അഞ്ചിലൊന്ന് അമ്മമാരും പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നു
May 13, 2024പുതിയ അമ്മമാരിൽ 20 ശതമാനവും പോസ്റ്റ്പാർട്ടം ഡിപ്രഷനിലൂടെ കടന്നുപോവുകയാണെന്ന് ഡോക്ടർ. കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയതിനു ശേഷം അമ്മാർക്കുണ്ടാകുന്ന ഗുരുതരമായ മാനസികാവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദം. അതായത് അഞ്ചിലൊന്ന് അമ്മമാരും പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നു. ശരിയായ പിന്തുണ ലഭിച്ചില്ലെങ്കിലും അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തെ ഇത് ഗുരുതരമായി ബാധിക്കാം. പോസ്റ്റ്പാർട്ടം ഡിപ്രഷനിലേക്ക് നയിക്കുന്ന കാരണങ്ങൾ കണ്ടെത്തിയിട്ടില്ല.
പ്രസവ ശേഷം മിക്ക സ്ത്രീകളും അഭിമുഖീകരിക്കുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമായ അവസ്ഥയാണിത്. സങ്കടം, ഉൽക്കണ്ഠ, ക്ഷീണം തുടങ്ങിയവയാണ് ഈ അവസ്ഥയുടെ ചില ലക്ഷണങ്ങൾ. ചിലർക്ക് ഹോർമോൺ തകരാറുകളും ഉറക്കക്കുറവും ക്ഷീണവും അനുഭവപ്പെടാം. പ്രസവശേഷം രണ്ടാഴ്ചക്കുള്ളിൽ 22 ശതമാനം അമ്മമാർക്കും പ്രസവാനന്തര വിഷാദം അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. വൈകിയുള്ള ഗർഭധാരണം, അതിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ, ഐ.വി.എഫ് പോലുള്ള ചികിത്സാരീതികളിലൂടെയുള്ള ഗർഭം, മാസം തികയാതെയുള്ള പ്രസവം എന്നിവ അമ്മയുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്ന് ഗുരുഗ്രാമിലെ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ന്യൂറോ സയൻസിലെ സൈക്യാട്രി അസോസിയേറ്റ് ഡയറക്ടർ ഡോ. സൗരഭ് മെഹ്റോത്ര പറയുന്നു. ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകദേശം 70-80 ശതമാനം അമ്മമാർക്കും പ്രസവാനന്തര വിഷാദം അനുഭവപ്പെടുന്നതായി ഡോക്ടർ സൗരഭ് സൂചിപ്പിച്ചു. പങ്കാളിയുടേതടക്കം വീട്ടുകാരുടെ മാനസിക പിന്തുണയാണ് ഇതിന്റെ പ്രധാന മരുന്ന്.
ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, കടുത്ത ദേഷ്യം, കുഞ്ഞിനോട് സ്നേഹം തോന്നായ്ക എന്നിവയും പ്രസവാനന്തര വിഷാദത്തിന്റെ ലക്ഷണങ്ങളാണ്. മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ അവസ്ഥ മാസങ്ങളോളം നീണ്ടുനിൽക്കുമെന്ന് ബംഗളൂരുവിലെ വൈറ്റ്ഫീൽഡ് മദർഹുഡ് ഹോസ്പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റായ ഡോ. തേജി ദവാനെ ചുണ്ടിക്കാട്ടി. കൗൺസലിങ്, തെറാപി എന്നിവ വഴി വിഷാദത്തിന്റെ ആഘാതം കുറക്കാനാകും. ചിലപ്പോൾ മരുന്നുകളും ആവശ്യമായി വന്നേക്കാം. എല്ലാത്തിനും പ്രധാനം കുടുംബത്തിന്റെ പിന്തുണ വലുതാണെന്നും ഡോക്ടർ പറയുന്നു.