ശ്വാസകോശ അണുബാധ മരുന്നില്ലാതെ പ്രതിരോധിക്കാന്‍ മാര്‍ഗരേഖ
December 27, 2022തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ലോകമെമ്പാടും കോവിഡ്, ഇന്‍ഫ്ലുവന്‍സ തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇവയെ മരുന്നുകള്‍ ഉപയോഗിക്കാതെതന്നെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കുകയാണ് ലക്ഷ്യം. കോവിഡടക്കം വൈറസുകള്‍ കൊണ്ടുണ്ടാകുന്ന എല്ലാത്തരം ശ്വാസകോശ രോഗങ്ങളെയും തടയാന്‍വേണ്ടിയാണ് മാര്‍ഗരേഖ പുറത്തിറക്കുന്നത്.
മാസ്ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം, ശ്രദ്ധയോടെ ചുമ – തുമ്മല്‍, വായു സഞ്ചാരമുള്ള മുറികള്‍ തുടങ്ങിയ ഔഷധ ഇതര ഇടപെടലുകളിലൂടെ രോഗസാധ്യത വളരെയധികം കുറക്കാനാകുമെന്ന് മാർഗരേഖയിൽ പറയുന്നു. എല്ലാവരും മാസ്ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കണം. ശരിയായ വായുസഞ്ചാരം ഉറപ്പാക്കുന്നത് വൈറസിന്റെ വ്യാപനം കുറക്കും.
വൈറസുകള്‍ കാരണമുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ മൂലമുണ്ടാകുന്ന ഗുരുതര പ്രശ്നങ്ങളും മരണങ്ങളും ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ഇടപെടല്‍. ഇൻഫ്ലുവന്‍സയുടെ രോഗലക്ഷണങ്ങളും കോവിഡിന്റെ രോഗലക്ഷണങ്ങളും സമാനമാണ്. ഇതു കൂടുതല്‍ തീവ്രമായി ബാധിക്കുന്നത് പ്രായമായവരെയും മറ്റ് അനുബന്ധ രോഗമുള്ളവരെയുമാണ്. പ്രായമായവരും രോഗമുള്ളവരും നിര്‍ബന്ധമായും മാസ്ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പാലിക്കണം.