ചിക്കന്‍പോക്സ്: കരുതൽ വേണം, ചികിത്സ തേടണം
April 7, 2024കൊല്ലം: കടുത്ത ചൂട് തളർത്തുന്നതിനിടെ ചിക്കൻ പോക്സ് പോലുള്ള രോഗങ്ങൾ വ്യാപകമാകുന്നതിനെ കരുതിയിരിക്കണം. ചിക്കന്‍പോക്സ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ യഥാസമയം ചികിത്സ തേടണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവകുപ്പ്. ചിക്കന്‍പോക്സ് കുമിളകളിലെ സ്രവങ്ങളില്‍ നിന്നും, അണുബാധയുള്ളവര്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 10 മുതല്‍ 21 ദിവസം വരെ സമയമെടുത്തേക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിനു രണ്ട് ദിവസം മുമ്പു മുതല്‍ അവ ഉണങ്ങുന്നത് വരെ അണുബാധ പകരാം.
പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകള്‍, എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യാം. ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്, ദീര്‍ഘകാലമായി ശ്വാസംമുട്ട്, ത്വക്ക് രോഗങ്ങള്‍ ഉള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടാല്‍ ഗുരുതരമാകാനുള്ള സാധ്യതയുണ്ട്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:
– രോഗബാധിതര്‍ വായുസഞ്ചാരമുള്ള മുറിയില്‍ പരിപൂര്‍ണ വിശ്രമം എടുക്കണം
– ധാരാളം വെള്ളം കുടിക്കണം
– പഴവര്‍ഗങ്ങള്‍ കഴിക്കാം
– മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം
– രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടാതെ ബ്ലീച്ചിങ് ലായനി ഒഴിച്ച് വൃത്തിയാക്കുക
– ചൊറിച്ചിലിന് കലാമിന് ലോഷന്‍ ഉപയോഗിക്കുക.
– കുഞ്ഞുങ്ങളുടെ ശരീരം മൃദുവായ തുണി കൊണ്ട് ഒപ്പിയെടുക്കുക
– മുതിര്‍ന്നവര്‍ക്ക് ചൊറിച്ചില്‍ കുറയ്ക്കാന്‍ സാധാരണ വെള്ളത്തില്‍ കുളിക്കാം
– കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം
– കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം
– സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും നിര്‍ത്തരുത്