വരും, ചൂടിനൊപ്പം മഞ്ഞപ്പിത്തവും
January 18, 2024കൽപറ്റ: സംസ്ഥാനത്ത് ചൂട് കൂടിവരുന്നതോടെ മഞ്ഞപ്പിത്തരോഗ ഭീഷണിയും ഉയരുന്നു. രോഗത്തെ വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കിൽ ജീവനുതന്നെ ഹാനികരമാകുമെന്ന് ആരോഗ്യ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു.
മഞ്ഞപ്പിത്തം
കരളിന് വീക്കവും വേദനയുമുണ്ടായി തൊലിക്കും കണ്ണിനും മൂത്രത്തിനുമെല്ലാം മഞ്ഞനിറമുണ്ടാകുന്ന രോഗമാണ് മഞ്ഞപ്പിത്തം. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ, ജി എന്നീ വൈറസുകളാണ് വിവിധ മഞ്ഞപ്പിത്ത അണുബാധക്കു കാരണം.
വെള്ളം വഴി
വെള്ളത്തിൽ കൂടിയാണ് ഹെപ്പറ്റൈറ്റിസ് എ മഞ്ഞപ്പിത്തം പകരുന്നത്. അടുത്ത സമ്പർക്കത്തിലൂടെയോ രക്തത്തിലൂടെയോ പകരുന്ന ഹെപ്പറ്റൈറ്റിസ് ബി വൈറസ് മൂലമാണ് ഹെപ്പറ്റൈറ്റിസ് ബി ഉണ്ടാകുന്നത്.
പ്രധാന ലക്ഷണങ്ങള്‍
ചർമത്തിനും കണ്ണുകൾക്കും നഖത്തിനും ഉണ്ടാകുന്ന മഞ്ഞനിറം, പനി, വിശപ്പില്ലായ്മ, ഓക്കാനവും ഛര്‍ദിയും, ശക്തമായ ക്ഷീണം, ദഹനക്കേട് എന്നിവ മുഖ്യലക്ഷണങ്ങള്‍.
ഉന്മേഷക്കുറവ്, മലമൂത്രങ്ങള്‍ക്ക് നിറവ്യത്യാസം, ശരീരഭാരം പെട്ടെന്ന് കുറയൽ
ഭക്ഷണം ശ്രദ്ധിക്കണം
ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയാറാക്കുന്ന ശീതളപാനീയങ്ങള്‍ വാങ്ങിക്കുടിക്കാതിരിക്കുക.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കാന്‍ ശ്രമിക്കുക.
ഭക്ഷണത്തിനു മുമ്പും ശേഷവും കൈകള്‍ വൃത്തിയാക്കുക.
പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക.
ഉയർന്ന അളവിൽ നല്ലയിനം മാംസ്യം, അന്നജം, മിതമായ അളവിൽ കൊഴുപ്പ് എന്നിവ അടങ്ങുന്ന ഭക്ഷണമാണ് കഴിക്കേണ്ടത്. തൊലിയോടുകൂടിയ ധാന്യങ്ങളും കഴിക്കാം.
മറ്റുള്ളവ
തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കുക
കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക
സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ ശിപാർശ ചെയ്യപ്പെട്ടിരിക്കുന്ന അകലമുണ്ടെന്ന് ഉറപ്പുവരുത്തുക.
രോഗക്കണക്ക്
ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2011 മുതൽ 2022 വരെയുള്ള 12 വർഷത്തിനിടെ ഹെപ്പറ്റൈറ്റിസ് എ വൈറസ് 28,002 പേരെയും, ഹെപ്പറ്റൈറ്റിസ് ബി വൈറസ് 11,471 പേരെയും രോഗികളാക്കി. ഈകാലയളവിൽ ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധിച്ച് 92 പേർക്ക് ജീവൻ നഷ്ടമായി.
ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് 135 പേരും മരിച്ചു. 2020 മുതൽ 2022 വരെയുള്ള മൂന്നുവർഷത്തിനുള്ളിൽ ഹെപ്പറ്റൈറ്റിസ് സി വൈറസ് ബാധിച്ചത് 699 പേർക്കാണ്.
ഇതിൽ നാലുപേർ മരണപ്പെടുകയും ചെയ്തു. ഈ കാലയളവിൽ ഹെപ്പറ്റൈറ്റിസ് ഇ വൈറസ് ബാധിച്ചത് പത്തുപേർക്കാണ്.