വെസ്റ്റ് നൈൽ പനി; ആശങ്ക വേണ്ട
May 8, 2024സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചിരിക്കുകയാണല്ലോ. കോഴിക്കോട്, മലപ്പുറം ജില്ല കളിലായി 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണ്. എന്താണ് വെസ്റ്റ് നൈൽ പനി എന്ന് നോക്കാം.
വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ച വ്യാധിയാണ് വെസ്റ്റ് നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. രോഗപ്പകർച്ചയുണ്ടാകുന്നതാകട്ടെ പക്ഷികളിൽ നിന്ന് കൊതുകുകൾ വഴി മനുഷ്യരിലേക്കും. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല.
1937ൽ ഉഗാണ്ടയിലാണ് ആദ്യമായി ഈ വൈറസിനെ കണ്ടെത്തുന്നത്. കേരളത്തിൽ 2011ൽ ആലപ്പുഴയിലാണ് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. രക്തത്തിലൂടെയും, അവയവദാനത്തിലൂടെയും അമ്മയിൽ നിന്ന് മുലപ്പാലിലൂടെ കുഞ്ഞിനും, ഗർഭിണിയിൽ നിന്ന് ഗർഭസ്ഥ ശിശുവിനും അപൂർവമായി രോഗം ബാധിക്കാം.
തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗ ബാധിതരായ ഒട്ടുമിക്ക ആളുകളിലും പലപ്പോഴും പ്രകടമായ ലക്ഷണങ്ങൾ ഒന്നും തന്നെ കാണാറില്ല. 10 മുതൽ 20 ശതമാനം ആളുകൾക്കാണ് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. മറ്റു ചിലരിൽ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയവയും കാണുന്നു. വൈറസ് ബാധയേറ്റ് രണ്ട് മുതൽ ആറ് വരെയുള്ള ദിവസങ്ങളിൽ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. പതിനാല് ദിവസം വരെ ലക്ഷണങ്ങൾ ഇല്ലാതിരുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വെസ്റ്റ് നൈൽ പനിക്ക് പ്രത്യേക വാക്സിനുകളോ ആൻറിവൈറസ് ചികിത്സകളോ ഇല്ല. രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് നൽകാറുള്ളത്. രണ്ടോ മൂന്നോ ആഴ്ച കൊണ്ട് രോഗം പൂർണമായും ഭേദമാകും. എന്നാൽ രോഗം മൂലം ശരീരത്തിനുണ്ടായ ക്ഷീണം മാറാൻ മാസങ്ങൾ വേണ്ടിവന്നേക്കാം. കൊതുക് വഴി പകരുന്നതിനാൽ കൊതുകിന്റെ ഉറവിട നശീകരണമാണ് പ്രതിരോധ മാർഗത്തിൽ പ്രധാനം. മലിനജലം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം. ഇതോടൊപ്പം ഓടകൾ. സെപ്റ്റിക് ടാങ്ക്, ബെന്റ് പൈപ്പ് എന്നിവയുടെ ചോർച്ചകൾ ഇല്ലാതാക്കുക, ഫോഗിംഗ്, സ്പ്രേയിംഗ് എന്നിവയ്ക്കാണ് പ്രാധാന്യം നൽകേണ്ടതാണ്.
ഏത് പ്രായത്തിലുള്ളവരിലും വൈറസ് ഉണ്ടായേക്കാം. എന്നാൽ, 60 വയസിന് മുകളിലുള്ളവർ, ഡയബറ്റിസ്, കാൻസർ, രക്തസമ്മർദ്ദം, കിഡ്‌നിരോഗ ബാധിതർ തുടങ്ങി പ്രതിരോധം കുറഞ്ഞ ആർക്കും വൈറസ് ബാധ ഗുരുതരമാകാൻ സാധ്യതയുണ്ട്. മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരലക്ഷണങ്ങൾ ഉള്ളവരിൽ രോഗം മൂർച്ഛിക്കാം. ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കും. എന്നാൽ കണക്കുകൾ പ്രകാരം വെസ്റ്റ് നൈൽ പനി ബാധിച്ചുള്ള മരണനിരക്ക് വളരെ കുറവാണ്. സംശയാസ്പദമായ ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുക. പരിഭ്രാന്തിപ്പെടാതെ പ്രതിരോധം തീർത്താൽ ഈ രോഗത്തെയും നമുക്ക് അതിജീവിക്കാം.