വായിൽനിന്ന് ദുർഗന്ധം; ശ്വാസനാളത്തിൽ കണ്ടെത്തിയത് പാറ്റയെ
September 9, 2024ബെയ്ജിങ്: ചൈനയിലെ ഹൈക്കൗവിൽ താമസിക്കുന്ന 58കാരന് ദിവസങ്ങൾക്ക് മുമ്പ് ഉറക്കത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. മൂക്കിൽ എന്തോ ഇഴയുന്നതായി തോന്നിയതിനെ തുടർന്ന് ഉണരുകയും ഏറെ നേരം ചുമക്കുകയും മൂക്ക് ചീറ്റുകയും ചെയ്തു. തുടർന്ന് ഉറക്കം തുടരുകയും ചെയ്തു.
മൂന്നു ദിവസങ്ങൾക്കുശേഷം വായിൽനിന്നും അസാധാരണമായ വൻ ദുർഗന്ധം അനുഭവപ്പെടാൻ തുടങ്ങി. നന്നായി പല്ല് തേച്ചുനോക്കുകയും മറ്റു ശുചിത്വമാർഗങ്ങൾ പാലിച്ചിട്ടും ദുർഗന്ധം കുറഞ്ഞില്ല. പിന്നീട് ചുമയും ചുമക്കൊപ്പം മഞ്ഞ കഫം വരാനും തുടങ്ങി. ഇതോടെ ഇദ്ദേഹം ഡോക്ടറെ സമീപിച്ചു.
ആദ്യം ഇ.എൻ.ടി സ്പെഷലിസ്റ്റിനെ കണ്ടെങ്കിലും അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു മറുപടി. പക്ഷേ, ദുർഗന്ധത്തിനും ചുമക്കും കഫത്തിനും കുറവുണ്ടായില്ല. ഇതോടെ വിദഗ്ധ വൈദ്യസഹായം തേടുകയായിരുന്നു ഇദ്ദേഹം. സി.ടി സ്കാനിൽ ശ്വാസനാളത്തിൽ എന്തോ വസ്തു കണ്ടെത്തി. ഇതോടെ ഡോക്ടർ ബ്രോങ്കോസ്കോപ്പിക്ക് ഇദ്ദേഹത്തെ വിധേയനാക്കി. ബ്രോങ്കോസ്കോപ്പിയിലൂടെ പാറ്റയെ പുറത്തെടുക്കുകയും ചെയ്തു.
ഇതോടെ ദുർഗന്ധവും ചുമയും മാറുകയും ചെയ്തു. പൂർണമായി സുഖം പ്രാപിച്ച ഇദ്ദേഹം ആശുപത്രി വിടുകയും ചെയ്തു.