മിനിമലിസം ഒരു ജീവിതരീതിയാണ്
August 11, 2024എന്താണ് മിനിമലിസം എന്ന് പലരും വായിച്ചിട്ടുണ്ടാകാം. മിനിമലിസത്തെക്കുറിച്ച് വിശദമായി പറയുന്ന ഡോക്യുമെന്‍ററികളോ വീഡിയോകളോ കണ്ടിട്ടുമുണ്ടാകാം. ജീവിതത്തിൽ അച്ചടക്കത്തിനും സമാധാനത്തിനും സന്തോഷത്തിനും വഴികൊടുക്കുന്ന ഒരു ജീവിതരീതിയാണ് മിനിമലിസം.
ആഗ്രഹിക്കുന്ന സാധനം നിമിഷങ്ങൾക്കകം വിരൽത്തുമ്പിലൂടെ കണ്ടെത്താനും വീടിനു പുറത്തേക്കിറങ്ങുക പോലും ചെയ്യാതെ വീട്ടിലെത്തിക്കാനുമെല്ലാം കഴിയുന്ന ഈ ഡിജിറ്റൽ കാലത്ത് ഷോപ്പിങ് നമുക്ക് ഒരു ദൈനംദിന ശീലമായിക്കഴിഞ്ഞിരിക്കുന്നു. വീടുകളിൽ അനാവശ്യ സാധനങ്ങൾ കുമിഞ്ഞുകൂടുകയാണ്. ആവശ്യമുള്ളതു തന്നെയാണോ എന്നു നന്നായി ആലോചിച്ചാൽ വാങ്ങാൻ സാധ്യതയില്ലാത്ത പലതും നമ്മൾ ഷോപ്പിങ് ക്രേസ് കാരണം വാങ്ങിക്കൂട്ടുന്നു. ഇതുവഴി പരിസ്ഥിതിയിൽ പ്ലാസ്റ്റിക്-പേപ്പർ വേസ്റ്റുകളുടെ തോത് ഗണ്യമായി വർധിക്കുന്നു.
ഇന്നത്തെ ഈ സാഹചര്യത്തിലാണ് നാം മിനിമലിസത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങേണ്ടത്. അത് നമ്മുടെ സമാധാനപൂർണ്ണമായ ജീവിതത്തിനു വേണ്ടി മാത്രമല്ല, വരാനിരിക്കുന്ന പ്ലാസ്റ്റിക് ദുരന്തത്തിൽ നിന്ന് വരും തലമുറയെ രക്ഷിക്കാൻ കൂടിയാണ്.
മിനിമലിസം കൊണ്ടുള്ള പ്രയോജനങ്ങൾ
ഡീക്ലട്ടറിങ്ങാണ് മിനിമലിസത്തിന്‍റെ ഒരു പ്രധാനഗുണം. വീടു മുഴുവൻ ധാരാളം സാധനങ്ങൾ വാരിവലിച്ചിട്ടിരുന്നാൽ ഒരിക്കലും നമുക്ക് ഓർഗനൈസ്ഡ് ആവാൻ കഴിയില്ല. നമ്മുടെ എനർജി അവിടെ കുടുങ്ങിക്കിടക്കും. ആവശ്യമില്ലാത്ത സാധനങ്ങൾ തിരിച്ചറിഞ്ഞ് ഒഴിവാക്കി എനർജി തിരിച്ചുപിടിക്കേണ്ടത് സങ്കീർണ്ണമല്ലാത്ത ജീവിതത്തിന് ആവശ്യമാണ്.
മറ്റൊന്ന്, സ്‌പേസ് കൂടുതലുള്ളതായി അനുഭവപ്പെടുന്നതാണ്. വീടുകളിൽ ആവശ്യത്തിന് ബ്രീതിങ് സ്‌പേസ് ഇല്ലെങ്കിൽ മുറികൾ പോലെ നമ്മുടെ മനസ്സും തിങ്ങിയതും കൺഫ്യൂസ്ഡുമായി നിലനിൽക്കും. ചുറ്റുപാടിലുണ്ടാകുന്ന സ്‌പേസ് നമുക്ക് ചിന്തകളിലും പ്രവൃത്തികളിലും ക്ലാരിറ്റി നൽകും. വിൽപവറിനേക്കാൾ ശക്തിയാണ് പരിസ്ഥിതിക്ക് എന്നാണ് പറയുന്നത്. ചുറ്റുപാടുകൾക്ക് നമ്മുടെ വിൽപവറിനെ സ്വാധീനിക്കാൻ കഴിയും ചാരിറ്റി പോലുള്ള പ്രവൃത്തികളിൽ ഇടപെടാൻ കഴിയുന്നു. നമുക്ക് ഉപയോഗമില്ലാത്തതോ ആവശ്യമില്ലാത്തതോ ആയ സാധനങ്ങൾ അത് ആവശ്യമുള്ള ആളുകൾക്ക് നൽകാൻ കഴിയുന്നു.
മെറ്റീരിയലിസ്റ്റിക്കായ മനസ്സ് ഒരിക്കലും തൃപ്തിപ്പെടില്ല. പുതിയ ഓരോന്നിനായി മനസ്സ് ആഗ്രഹിച്ചുകൊണ്ടിരിക്കും. പലപ്പോഴും കടം വാങ്ങി പോലും നമ്മൾ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നു. എന്നാൽ, മിനിമലിസം ജീവിതശൈലിയാക്കി മാറ്റിയ ഒരാൾക്ക് അനാവശ്യ ബാധ്യതകളോ ടെൻഷനോ ഉണ്ടാവില്ല. മിനിമലിസം ഒരു ആത്മീയ ജീവിതരീതിയാണ്. ഭൗതികലോകത്തിന്‍റെ അമിത പ്രലോഭനങ്ങളിൽ വീഴാതെയും ജീവിതത്തിനാവശ്യമായവ മാത്രം സ്വരൂപിക്കുകയും ചെയ്യാൻ ഇത് നമ്മെ പ്രാപ്തരാക്കുന്നു. എല്ലാവരെയും ഒന്നുപോലെ കാണാനും എല്ലാവർക്കും നന്മ മാത്രം ആഗ്രഹിക്കാനും ഇതിനാൽ കഴിയുന്നു. സ്വാർത്ഥത വെടിയാനും നിസ്വാർത്ഥമായ ഒരു ജീവിതം മുന്നോട്ടുകൊണ്ടുപോകാനും മിനിമലിസം നമ്മെ സഹായിക്കുന്നു. മെറ്റീരിയലിസത്തിനു തികച്ചും വിപരീതമായ ഒരു ഫിലോസഫിയാണ് മിനിമലിസം. പെട്ടെന്നൊരു ദിവസം മുതൽ മിനിമലിസ്റ്റാവാൻ ശ്രമിച്ചാൽ പരാജയപ്പെട്ടേക്കാം. മിനിമലിസം പിന്തുടരാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഒരു ഐഡിയ താഴെ പറയുന്നു.വീട്ടിൽ ഒഴിഞ്ഞയിടത്ത് രണ്ടോ മൂന്നോ കാർഡ് ബോർഡ് ബോക്‌സുകൾ വെക്കുക. കാലങ്ങളായി ഉപയോഗിക്കാത്തതോ, ദൈനംദിന ജീവിതത്തിൽ ആവശ്യമില്ലാത്തതോ ആയ സാധനങ്ങൾ തിരിച്ചറിഞ്ഞ് ദിവസത്തിലോ ആഴ്ചയിലോ ഈ ബോക്‌സുകളിൽ നിക്ഷേപിക്കുക. ആദ്യത്തെ ബോക്‌സിൽ വസ്ത്രങ്ങളും രണ്ടാമത്തെ ബോക്‌സിൽ മറ്റു സാധനങ്ങളും ഇടുക. ഒരു മാസംകൊണ്ട് നിങ്ങളുടെ ബോക്‌സ് എത്രയായി എന്നു നോക്കുക. മിനിമലായ അസറ്റുകളുമായി കുറച്ചുനാൾ ജീവിച്ചുനോക്കുക. മാനസികമായി നിങ്ങൾക്ക് എന്ത് മാറ്റമുണ്ടായി എന്ന് നിരീക്ഷിക്കുക. നിങ്ങൾക്ക് യോജിച്ച ജീവിതശൈലിയാണോ എന്ന് കണ്ടെത്തി മുന്നോട്ടുള്ള ജീവിതം പ്ലാൻ ചെയ്യുക.