പരീക്ഷണം വിജയം; അപസ്മാരം പ്രതിരോധിക്കാൻ തലയിൽ ചിപ്പ്
June 27, 2024തലയോട്ടിയിൽ ചിപ്പ് വെച്ചുപിടിപ്പിച്ച് അപസ്മാരം നിയന്ത്രിക്കാനുള്ള പരീക്ഷണം വിജയം. ഒക്ടോബറിൽ ലണ്ടനിലെ ഓറൻ നോൾസൻ എന്ന 13കാരന്റെ തലയോട്ടിയിലാണ് ചിപ്പ് ഘടിപ്പിച്ച് പരീക്ഷണം നടത്തിയത്. ചിപ്പ് വെച്ചതോടെ, പകൽ സമയത്തെ അപസ്മാര പ്രശ്നങ്ങൾ 80 ശതമാനം കുറഞ്ഞതായി കണ്ടെത്തി.
ചികിത്സിച്ചുഭേദമാക്കാൻ പ്രയാസമായ ലെനോക്സ്-ഗ്യാസ്റ്റൗട്ട് സിൻഡ്രം എന്ന അപസ്മാരമായിരുന്നു നോൾസന്റേത്. മൂന്നാംവയസ്സിൽ പിടിപെട്ട രോഗം ഏതുസമയവും പ്രകടമാകുമെന്നതിനാൽ 24 മണിക്കൂറും ശ്രദ്ധേവേണമായിരുന്നു. ഇത് രക്ഷിതാക്കൾക്ക് വലിയ ആശങ്കയായിരുന്നു. ഇത്തരത്തിൽ ലക്ഷക്കണക്കിന് ആളുകൾ ലോകത്ത് ജീവിച്ചിരിക്കുന്നുണ്ട്.
ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ (ഗോഷ്) ഡോക്ടർ വർഷങ്ങളായി ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന അന്വേഷണത്തിലായിരുന്നു. ഇതേ ഡോക്ടർമാർ തന്നെയാണ് ഓറനെയും ചികിത്സിച്ചതും ചിപ്പ് വെച്ചുപിടിപ്പിച്ചതും. ചിപ്പിൽനിന്നുള്ള നേരിയ വൈദ്യുതിതരംഗങ്ങൾ അപസ്മാരമുണ്ടാക്കുന്ന തരംഗങ്ങളെ തടയും.