കോളറ വീണ്ടും ഭീതിയായെത്തുമ്പോൾ
July 15, 2024നെയ്യാറ്റിൻകരയിലെ ഒരു ഹോസ്റ്റൽ അന്തേവാസി കോളറ ബാധിച്ച് മരണപ്പെടുകയും നിരവധി പേരിൽ രോഗലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്ത സാഹചര്യത്തിൽ കേരളം വീണ്ടും ഭീതിയിലായിരിക്കുന്നു. സാമൂഹികാരോഗ്യത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കുന്ന ഈ പകർച്ചവ്യാധി വിബ്രിയോ കോളറ (Vibrio Cholerae), വിബ്രിയോ എൽട്ടോർ (Eltor) എന്നീ ബാക്ടീരിയകളുടെ പ്രവർത്തനഫലമായി കുടലിൽ ഉണ്ടാവുന്നതാണ്. പൊടുന്നനെ ഉണ്ടാവുന്ന രൂക്ഷമായ വയറിളക്കമായാണ് രോഗം തുടങ്ങുക.
രോഗാണു കുടലിൽ എത്തിച്ചേർന്നാൽ, അതിസാരം, ഛർദി, വയറുവേദന, തളർച്ച എന്നിവ അനുഭവപ്പെടും. പേശി കൊളുത്തിപ്പിടിക്കൽ, വൃക്ക സ്തംഭനം, ശ്വാസകോശത്തിൽ നീര്, ഹൃദയപ്രശ്നങ്ങൾ എന്നിവയാണ് സങ്കീർണതകൾ. ദ്രവങ്ങളും ലവണങ്ങളും ശരീരത്തിൽനിന്ന് നഷ്ടപ്പെടുന്നതോടെ രോഗിക്ക് വല്ലാത്ത തളർച്ച സംഭവിക്കും. ചികിത്സിച്ചാൽ നാലുമുതൽ ആറുദിവസം കൊണ്ട് സുഖപ്പെടുത്താവുന്ന രോഗമാണിത്. എന്നാൽ, തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണകാരണമായി മാറാം.
രോഗാണുക്കൾ
അതിവേഗത്തിലുള്ള ചലനശേഷിയാണ് കോളറ രോഗാണുക്കളുടെ ഏറ്റവും വലിയ പ്രത്യേകത. ചൂട്, വരൾച്ച, ആസിഡ് എന്നിവയിൽ നശിക്കുമെങ്കിലും ക്ഷാര (Alkali)ത്തിൽ നശിക്കുന്നില്ല. 55 ഡിഗ്രി സെൽഷ്യസിൽ 15 മിനിറ്റു കൊണ്ട് നശിക്കുന്ന ഇവ ഉണങ്ങിയ തുണി, നൂൽ എന്നിവയിൽ മൂന്ന് ദിവസംവരെ തങ്ങിനിൽക്കും. എൽട്ടോർ ഇനത്തിലെ രോഗാണുക്കൾക്ക് വിബ്രിയോ കോളറയെക്കാൾ അതിജീവനശേഷിയുണ്ട്. ഇവക്ക് ശുദ്ധജലത്തിലും കടൽവെള്ളത്തിൽപോലും നിലനിൽക്കാനാവും.
പഴങ്ങളിൽ അഞ്ച് ദിവസം വരെയും ഫ്രിഡ്ജിൽ ഒരാഴ്ചയും നിലനിൽക്കും. ഒന്നുമുതൽ അഞ്ചു ദിവസംവരെ ഇൻകുബേഷൻ കാലാവധിയുള്ള ഈ അണുക്കൾ ജലം, പാൽ, പഴം, പച്ചക്കറികൾ എന്നിവയിലൂടെയാണ് ശരീരത്തിൽ പ്രവേശിക്കുന്നത്. സാധാരണഗതിയിൽ കുടലിനുള്ളിലെ ശ്രവങ്ങൾ പലപ്പോഴും അണുബാധക്ക് പ്രതിരോധം സൃഷ്ടിക്കും. എന്നാൽ, ആമാശയത്തിലെ ആസിഡിന്റെ അളവ് കുറവുള്ള ആളുകൾ, കുട്ടികൾ, വയോധികർ തുടങ്ങിയവർക്ക് രോഗസാധ്യത കൂടുതലാണ്.
രോഗികളിൽനിന്നും വാഹകരിൽനിന്നും രോഗം പകരാം. സംഭരിച്ച കുടിവെള്ളത്തിൽ മാലിന്യം കലർന്നാണ് മിക്കപ്പോഴും രോഗം പടരുന്നത്. കൂടുതൽ ആളുകൾ ഇടപഴകുന്ന മേളകൾ, വിരുന്നുകൾ എന്നിവ രോഗപ്പകർച്ചാ കേന്ദ്രങ്ങളായിമാറാറുണ്ട്. തുറസ്സായ സ്ഥലങ്ങളിലെ വിസർജനവും മലിനജലം കെട്ടിക്കിടക്കുന്നതും രോഗാണു വളർച്ചക്ക് വഴിവെക്കും. സാധാരണ അണുനാശിനികൾ പ്രയോഗിച്ച് ഇവയെ നശിപ്പിക്കാം.
ചികിത്സ
ശരീരത്തിൽനിന്ന് നഷ്ടപ്പെട്ട ജലാംശവും ലവണങ്ങളും വീണ്ടെടുത്താൽ മാത്രമേ രോഗിയെ ബാധിച്ച കടുത്ത തളർച്ചയിൽ മാറ്റമുണ്ടാവൂ. ജലാംശം, രക്തസമ്മർദം, ഹൃദയ-നാഡിമിടിപ്പുകൾ എന്നിവ സാധാരണഗതിയിലാവുന്നതുവരെ വായിലൂടെയും വേണ്ടിവന്നാൽ ഞരമ്പിലൂടെയും ഇവ നൽകുന്നത് തുടരണം. അതിസാരം ശമിപ്പിക്കാൻ ആന്റിബയോട്ടിക്കുകളും നൽകേണ്ടിവരും. കോളറ വാക്സിന്റെ ഫലപ്രാപ്തി 50 ശതമാനം മാത്രമാണ്.
ജാഗ്രത, പ്രതിരോധം
- വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, തിളപ്പിച്ച വെള്ളത്തിൽ തിളപ്പിക്കാത്ത വെള്ളം ചേർത്ത് ഉപയോഗിക്കരുത്.
- ആഹാരം, കുടിവെള്ളം എന്നിവ അടച്ചുവെക്കുക
- മാസം, മത്സ്യം, കൊഞ്ച്, കക്ക ഇറച്ചി എന്നിവ വൃത്തിയായി കഴുകിയശേഷം മാത്രം പാകം ചെയ്യുക, ഇവക്കൊപ്പം പാലുൽപന്നങ്ങൾ സൂക്ഷിക്കരുത്. പച്ചക്കറി, പഴങ്ങൾ എന്നിവ നന്നായി കഴുകി, തൊലികളഞ്ഞ് ഉപയോഗിക്കുക. സാലഡുകളും ശരിയായി പാകം ചെയ്യാത്ത ഭക്ഷണങ്ങളും ഒഴിവാക്കുക. വൃത്തിയായി നിർമിക്കുകയും സൂക്ഷിക്കുകയും ചെയ്തത് എന്നുറപ്പില്ലാത്ത ഐസ് ഉപയോഗിക്കരുത്. ചുരണ്ടി ഐസ് (ഐസ് ഒരതി) പോലുള്ള വസ്തുക്കൾ ഒഴിവാക്കുക.
- ആഹാരം കഴിക്കും മുമ്പെയും ശേഷവും, ടോയ്ലെറ്റിൽ പോയശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
- വയറിളക്കം, ഛർദി എന്നിവയുണ്ടായാൽ സമയം പാഴാക്കാതെ അടിയന്തര ചികിത്സ ആരംഭിക്കുക.
- ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഒ.ആർ.എസ് എന്നിവ കുടിക്കുക, സിങ്ക് ഗുളികയും കഴിക്കുക.
- ഗ്രാമ്പൂ ഇട്ട് തിളപ്പിച്ച വെള്ളം, മലർ, ജീരകം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം എന്നിവ ധാരാളം കുടിപ്പിക്കുക.