കോവിഡ് വീണ്ടും; ജാഗ്രത വേണമെന്ന് ഐ.എം.എ
April 17, 2024കൊച്ചി: കോവിഡ് വീണ്ടും തലപൊക്കുന്നതായി ഐ.എം.എ കൊച്ചി. സംഘടനയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍,സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ നടത്തിയ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച വിലയിരുത്തല്‍. ചില വൈറല്‍ രോഗങ്ങളുടെ സവിശേഷതയാണിതെങ്കിലും കോവിഡിനിടയിലെ ഇടവേള ഇത്രയും ചുരുങ്ങിയത് ആദ്യമായാണെന്നും യോഗം വിലയിരുത്തി.
ഏപ്രില്‍ രണ്ടാം വാരം നടത്തിയ പരിശോധനയില്‍ ഏഴുശതമാനം ടെസ്റ്റുകള്‍ പോസിറ്റിവായിട്ടുണ്ട്. എന്നാല്‍, ഗുരുതരാവസ്ഥ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ബംഗളൂരുവില്‍ ഈ മാസത്തെ വേസ്റ്റ് വാട്ടര്‍ പരിശോധനയില്‍ വൈറസ് സജീവമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനർഥം രാജ്യത്ത് കോവിഡ് വീണ്ടും കാണപ്പെട്ടുതുടങ്ങി എന്നാണ്. കോവിഡാനന്തര പ്രശ്നങ്ങള്‍ വരാതിരിക്കാൻ ആവര്‍ത്തിച്ചുള്ള രോഗം ഒഴിവാക്കുന്നതാണ് നല്ലതെന്ന് യോഗം മുന്നറിയിപ്പ് നല്കി.
ഡെങ്കിപ്പനി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കണമെന്നും ഭക്ഷ്യവിഷബാധക്കെതിരെ മുന്‍കരുതല്‍ വേണമെന്നും യോഗം ചൂണ്ടിക്കാട്ടി. ഐ.എം.എ കൊച്ചി സയന്റിഫിക് അഡ്വൈസര്‍ ഡോ. രാജീവ് ജയദേവന്, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. എം.എം. ഹനീഷ്, മുന്‍ പ്രസിഡന്റുമാരായ ഡോ. സണ്ണി പി. ഓരത്തേല്‍, ഡോ. മരിയ വര്‍ഗീസ്, ഡോ. എ. അല്‍ത്താഫ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.