
50 കഴിഞ്ഞ സ്ത്രീക്ക് വാടക ഗർഭധാരണത്തിലൂടെ മാതാവാകാൻ അനുമതി നൽകി ഹൈകോടതി
March 15, 2025കൊച്ചി: 50 കഴിഞ്ഞ സ്ത്രീക്ക് വാടക ഗർഭധാരണത്തിലൂടെ മാതാവാകാൻ അനുമതി നൽകി ഹൈകോടതി. കുഞ്ഞിനെ ആഗ്രഹിക്കുന്ന ദമ്പതികളിൽ സ്ത്രീക്ക് 23നും 50നും ഇടയിലായിരിക്കണം പ്രായമെന്ന നിയമത്തെ തുടർന്ന് വാടക ഗർഭധാരണത്തിന് അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് തള്ളിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. ഒരാഴ്ചക്കകം ഇവർക്ക് യോഗ്യത സർട്ടിഫിക്കറ്റ് നൽകാൻ കേരള അസിസ്റ്റഡ് റീ പ്രൊഡക്ടിവ് ടെക്നോളജി ആൻഡ് സറോഗസി ബോർഡിന് കോടതി നിർദേശം നൽകി.
തൃശൂർ സ്വദേശികളായ ദമ്പതികൾക്ക് കുട്ടികളില്ലാതിരുന്നതിനെത്തുടർന്ന് പല ചികിത്സകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. സ്ത്രീ എൻഡോമെട്രിയോസിസ് രോഗബാധിതയായതിനാൽ ഗർഭധാരണം സാധ്യമല്ല. തുടർന്നാണ് ഇരുവരും ഗർഭപാത്രം വാടകക്ക് നൽകാൻ തയാറായ യുവതിയുമായി ബോർഡിന്‍റെ അനുമതി തേടിയത്. എന്നാൽ, സ്കൂൾ രേഖ പ്രകാരം 1974 ജൂൺ 21 ആണ് ഹരജിക്കാരിയുടെ ജനനമെന്നതിനാൽ 50 വയസ്സ് കഴിഞ്ഞെന്ന് വിലയിരുത്തി ബോർഡ് അനുമതി നിഷേധിച്ചു.
ജനനം 1978 ജൂൺ 21 ആയി രേഖപ്പെടുത്തിയിട്ടുള്ള ആധാർ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ ബോർഡ് പരിഗണിച്ചില്ല. തുടർന്ന്, ഹൈകോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചു. മറ്റ് രേഖകളും ആധികാരിമായി പരിശോധിക്കാമെന്നും സ്കൂൾ രേഖകളിൽ തെറ്റ് സംഭവിച്ചതാണെന്നുമുള്ള വാദങ്ങൾ ഹരജിക്കാരി ഉയർത്തിയെങ്കിലും സിംഗിൾ ബെഞ്ച് ഹരജി തള്ളി. തുടർന്ന് അപ്പീൽ ഹരജിയുമായാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
സ്കൂൾരേഖക്ക് പകരം മറ്റ് ആധികാരിക രേഖകൾ പരിശോധിച്ച് അനുമതി നൽകണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. സ്കൂൾ രേഖ പ്രകാരമാണെങ്കിൽപോലും ഇപ്പോൾ 50 വയസ്സെന്ന പരിധിക്കകത്താണ് താനെന്നും അനുമതി നൽകുന്നതിൽ തെറ്റില്ലെന്നുമുള്ള വാദവും ഉയർത്തി. സ്കൂൾ രേഖ തന്നെയാണ് ഡിവിഷൻ ബെഞ്ചും ആധികാരികമായി സ്വീകരിച്ചത്. ഹരജിക്കാരിയുടെ 50ാം ജന്മദിനം കഴിഞ്ഞെങ്കിലും 51 ആയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
51 ആകുന്നതിന് മുമ്പുള്ള മുഴുവൻ കാലയളവും ഉൾപ്പെടുന്നതാണ് 50 വയസ്സെന്ന പരിധിയെന്ന് കണക്കാക്കാം. ഈ സാഹചര്യത്തിൽ ഹരജിക്കാരിയുടെ ആവശ്യം അനുവദിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഒരാഴ്ചക്കകം സർട്ടിഫിക്കറ്റ് നൽകാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.