
കോർട്ടിസോൾ, ഉറക്കത്തിന്റെ സോൾ
February 12, 2025ഉണർവും ഉന്മേഷവും ഉറക്കംവരലുമെല്ലാം നിശ്ചയിക്കുന്ന നമ്മുടെ ജൈവ ഘടികാരത്തെപ്പോലെ (സർക്കാഡിയൻ റിഥം) 24 മണിക്കൂർ ചാക്രിക സ്വഭാവമുള്ളതാണ്, അഡ്രിനാലിൻ ഗ്രന്ഥികളിൽനിന്ന് പുറപ്പെടുന്ന കോർട്ടിസോൾ ഹോർമോണും.
ജീവിതശെലി പ്രശ്നങ്ങളും സ്ട്രെസ്സും ഉറക്കപ്രശ്നങ്ങളുമെല്ലാം കാരണം ജൈവ ഘടികാരം താളം തെറ്റുമ്പോൾ ശാരീരികവും മാനസികവുമായ പലതരം പ്രശ്നങ്ങളും നമ്മിലുണ്ടാവും.
കോർട്ടിസോളിന്റെ കളി
‘ഉറക്കത്തിന്റെ രണ്ടാം പകുതി മുതൽ ഉയർന്നുവരികയും നമ്മെ ഉണരാൻ പ്രേരിപ്പിക്കുന്ന വിവിധ ഘടകങ്ങളിൽ ഒന്നായി പ്രവർത്തിക്കുകയും ചെയ്യുന്ന കോർട്ടിസോൾ ഹോർമോൺ, രാവിലെ എട്ടു മണിയോടെ ഏറ്റവും ഉയർച്ചയിലെത്തും. ശേഷം പകൽ മുഴുവൻ ഘട്ടം ഘട്ടമായി താഴേക്കായിരിക്കും. ഒടുവിൽ അർധരാത്രിയോട് അടുപ്പിച്ച്, നമുക്ക് സ്വഭാവികമായ ഉറക്കം വരുന്ന സമയത്ത് ഹോർമോൺ നില ഏറ്റവും കുറഞ്ഞ അളവിലുമാകും’ -നവി മുംബൈ കോകിലബെൻ ധീരുഭാത് അംബാനി ഹോസ്പിറ്റൽ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. യതീൻ സഗ്വേക്കർ വിശദീകരിക്കുന്നു. ഈ ഘടികാരക്രമം ഉറക്കത്തിന്റെ ആരോഗ്യത്തിന് ഏറെ അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു.
എച്ച്.പി.എ അച്ചുതണ്ട്
ഹൈപോതലാമിക്-പിറ്റ്യൂട്ടറി-അഡ്രിനാലിൻ (എച്ച്.പി.എ) ഗ്രന്ഥികളുടെ അച്ചുതണ്ടാണ് കോർട്ടിസോൾ ഉൽപാദനം നിയന്ത്രിക്കുന്നത്. സ്ട്രെസ്, ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ പോലുള്ള ആരോഗ്യപരമായ ഉറക്കപ്രശ്നങ്ങൾ, മോശം ഉറക്കശീലം തുടങ്ങിയവയാൽ എച്ച്.പി.എയുടെ ബാലൻസ് തെറ്റുന്നു. എച്ച്.പി.എ അമിതമായി സജീവമായാൽ ഇൻസോമ്നിയ അഥവാ വിട്ടുമാറാത്ത ഉറക്കമില്ലായ്മക്ക് വഴിവെക്കും.
ഇങ്ങനെ ഉറക്കം കുറയുമ്പോൾ കോർട്ടിസോൾ ലെവലിന് വീണ്ടും വ്യതിയാനമുണ്ടാവുകയും ഉറക്കപ്രശ്നങ്ങൾക്കൊപ്പം മറ്റ് ശാരീരിക അസ്വസ്ഥതകളും ഉറടെലടുക്കുന്നു.
മികച്ച കോർട്ടിസോൾ ബാലൻസ്, മികച്ച ഉറക്കം
ശാന്തസുന്ദരമായ ഉറക്കത്തിന് കോർട്ടിസോൾ ഘടികാരം ശരിയായാൽ മതി. ഇതിനായി ചെയ്യാവുന്നത്:
- ഉറങ്ങാനും ഉണരാനും കൃത്യമായ സമയം നിശ്ചയിക്കുക. ഇത് സ്ഥിരമാക്കുക.
- കോർട്ടിസോൾ അളവ് കുറച്ചുകൊണ്ടുവരാൻ വൈകുന്നേരങ്ങളിൽ ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കാം.
- മാനസിക സമ്മർദം കുറക്കാൻ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യുക. ധ്യാനം, പ്രാർഥന, ശ്വസന വ്യായാമം തുടങ്ങിയ പരിശീലിക്കാം.
കിടക്കുന്നതിനു തൊട്ടു മുമ്പായി വലിയ അളവിൽ കഴിക്കാതിരിക്കാം. കഫീൻ അടങ്ങിയവ ഒഴിവാക്കുക.�