അമ്മയുടെ തമാശ കേട്ട് ചിരിച്ചു; അഞ്ചു വർഷത്തെ കോമയിൽ നിന്ന് ഉണർന്ന് യു.എസ് യുവതി
February 6, 2024ന്യൂയോർക്ക്: അഞ്ചുവർഷം മുമ്പ് നടന്ന അപകടത്തിൽ കോമയിലായ യുവതിയുടെ ആരോഗ്യം മെച്ചപ്പെട്ടു. ജെന്നിഫർ ഫ്ല്യുവെലൻ ആണ് ജീവിതത്തിലേക്ക് അദുഭുതകരമാം വിധം ഉയിർത്തെഴുന്നേറ്റത്. 2022 ആഗസ്റ്റ് 25ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. അമ്മയുടെ തമാശക്ക് മറുപടിയായി ചിരിച്ചുകൊണ്ടാണ് ജെന്നിഫർ ജീവിതത്തിലേക്ക് വീണ്ടും കടന്നുവന്നത്.
അഞ്ചുവർഷമായി അനക്കമൊന്നുമില്ലാത്ത മകളുടെ ചിരികേട്ടപ്പോൾ ആദ്യം ഭയന്നുപോയെന്നാണ് ജെന്നിഫറിന്റെ അമ്മ പ്രതികരിച്ചത്. ‘അവളിൽ നിന്ന് അങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിട്ടേ ഇല്ലായിരുന്നു. എന്റെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. അവൾ എന്നെങ്കിലും എഴുന്നേറ്റ് വരണേ എന്നായിരുന്നു ഞങ്ങളുടെ പ്രാർഥന. അതിനായി എന്നും ഞങ്ങൾ മുട്ടുകുത്തി പ്രാർഥിച്ചു.’-പെഗ്ഗി പറയുന്നു.
അഞ്ചുവർഷമായി കോമയിലായ ജെന്നിഫർ തന്റെ സംസാരശേഷി വീണ്ടെടുക്കാൻ കഠിനമായി പരിശ്രമിക്കുന്നുണ്ടായിരുന്നു. എഴുന്നേറ്റുവെങ്കിലും പൂർണ ആരോഗ്യം തിരിച്ചുകിട്ടിയിട്ടില്ല. മുമ്പ് എഴുന്നേൽക്കാൻ തുടങ്ങുമ്പോഴേ വീഴാൻ പോകുമായിരുന്നു. അതിനൊക്കെ മാറ്റം വന്നു. വൈദ്യശാസ്ത്രത്തിൽ അപൂർവമാണിങ്ങനെ സംഭവിക്കുന്നതെന്ന് ജെന്നിഫറിനെ ചികിത്സിക്കുന്ന ഡോ. റാൽഫ് വാങ് പറഞ്ഞു.
ജെന്നിഫർ എഴുന്നേറ്റു എന്ന് മാത്രമല്ല, ആരോഗ്യനിലയിൽ പുരോഗതി കാണിക്കുന്നുമുണ്ട്. ഇത്തരത്തിൽ കോമയിലായ രോഗികളിൽ രണ്ടുശതമാനം ആളുകൾക്ക് മാത്രമേ ഇങ്ങനെയൊരു മാറ്റം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ജെന്നിഫറിന് മകൻ ജൂലിയന്റെ ഫുട്ബോൾ മത്സരങ്ങൾ കാണാൻ സാധിക്കും.മകനാണ് തന്റെ ഏറ്റവും വലിയ പിന്തുണയെന്നും അവർ പറയുന്നു. അമ്മ കോമയിലാകുമ്പോൾ ജൂലിയന് 11 വയസായിരുന്നു പ്രായം. ആരോഗ്യം പഴയ അവസ്ഥയിലേക്ക് എത്തിക്കാൻ ജെന്നിഫറിന് ചികിത്സ തുടരുകയാണ്.