
100 ദിവസം നീണ്ടുനിൽക്കുന്ന ചുമ; യു.കെയിലുടനീളം പടരുന്ന വില്ലൻ ചുമയിൽ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ
December 10, 2023ലണ്ടൻ: യു.കെയിലുടനീളം പടരുന്ന വില്ലൻ ചുമയിൽ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചുമ ശ്വാസകോശത്തിൽ ബാക്ടീരിയ അണുബാധമൂലമാണ് ഉണ്ടാകുന്നത്. ഇത്തരം കേസുകളിൽ രാജ്യത്ത് 25 ശതമാനത്തോളം വർധനവ് രേഖപ്പെടുത്തി. ജലാദോഷത്തോട് സാമമ്യള്ള ലക്ഷണങ്ങളോടെയാണ് രോഗം തുടങ്ങുന്നത്. പിന്നീട് മൂന്നുമാസം വരെ നീണ്ടുനിൽക്കുന്ന ചുമയായി മാറുന്നു. ഇത്തരത്തിൽ 716 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2022ൽ അനുഭവപ്പെട്ടതിന്റെ മൂന്നുരട്ടി കൂടുതലാണ് ഇപ്പോൾ രോഗം.
കോവിഡ് കാലത്ത് ലോക്ഡൗൺ ആയതിനാൽ അണുബാധക്ക് കുറവുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും വർധിച്ചതായി ഹെൽത്ത് ഏജൻസിയിലെ പബ്ലിക് ഹെൽത്ത് പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഗായത്രി അമൃതലിംഗം ദി ഇൻഡിപെൻഡന്റിനോട് പറഞ്ഞു.
എന്താണ് വില്ലൻ ചുമ?
ബോർഡെറ്റെല്ല പെർട്ടുസിസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ശ്വാസകോശത്തിലെയും ശ്വാസനാളത്തിലെയും അണുബാധയായ വില്ലൻ ചുമ (പെർട്ടുസിസ്) ഒരു കാലത്ത് ശിശുക്കളുടെ പ്രധാന കൊലയാളിയായിരുന്നു. 1950കളിൽ അതിനെതിരെ വാക്സിൻ വികസിപ്പിച്ചു. തുടർന്ന് അണുബാധയുടെ എണ്ണം കുറഞ്ഞുവെന്ന് ബ്രിസ്റ്റോൾ യൂനിവേഴ്സിറ്റിയിലെ പീഡിയാട്രിക്സ് പ്രഫസറായ ആദം ഫിൻ ദി ഗാർഡിയനോട് പറഞ്ഞു.
കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്ന കുട്ടികൾക്കും മുതിർന്നവർക്കും വില്ലൻ ചുമ വരാം. 100 ദിവസത്തെ ചുമ ഹെർണിയ, വാരിയെല്ലുകൾക്ക് പ്രശ്നം, ചെവിയിൽ അണുബാധ, മൂത്രാശയ അണുബാധ എന്നിവക്ക് കാരണമാകുന്നു. വില്ലൻ ചുമ ബാധിച്ചാൽ ശ്വസിക്കാനും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് പറയുന്നു. തീവ്രമായ ചുമ ഛർദിയിലേക്കും വ്രണത്തിലേക്കും വാരിയെല്ലുകൾ പൊട്ടിപ്പോകാനും ഇടയാക്കും.