കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ മുതിർന്ന പൗരന്മാർ മാസ്ക് ധരിക്കണം ; കുടകിൽ ജാഗ്രത നിർദേശം
December 19, 2023ബംഗളൂരു: മുതിർന്ന പൗരന്മാർക്കും അസുഖബാധിതർക്കും മാസ്ക് ധരിക്കൽ നിർബന്ധമാക്കി കർണാടക സർക്കാർ. 60 വയസ്സ് പിന്നിട്ടവരും ഹൃദയം, വൃക്ക സംബന്ധമായ അസുഖമുള്ളവരും ശ്വാസംമുട്ടൽ, പനി തുടങ്ങിയ അസുഖങ്ങളുള്ളവരും നിർബന്ധമായും മാസ്ക് ധരിക്കണം. കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിലാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം.
കോവിഡ് മാർഗനിർദേശ സമിതിയുടെ ഉപദേശപ്രകാരമാണ് മുതിർന്ന പൗരന്മാർക്ക് മാസ്ക് നിബന്ധന ഏർപ്പെടുത്തുന്നതെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. കേരളത്തിലെ കോവിഡ് സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അടിയന്തര സാഹചര്യത്തെ നേരിടാനുള്ള തയാറെടുപ്പിലാണ് കർണാടകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തോട് അതിർത്തി പങ്കിടുന്ന ചാമരാജ് നഗർ, കുടക്, മൈസൂരു, ദക്ഷിണ കന്നഡ ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലും ജാഗ്രത നിർദേശം നൽകി. ഈ ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ ആവശ്യമായ മുൻകരുതൽ ഒരുക്കും. നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മോക്ഡ്രിൽ നടത്താൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടേണ്ടി വന്നാൽ ആവശ്യമായ കിടക്കകളും ജീവനക്കാരും ഡോക്ടർമാരും ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ഓക്സിജൻ പ്ലാന്റുകൾ പ്രവർത്തനസജ്ജമാണോ എന്ന് ഉറപ്പുവരുത്തുകയുമാണ് മോക് ഡ്രിൽ വഴി ചെയ്യുക.
കുടകിൽ ജാഗ്രത നിർദേശം
മംഗളൂരു: കേരളത്തിൽ കോവിഡ്-19 ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ കുടക് ജില്ലയിൽ ജാഗ്രത. കോഴിക്കോട് ജില്ലയിൽ കുന്നുമ്മൽ പഞ്ചായത്തിലെ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ (77) കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചിരുന്നു. ക്രിസ്മസ് അവധിക്കും പുതുവർഷത്തിലും കേരളത്തിൽനിന്ന് സഞ്ചാരികളുടെ വരവ് കൂടുമെന്നതിനാൽ വലിയ മുൻകരുതലുകൾ ആവശ്യമാണെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി എൻ.എസ്. ബൊസെരാജു അധികൃതർക്ക് നിർദേശം നൽകി.
ജില്ല ഡെപ്യൂട്ടി കമീഷണർ, ജില്ല പൊലീസ് സൂപ്രണ്ട്, ജില്ല ആരോഗ്യ ഓഫിസർ എന്നിവരെ മന്ത്രി പ്രത്യേകം ബന്ധപ്പെട്ടു. കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ല എന്ന നിലയിൽ ചെക്ക് പോസ്റ്റുകളിൽ റാപിഡ് ആന്റിജൻ ടെസ്റ്റുകൾ വഴി ആരോഗ്യ പരിശോധന നടത്തും. എന്നാൽ, ഇതിന്റെ പേരിൽ ആളുകളെ ബുദ്ധിമുട്ടിക്കരുതെന്ന് മന്ത്രി നിർദേശം നൽകി