സിക വൈറസ്; ജാഗ്രത പുലർത്താൻ നിർദേശം
November 6, 2023തലശ്ശേരി: തലശ്ശേരി ജില്ല കോടതി ജീവനക്കാരിൽ കണ്ടെത്തിയ ശാരീരിക പ്രശ്നത്തിന് കാരണം സിക വൈറസ് രോഗമാണെന്ന് കണ്ടെത്തിയതോടെ ജാഗ്രത പുലർത്താൻ നിർദേശം. രണ്ടുദിവസം മുതൽ ഏഴു ദിവസം വരെ സികയുടെ രോഗലക്ഷണം നീണ്ടുനിൽക്കും.
രോഗം ബാധിച്ച ഈഡിസ് കൊതുകിന്റെ കടിയേറ്റ് പകരുന്ന വൈറൽ രോഗമാണ് സിക. തലശ്ശേരി കോടതിയിൽ അലർജിയടക്കമുള്ള രോഗബാധിതരുടെ രക്തവും സ്രവവും പരിശോധിച്ചതിലൂടെയാണ് വൈറസ് സ്ഥിരീകരിച്ചത്. 23 പേരിൽനിന്ന് ശേഖരിച്ച രക്തവും സ്രവവുമാണ് പരിശോധനക്കയച്ചത്.
തലശ്ശേരി കോടതിയിലെ നൂറിലേറെ പേർക്കാണ് അലർജിയടക്കമുള്ള രോഗം ബാധിച്ചത്. മെഡിക്കൽ ക്യാമ്പിൽ 55 പേരെ പരിശോധിച്ചതിൽ 23 പേരുടെ രക്തവും സ്രവവുമാണ് ശേഖരിച്ച് പരിശോധനക്കയച്ചത്.
തിരുവനന്തപുരം സംസ്ഥാന പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിൽ ഏഴ് പേർക്കും ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ഒരാൾക്കും സിക രോഗമുള്ളതായി കണ്ടെത്തി. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി തുടങ്ങിയ രോഗബാധകൾ പകരാൻ കാരണമാകുന്ന ഈഡിസ് കൊതുക് തന്നെയാണ് സികയും പരത്തുന്നത്.
പനി, ചുവന്ന പാടുകൾ, പേശിവേദന, സന്ധിവേദന, തലവേദന, കണ്ണിൽ ചുവപ്പ് എന്നിവയാണ് രോഗലക്ഷണങ്ങൾ. ഫ്ലവി വിരിഡേ എന്ന വൈറസ് കുടുംബത്തിലെ സിക വൈറസാണ് രോഗാണു. രോഗാണു ബാധിച്ച ഈഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. ഇത്തരം കൊതുകുകൾ പകൽ സമയത്താണ് കൂടുതലും കടിക്കുക. വൈറസ് അണുബാധയുള്ള മിക്ക ആളുകൾക്കും രോഗലക്ഷണങ്ങൾ കാണാറില്ല.
മരണം അപൂർവമാണ്. രോഗബാധിതരിൽ നിന്ന് രക്തം സ്വീകരിച്ചാൽ രോഗം പകരും. ഗർഭിണികളിൽ നിന്ന് ഗർഭസ്ഥ ശിശുവിനും പകരും. ഗർഭിണികളെയാണ് സിക വൈറസ് ബാധിക്കുന്നത്. കുട്ടികളിലും മുതിർന്നവരിലും സിക വൈറസ് രോഗബാധ നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. അണുബാധ ഗുല്ലിയൻ ബാരി സിൻഡ്രോം, ന്യുറോപതി, മൈലൈറ്റിസ് എന്നിവക്ക് കാരണമാകാം. രോഗബാധിതരുടെ കോശങ്ങൾ, രക്തം, ശുക്ലം, മൂത്രം എന്നിവയിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
2016ൽ ഗുജറാത്തിലാണ് ഇന്ത്യയിൽ ആദ്യത്തെ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 2021ൽ തിരുവനന്തപുരം പാറശാലയിൽ 24 കാരിയായ ഗർഭിണിയിലാണ് സിക വൈറസ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. തലശ്ശേരി കോടതിയിൽ രോഗം ബാധിച്ചവരിൽ സിക വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ അപകടകാരികളായ ഈഡിസ് കൊതുകുകളെ തുരത്താൻ ആരോഗ്യ വകുപ്പ് രംഗത്തിറങ്ങിയിരിക്കുകയാണ്. കോടതി മുറ്റത്തും കെട്ടിടത്തിനകത്തും പുറമെയുമെല്ലാം ഞായറാഴ്ചയും അണുനശീകരണം നടത്തി.