ആശ്വാസം; ചികിത്സയിലുള്ള നാലുകുട്ടികൾക്കും അമീബിക് മസ്തിഷ്ക ജ്വരമില്ല
May 16, 2024കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന നാലു കുട്ടികൾക്കും അമീബിക് മസ്തിഷ്ക ജ്വരമില്ല. നാലുപേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. നിലവിൽ രോഗം സ്ഥിരീകരിച്ച മൂന്നിയൂർ സ്വദേശി അഞ്ചുവയസുകാരിയുടെ ബന്ധുക്കളാണിവർ.
അഞ്ചുവയസുകാരി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. മൂന്നിയൂരിലെ പുഴയിൽ കുടുംബത്തോടൊപ്പം കുളിച്ചിരുന്ന കുട്ടിക്ക് പനി ബാധിച്ചിരുന്നു. ഭേദമാകാത്തതിനെ തുടർന്നാണ് മേയ് 10ന് കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
മസ്തിഷ്‍കത്തെ കാർന്നു തിന്നുന്ന ഒരു തരം അമീബ ശരീരത്തിലെത്തിയാൽ ഉണ്ടാകുന്ന രോഗാവസ്ഥയാണ് അമീബിക് മസ്തിഷ്‍ക ജ്വരം. നെഗ്‌ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപെട്ട രോഗാണുവാണ് രോഗത്തിന് കാരണം. ഇത് മസ്തിഷ്‍കത്തെ ബാധിക്കുമ്പോഴാണ് രോഗമുണ്ടാകുന്നത്. ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൂടിയാണ് അമീബ മൂക്കിലൂടെ ഒരാളുടെ ശരീരത്തിലെത്തുന്നത്.