ചാക്യാർക്കൂത്തിലൂടെ സ്കീസോഫ്രീനിയ ബോധവത്കരണം
May 25, 2024കോഴിക്കോട്: മാനസികരോഗങ്ങളെക്കുറിച്ചുള്ള പൊതുജന ബോധവത്കരണത്തിൽ വ്യത്യസ്തതയുമായി ‘ചാക്യാർക്കൂത്ത്’. സ്കീസോഫ്രീനിയ ദിനത്തിന്റെ ഭാഗമായി മലാപ്പറമ്പ് ‘ചേതന ഹോസ്പിറ്റൽ’ ഓഡിറ്റോയത്തിൽ നടന്ന ബോധവത്കരണ പരിപാടിയിൽ കലാമണ്ഡലം ശ്രീനാഥിന്റെ ചാക്യാർകൂത്താണ് അരങ്ങേറിയത്.
പുരാണകഥയിലെ സന്ദർഭം പറഞ്ഞ് മാനസിക രോഗങ്ങളെക്കുറിച്ചും അതിൽ സമൂഹത്തിനുള്ള പങ്കിനെക്കുറിച്ചും ചാക്യാർ അക്ഷേപഹാസ്യരൂപത്തിൽ അവതരിപ്പിച്ചത് സദസ്സിന് പുതുമയായി. തണൽ ആത്മഹത്യാ പ്രതിരോധകേന്ദ്രം, ഐ.എം.എ കോഴിക്കോട്, കോമ്പോസിറ്റ് റീജ്യണൽ സെന്റർ ഫോർ പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ്, ചേതന- സെന്റർ ഫോർ ന്യൂറോസൈക്യാട്രിക് റീഹാബിലിറ്റേഷൻ എന്നിവയുടെ ആഭിമുഖ്യത്തലായിരുന്നു സ്കീസോഫ്രീനിയ ദിനാചരണം.
ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.കെ. രമ എം.എൽ.എ മുഖ്യാതിഥിയായി. സെമിനാറിൽ ‘മലയാളിയും മാസുന്ന മനസ്സും’ എന്ന വിഷയത്തിൽ ചേതന- സെന്റർ ഫോർ ന്യൂറോസൈക്യാട്രിക് റീഹാബിലിറ്റേഷൻ ഡയറക്ടർ ഡോ. പി.എൻ. സുരേഷ് കുമാറും ‘സ്കീസോഫ്രീനിയക്കുള്ള മനഃശാസ്ത്ര ചികിത്സാ രീതികളെ’ക്കുറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബിനിതയും ക്ലാസെടുത്തു.
ഡോ. ശങ്കർ മഹാദേവൻ, ഡോ. എം.കെ. അബ്ദുൽ ഖാദർ, ഡോ. റോഷൻ ബിജിലി, ഡോ. ഷീബ ജോസഫ്, ഡോ. എം.ജി. വിജയകുമാർ, ബിനിത, നഗരസഭാംഗം ശോഭിത, അഡ്വ. പി.എ. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു.