എംപോക്സ്: വിമാനത്താവളത്തിൽ പ്രത്യേക നിരീക്ഷണം
September 24, 2024തിരുവനന്തപുരം: എംപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്നവർ താമസസ്ഥലത്തിന് സമീപമുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്നും രോഗലക്ഷണങ്ങളുണ്ടായാൽ അടിയന്തരമായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. ചികിത്സ തേടുന്ന ഡോക്ടറിനെ യാത്രാവിവരം അറിയിക്കണം.
തിരുവനന്തപുരം വിമാനത്താവളത്തിൽ ഇതിനായി പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കി. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം.
സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോസീജിയർ അനുസരിച്ചുള്ള ഐസൊലേഷൻ, സാമ്പിൾ കളക്ഷൻ, ചികിത്സ തുടങ്ങിയ സംവിധാനങ്ങൾ വിമാനത്താവളത്തിൽ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. ഫീൽഡ് തല നിരീക്ഷണ സംവിധാനങ്ങളും ഊർജിതമാക്കി.
രോഗലക്ഷണങ്ങൾ
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിന് പുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടും.
രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരുമ്പോഴും, സ്പർശനം, ലൈംഗികബന്ധം എന്നിവയിലൂടെയും രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രം, പാത്രങ്ങൾ, മൊബൈൽ തുടങ്ങിയവ പങ്കിടുന്നതിലൂടെയും എംപോക്സ് പകരും.
സുരക്ഷ മാർഗങ്ങൾ അവലംബിക്കാതെ അസുഖബാധിതരുമായി അടുത്തിടപഴകുന്നവർക്കാണ് എംപോക്സ് ഉണ്ടാകുന്നത്. കൂടുതൽ വിവരങ്ങൾക്ക് ദിശ : 104, 1056, 0471 2552056.
കൺട്രോൾ റൂം (ഡി.എം.ഒ ഓഫിസ്) : 9072055900.