വൃക്ക, കരൾ, അർബുദ രോഗനിർണയ ക്യാമ്പിന് മാർഗരേഖ വരും
December 17, 2023വൃക്ക, കരൾ രോഗങ്ങളും കാൻസറും കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ നടത്തുന്ന ക്യാമ്പുകൾക്ക് തൽക്കാലം നിയന്ത്രണം. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് മാർഗരേഖ പുറപ്പെടുവിച്ച ശേഷം തദ്ദേശവകുപ്പ് നിർദേശം നൽകും. കാൻസർ നിർണയത്തിനും പരിശോധനക്കും വ്യവസ്ഥാപിത രീതിയുണ്ട്. കുടുംബാരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രി, ജില്ല, ജനറൽ ആശുപത്രി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലും തിരുവനന്തപുരം, കൊച്ചി, മലബാർ കാൻസർ സെന്ററുകളിലുമാണ് പരിശോധനയും നിർണയവും ക്രമപ്പെടുത്തേണ്ടത്. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിരേഖയിൽ വൃക്ക, കരൾ രോഗങ്ങളും കാൻസറും മുൻകൂട്ടി കണ്ടത്താൻ പരിശോധന ക്യാമ്പുകൾ നടത്താൻ നിർദേശമുണ്ടെങ്കിലും ഇതിനുള്ള മാർഗനിർദേശം നൽകിയിരുന്നില്ല. പുതിയ മാർഗരേഖ ആരോഗ്യ വകുപ്പ് ഉടൻ പുറത്തിറക്കും. ചില തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന ക്യാമ്പുകൾ നിർത്താനും നിർദേശിച്ചു.
തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ല, താലൂക്ക് ആശുപത്രികളിൽ ക്യാമ്പുകൾ സ്ഥിരം സംവിധാനമാക്കാൻ മലപ്പുറം ജില്ല പഞ്ചായത്ത് അനുമതി തേടിയതിന്റെ പശ്ചാത്തലത്തിലാണ് സ്വന്തം നിലക്കുള്ള ക്യാമ്പുകൾ വേണ്ടെന്ന് തദ്ദേശവകുപ്പ് നിർദേശം നൽകിയത്. മലപ്പുറം ജില്ല പഞ്ചായത്തടക്കം ജില്ല ആശുപത്രി കേന്ദ്രീകരിച്ച് ഇത്തരത്തിൽ ക്യാമ്പ് നടത്തി ആശുപത്രിയിൽ ലഭ്യമല്ലാത്ത പരിശോധന പുറത്തെ ലാബുകളെ ഏൽപ്പിച്ച് ഫണ്ട് ചെലവഴിച്ചിരുന്നു. തുടർന്നാണ് ഇത്തരത്തിൽ ക്യാമ്പ് നടത്തുന്നതിലെ സാങ്കേതികപ്രശ്നം ചർച്ചയായത്. അതേസമയം, ആരോഗ്യവകുപ്പുമായി ചേർന്ന് മാർഗരേഖ വരുന്നത് വരെ ക്യാമ്പുകൾ നടത്താനും ക്യാമ്പുകളിലെ രോഗികൾക്ക് തുടർ പരിശോധനയും ചികിത്സയും ആരോഗ്യ വകുപ്പ് മുഖേന ഉറപ്പാക്കാനും തദ്ദേശവകുപ്പ് നിർദേശിച്ചു.
സ്വകാര്യാശുപത്രികൾ രോഗനിർണയ ക്യാമ്പുകൾ നടത്തി നേരിയ ഇളവ് പ്രഖ്യാപിച്ച് പണം ഈടാക്കി തുടർ ചികിത്സ നൽകുന്ന രീതിയുണ്ട്. മാർഗരേഖ പ്രകാരമല്ലെങ്കിൽ തുടർ ചികിത്സ ആവശ്യമുള്ള രോഗികൾ സ്വന്തം പണം മുടക്കി ചികിത്സ തുടരേണ്ട സ്ഥിതി വരും.