
പ്രമേഹവും വൈറ്റമിൻ ഡിയും തമ്മിലെന്താണ് ബന്ധം?
February 7, 2025വൈറ്റമിൻ ഡി ശരീരത്തിൽ ആവശ്യത്തിന് ഇല്ലാത്തത് എല്ലുകളും പേശികളും ദുർബലമാകാൻ കാരണമാകും. പ്രമേഹം പോലെ സങ്കീർണമായ രോഗങ്ങളുമായും വൈറ്റമിൻ ഡിക്ക് വലിയ ബന്ധമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ തോതിനെ സ്വാധീനിക്കുന്ന ഇൻസുലിൻ സംവേദനത്വം മെച്ചപ്പെടുത്തുന്നതിൽ നിർണായകമായ പങ്കാണ് വൈറ്റമിൻ ഡി വഹിക്കുന്നത്. ഇൻസുലിൻ ഉൽപാദനം, ഇൻസുലിൻ പ്രതിരോധം, പാൻക്രിയാസിലെ ബീറ്റാ കോശങ്ങളുടെ പ്രവർത്തനം എന്നിവയെല്ലാമായി വൈറ്റമിൻ ഡി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്.
ശരീരത്തിൽ ലീറ്ററിന് 80 നാനോമോൾസ് എങ്കിലും വൈറ്റമിൻ ഡി ഉണ്ടെങ്കിലേ പഞ്ചസാരയുടെ തോത് സാധാരണ നിലയിൽ നിർത്താൻ സാധിക്കുകയുള്ളുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പ്രായമായവർക്ക് 50 നാനോമോൾസിലും താഴേക്ക് പോകുന്നത് പ്രമേഹ സാധ്യത ഉയർത്തുന്നു. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹങ്ങളിലേക്ക് നയിക്കാൻ വൈറ്റമിൻ ഡി അഭാവത്തിന് സാധിക്കും. ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾക്ക് വൈറ്റമിൻ ഡി റിസപ്റ്ററുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രമേഹവുമായി മാത്രമല്ല ഹൃദയാരോഗ്യവുമായും വൈറ്റമിൻ ഡിക്ക് ബന്ധമുണ്ട്. ആവശ്യത്തിന് വൈറ്റമിൻ ഡി ഇല്ലാത്തത് രക്തസമ്മർദം ഉയർത്താനും ഹൃദ്രോഗസാധ്യത വർധിപ്പിക്കാനും കാരണമാകുമെന്ന ചില ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. 14നും 17നും ഇടയിൽ പ്രായമുള്ളവർക്ക് ശുപാർശ ചെയ്യപ്പെടുന്ന പ്രതിദിന വൈറ്റമിൻ അളവ് 600 ഇന്റർനാഷനൽ യൂണിറ്റുകളാണ്. 71ന് മുകളിൽ പ്രായമുള്ളവർക്ക് പ്രതിദിനം 800 ഇന്‍റർനാഷണൽ യൂണിറ്റ് വൈറ്റമിൻ ഡി ആവശ്യമാണെന്ന് വിദഗ്‌ധർ പറയുന്നു.
മുട്ട, ചില മീനുകൾ, ചീസ്, കരൾ, സോയ മിൽക്ക്, ഓട് മീൽ, ധാന്യങ്ങൾ എന്നിവയെല്ലാം വൈറ്റമിൻ ഡി വർധിപ്പിക്കുന്ന ഭക്ഷണ സാധനങ്ങളാണ്. സൂര്യപ്രകാശം ഏൽക്കുമ്പോഴും ശരീരം വൈറ്റമിൻ ഡി ഉൽപാദിപ്പിക്കുന്നു.