ഇന്ന് ലോക ക്ഷയരോഗ ദിനം; തിരിച്ചറിയാം ചികിത്സനേടാം

ഇന്ന് ലോക ക്ഷയരോഗ ദിനം; തിരിച്ചറിയാം ചികിത്സനേടാം

March 24, 2024 0 By KeralaHealthNews

മാർച്ച് 24 ലോക ക്ഷയരോഗ (ടിബി) അവബോധ ദിനം. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ക്ഷയരോഗത്തെപ്പറ്റി ആളുകളെ ബോധവാന്മാരാക്കുന്നതിനായി ആചരിക്കുന്ന ദിനമാണ്. 1882 മാർച്ച് 24നാണ് റോബർട്ട് കോച് എന്ന ശാസ്ത്രജ്ഞൻ ട്യൂബക്കൾ ബാസ്സിലി(Tubercle bacilli) രോഗാണുവാണ് ടി ബി രോഗമുണ്ടാക്കുന്നത് എന്ന് ഔദ്യോഗികമായി പ്രസ്താവിച്ച ദിനം. ആ ദിവസത്തിന്റെ സ്മരണക്കായാണ് എല്ലാവർഷവും ഈ ദിനം ടി ബി ദിനമായി ആചരിക്കപ്പെടുന്നത്.

ലോകത്താകമാനം ഏറ്റവും കൂടുതൽ മരണത്തിന് കാരണമാകുന്ന ഇൻഫക്ഷസ് ഡിസീസ് രോഗമാണ് ടി ബി. അതായത് വർഷംതോറും 1 കോടിയിലധികം പുതിയ ടിബി രോഗികൾ ഉണ്ടാവുകയും, ഏകദേശം 13 ലക്ഷത്തോളം ആൾക്കാർ ടി ബി രോഗകാരണത്താൽ മരണപ്പെടുകയും ചെയ്യുന്നു. ലോകത്താകെയുള്ള ടി ബി രോഗികളിൽ മൂന്നിൽ ഒന്ന് ഇന്ത്യയിലാണ്. 3.31 ലക്ഷം ആളുകൾ ഇന്ത്യയിൽ ടി ബി രോഗം മൂലം മരണമടഞ്ഞു. കോവിഡ് വന്നപ്പോൾ കോവിഡ് രോഗം മരണ കാരണത്തിൽ ടി ബി യെ മറികടന്നെങ്കിലും, കോവിഡ് രോഗം കുറഞ്ഞപ്പോൾ ഇപ്പോൾ വീണ്ടും കൂടുതൽ ആൾക്കാരുടെ മരണത്തിന് ടി ബി രോഗാണു കാരണമാവുകയാണ്.

ടി ബി രോഗം:

നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളെയും ബാധിക്കുന്ന ഒരു രോഗമാണ് ടി ബി. ഇത് ഏറ്റവുംകൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയായതിനാൽ അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ അണ് പൊതുവായി ആളുകൾ ടി ബി ലക്ഷങ്ങളായി മനസ്സിലാക്കിയിരിക്കുന്നത്. എങ്കിലും നഖവും മുടിയും ഒഴികെയുള്ള എല്ലാ ഭാഗങ്ങളെയും ബാധിക്കുന്ന രോഗമാണിത്.

തലച്ചോറ്, കരൾ, എല്ലുകൾ, നട്ടെല്ല്, ചെറുകുടൽ, വൻകുടൽ ശ്വാസകോശത്തിൻറെയും വയറിൻറെയും ഹൃദയത്തിന്റെയും ആവരണങ്ങൾ, കഴലകൾ (lymph node) ഇവയെയൊക്കെ സാധാരണയായി ബാധിക്കാറുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന ടി ബി രോഗത്തെ പൾമൊണറി ടി ബി എന്നും, മറ്റുള്ള അവയവങ്ങളെ ബാധിക്കുന്നവയെ എക്സ്ട്രാ പൾമൊണറി ടി ബി എന്നും പറയുന്നു.

ടി ബി പകരുന്ന വിധം:

ടി ബി രോഗം പടരുന്നത് വായുവിലൂടെയാണ്, ക്ഷയരോഗം ബാധിച്ചയാൾ ചുമക്കുമ്പോഴും, തുമ്മുമ്പോഴും, രോഗാണുക്കൾ വായുവിലൂടെ മറ്റുള്ളവരിലേക്ക് എത്തുന്നു. വളരെ അപൂർവ്വമായി ടി ബി രോഗം അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ജനനസമയത്തും പകരാം. ഇങ്ങനെ വായുവിലൂടെ ശരീരത്തിൽ ടി ബി രോഗാണു

പ്രവേശിച്ചാൽ ടി ബി രോഗം ബാധിക്കണമെന്നില്ല. ഇയാളുടെ ശരീരത്തിൻറെ പ്രതിരോധശേഷിക്ക് അനുസരിച്ച് രോഗാണു ശരീരത്തിൽ നിഷ്ക്രിയമായ (Dormant – something is not active, but has the ability to be active later) അവസ്ഥയിൽ കഴിയുന്നു. അയാളുടെ രോഗപ്രതിരോധശേഷിയിൽ വ്യതിയാനം വന്നാൽ ടി ബി രോഗാണു പ്രവർത്തിക്കാൻ തുടങ്ങും. ടി ബി രോഗാണു ശരീരത്തിൽ പ്രവേശിച്ചിട്ടും രോഗം വരാതെ ഇരിക്കുന്ന അസ്ഥയ്ക്കാണ് ലാറ്റൻഡ് ടി ബി (latent TB infection) എന്ന് പറയുന്നത് ഇത്തരം ആൾക്കാർക്ക് ജീവിതകാലയളവിൽ ടി ബി രോഗം വരുവാൻ 10% സാധ്യത ഉണ്ട്. ഇന്ത്യയിൽ ഏകദേശം 40 % ത്തോളം ആളുകൾക്ക് ലാറ്റൻഡ് ടി ബി (latent TB infection) സാധ്യതയുണ്ടെന്നാണു ഔദ്യോഗിക കണക്ക്.

ടി ബി രോഗ ലക്ഷണങ്ങൾ

ഏത് അവയവങ്ങളെ ആണോ ടി ബി ബാധിക്കുന്നത് എന്നത് അനുസരിച്ചായിരിക്കും പ്രകടമാവുക. പനി, ക്ഷീണം മുതലായവയാണ് പൊതുവായ ലക്ഷണങ്ങൾ. ശ്വാസകോശ ടി ബി രോഗികൾക്ക് ചുമ, കഫക്കെട്ട്, കഫത്തിൽ രക്തം എന്നീ ലക്ഷണങ്ങൾ കാണും.

ടി ബി ചികിത്സ.

രോഗനിർണയം ചെയ്തു കഴിഞ്ഞാൽ കൃത്യമായിട്ടുള്ള ചികിത്സ ലഭ്യമാണ്. ഏറ്റവും കുറഞ്ഞത് ആറുമാസം മരുന്നുകൾ കഴിക്കേണ്ടി വരും. ഞാൻ ആദ്യം സൂചിപ്പിച്ചതുപോലെ ലോകത്താകമാനം ഏറ്റവും കൂടുതൽ മരണത്തിന് കാരണമാകുന്ന ഇൻഫക്ഷസ് ഡിസീസ് എന്നതിനാൽ, നാഷണൽ പ്രോഗ്രാം (NTEP) വഴി എല്ലാവർക്കും സൗജന്യമായി വിതരണം ചെയ്തുകൊണ്ട് വളരെ കൃത്യമായിട്ട് ചികിത്സിക്കുന്നതിനും, നിരീക്ഷിക്കുന്നതിനും സാധിക്കുന്നുണ്ട്.

കഴിക്കാൻ ബുദ്ധിമുട്ടുള്ള മരുന്നുകൾ ആണെങ്കിലും, പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്ന രോഗമായതിനാൽ കൃത്യമായ അളവിൽ കൃത്യമായ സമയത്ത് മരുന്നുകഴിച്ച് രോഗം ഭേദമാക്കാവുന്നതാണ്.