപരേഖ തയാറാക്കുകയും ചെയ്തു. ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പകർച്ചവ്യാധികളുടെ ഏറ്റവും പുതിയ സൂചകങ്ങളും അവതരിപ്പിച്ചു.
2023-2024 പദ്ധതിയുടെ ഭാഗമായി ഡെങ്കിപ്പനി കേസുകളിൽ ശ്രദ്ധേയമായ കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. മുൻ സീസണിനെ അപേക്ഷിച്ച് ഏകദേശം 93 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. കൊതുക് പെരുകുന്ന സ്ഥലങ്ങൾ ഇല്ലാതാക്കുന്നതിനായി 69,000 വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് നടപടികൾ സ്വീകരിച്ചതാണ് ഈ വിജയത്തിന്റെ പ്രാഥമിക കാരണം.
ഇത്തരം പ്രവർത്തനങ്ങൾ കൊതുകുകളുടെ എണ്ണം ഗണ്യമായി കുറക്കാൻ സാധിച്ചു. മസ്കത്ത് ഗവർണറേറ്റിലെ 84 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 266 സ്ഥിരമായ ചതുപ്പ് പ്രദേശങ്ങൾ പ്രധാന കൊതുക് പ്രജനന കേന്ദ്രങ്ങളായി കണ്ടെത്തി. ഈ മേഖലകളിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്താനായതും കൊതുകന്റെ വ്യാപനത്തെ ചെറുക്കാനായി. ഈഡിസ് കൊതുകിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിച്ച് സ്കൂളുകളിലും ആശുപത്രികളിലും 36 പരിപാടികൾ നടത്തി. കൂടാതെ, ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ബയോളജിക്കൽ പെസ്റ്റ് കൺട്രോൾ ഡിപ്ലോമ പ്രോഗ്രാമിനായി രണ്ട് സ്റ്റാഫ് അംഗങ്ങളെ ഇറാനിലേക്ക് അയക്കുന്നത് ഉൾപ്പെടെ മറ്റു രാജ്യങ്ങളുമായി അറിവ് പങ്കിടൽ സംരംഭങ്ങളും ആരംഭിച്ചു.
ഈഡിസ് കൊതുകിനെ നിയന്ത്രിക്കുന്നതിൽ മസ്കത്ത് മുനിസിപ്പാലിറ്റിയുടെ വിജയം യുനൈറ്റഡ് കിങ്ഡത്തിൽ നടന്ന ഒരു അന്താരാഷ്ട്ര കോൺഫറൻസിലും പ്രദർശിപ്പിച്ചിരുന്നു. ഡെങ്കിപ്പനി കേസുകളിൽ ഗണ്യമായ കുറവ് കൈവരിക്കാൻ സാധിച്ചതിന് അവിടെ നടന്ന സിമ്പോസിയത്തിൽ ഏറെ പ്രശംസിക്കപ്പെടുയും ചെയ്തു.
കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റിയിൽ ചേർന്ന യോഗം 2024-2025 വർക്ക് പ്ലാനിനെ കുറിച്ചും ചർച്ച ചെയ്തു. മുമ്പ് ഡെങ്കിപ്പനി ബാധിച്ച പ്രദേശങ്ങൾക്ക് മുൻഗണന നൽകുകയും കൊതുക് പ്രജനന കേന്ദ്രങ്ങൾ ഇല്ലാതാക്കാൻ സർക്കാർ സ്ഥാപനങ്ങളുമായി, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തും. കൊതുകിന്റെ സ്വഭാവം പഠിക്കാനും കീടനാശിനി തളിക്കുന്നതിന്റെ ഫലപ്രാപ്തി വിലയിരുത്താനും സ്മാർട്ട് കൊതുകു കെണികൾ വിന്യസിക്കുന്ന നൂതന വശവും മുനിസിപ്പാലിറ്റി തേടും.
കീടനാശിനികൾ ഉപയോഗിക്കാതെ തന്നെ കൊതുകുകളുടെ കൂട്ടത്തെ യാന്ത്രികമായി നിയന്ത്രിക്കാൻ സാധിക്കുന്ന തരത്തിൽ ഇലക്ട്രോണിക്, നോൺ ഇലക്ട്രോണിക് കെണികൾ പാർക്കുകളിൽ സ്ഥാപിക്കും. മറ്റു രാജ്യങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി കീട നിയന്ത്രണ ഉദ്യോഗസ്ഥർക്ക് പരിശീലനവും നൽകും.