ആശങ്കയായി മലപ്പുറം ജില്ലയിലെ മഞ്ഞപ്പിത്ത വ്യാപനം
September 28, 2023ഇടക്കിടെ പെയ്യുന്ന മഴക്കൊപ്പം പൊതു ജലാശയങ്ങള്‍ മലിനമാകുന്നത് ജില്ലയില്‍ കടുത്ത ആരോഗ്യ ഭീഷണി സൃഷ്ടിക്കുന്നു. വൃത്തിഹീനമായ സാഹചര്യത്തിലുള്ള വെള്ളം ഉപയോഗിക്കുന്നതിനെ തുടര്‍ന്നാണ് മഞ്ഞപ്പിത്തം പ്രധാനമായും പടരുന്നത്. ജില്ലയിലെ 15 ആരോഗ്യ ബ്ലോക്കുകളില്‍ പ്രതിവാരം പത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സ്ഥിരീകരിക്കുന്നു. പൂക്കോട്ടൂര്‍ ആരോഗ്യ ബ്ലോക്കിലാണ് കൂടുതല്‍ രോഗികളുള്ളത്.
പൂക്കോട്ടൂര്‍, മൊറയൂര്‍ പഞ്ചായത്തുകളിലും മലപ്പുറമുള്‍പ്പെടെ നഗരസഭകളിലുമായി ഇതുവരെ 173 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 508 പേര് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. സ്വകാര്യ ആശുപത്രികളെ ചികിത്സക്കായി സമീപിച്ചവരുടെ കണക്കുകള്‍കൂടി പരിഗണിക്കുമ്പോള്‍ രോഗബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കും. ഇടക്കിടെ പെയ്യുന്ന മഴയില്‍ ശുദ്ധജല സ്രോതസ്സുകള്‍ മലിനമാകുന്നതാണ് രോഗവ്യാപനത്തിന് പ്രധാന കാരണം.
പൂക്കോട്ടൂര്‍ ബ്ലോക്കിനു പുറമെ കൊണ്ടോട്ടിയുള്പ്പെടെയുള്ള മേഖലകളില്‍ ജലാശയങ്ങളുടെയും ജല വിതരണ പദ്ധതികളുടെയും ശുചിത്വം ഉറപ്പാക്കുന്നതില്‍ വന്ന വീഴ്ചയാണ് പ്രധാന പ്രശ്നം. ഇക്കാര്യത്തില്‍ ‘മാധ്യമം’ നിരവധി തവണ വാര്‍ത്ത നല്‍കിയിരുന്നെങ്കിലും അധികൃതരില്‍നിന്ന് കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല.
ആഘോഷ വേളകളില്‍ ശ്രദ്ധ വേണം
കൊണ്ടോട്ടി: പൊതുജനങ്ങള്‍ പങ്കെടുക്കുന്ന നബിദിനം പോലുള്ള ആഘോഷങ്ങളിലും വിവാഹമുൾപ്പെടെയുള്ള ചടങ്ങുകളിലും ജനാരോഗ്യം ഉറപ്പുവരുത്താന്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. മഞ്ഞപ്പിത്തം, ഡെങ്കി പോലുള്ള രോഗങ്ങളാണ് നിലവില്‍ ഭീഷണി സൃഷ്ടിക്കുന്നത്. ഈ ഘട്ടത്തില്‍ ശുചിത്വം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വയം സ്വീകരിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
ക്വാറിയില്‍നിന്നുള്ള വെള്ളമടക്കം കുടിവെള്ളമെന്ന നിലയില്‍ വിതരണം ചെയ്യുന്ന സംഭവങ്ങള്‍ ജില്ലയില്‍ ആവര്‍ത്തിക്കുന്നതായാണ് വിവരം. ഇതു തടയാനും പൊതു ശുദ്ധജല പദ്ധതികള്‍ വഴി വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കാനും നടപടി വേണം. പൊതു പരിപാടികളില്‍ സംഘാടകര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാതിരുന്നാല്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്കുന്നു.
ശ്രദ്ധിക്കാം
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
- വിദ്യാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലും പാനീയങ്ങളും ഭക്ഷണ പദാര്‍ഥങ്ങളും പരസ്പരം പങ്കുവെക്കാതിരിക്കുക
- ശരീര ശുചിത്വത്തിനൊപ്പം വീടും പരിസരവും ജലാശയങ്ങളും മാലിന്യമുക്തമായി സംരക്ഷിക്കുക
- ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുള്ളവര്‍ മറ്റുള്ളവരില്‍നിന്ന് അകലം പാലിച്ച് വിദഗ്ധ ചികിത്സ തേടുക
- ശരിയായ രീതിയില്‍ പാചകം ചെയ്ത ഭക്ഷണങ്ങള്‍ മാത്രം ഉപയോഗിക്കുക