മഞ്ഞപ്പിത്തം: മരണം എട്ടായി, മലപ്പുറത്ത് അടിയന്തര യോഗം നാളെ, ജില്ലയിൽ 3000ത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു
May 12, 2024മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് (വൈറൽ ഹെപ്പറ്റൈറ്റിസ്) എട്ട് പേർ മരിച്ച സാഹചര്യത്തിൽ ഏറെ ജാഗ്രത പാലിക്കണമെന്ന് മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. പുതിയ സാഹചര്യത്തിൽ തിങ്കളാഴ്ച അടിയന്തരയോഗം ജില്ല മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ നടക്കും. ജില്ലയിൽ ഞായറാഴ്ച രണ്ട് പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്.
മലപ്പുറം ജില്ലയിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ എട്ട് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്ട്ട് ചെയ്തു. നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്. ജില്ലയിൽ ഈ വർഷം ജനുവരി മുതൽ 3184 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും 1032 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംശാസ്പദമായ അഞ്ച് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് പോത്തുകല്ല്, കുഴിമണ്ണ, ഒമാനൂർ, പൂക്കോട്ടൂർ, മൊറയൂർ, പെരുവള്ളൂർ എന്നീ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലും ആണ്.
എന്താണ് വൈറൽ ഹെപ്പറ്റൈറ്റിസ്
വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ കരളിന്റെ പ്രവർത്തനത്തിനെ ബാധിച്ച് മരണം വരെ സംഭവിക്കാം. അതിനാൽ തന്നെ രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ ശാസ്ത്രീയമായ ചികിത്സാരീതികൾ തേടണം.
പ്രതിരോധ മാർഗങ്ങൾ
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക
ആഹാരം പാകംചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും ശൗചാലയം ഉപയോഗിച്ചശേഷവും പുറത്തുപോയി വന്നശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക
കിണറിന് ചുറ്റുമുള്ള പരിസരങ്ങളിൽ വൃത്തിഹീനമായ രീതിയിൽ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക. മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളിൽ കുടിവെള്ള സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക.
വൃത്തിഹീന സാഹചര്യത്തിൽ പാചകംചെയ്ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക
പഴവർഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയശേഷം മാത്രം ഉപയോഗിക്കുക
തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജനം ചെയ്യാതിരിക്കുക
കുഞ്ഞുങ്ങളുടെ വിസർജ്യങ്ങൾ ശൗചാലയത്തിലൂടെ മാത്രം നീക്കംചെയ്യുക
വീട്ടുപരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ചശല്യം ഒഴിവാക്കുക.
രോഗബാധയുള്ള പ്രദേശങ്ങളിൽ സ്കൂളുകളിലും കോളജുകളിലും ജോലിസ്ഥലങ്ങളിലും മറ്റും ഭക്ഷണവും കുടിവെള്ളവും പങ്കുവെച്ച് കഴിക്കുന്നത് ഒഴിവാക്കുക
ആഹാരസാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചുസൂക്ഷിക്കുക