
എച്ച്.ഐ.വി അണുബാധിതർക്കുള്ള ധനസഹായം: വേണ്ടത് 12.66 കോടി
February 1, 2025കൊച്ചി: എച്ച്.ഐ.വി അണുബാധിതർക്കുള്ള ധനസഹായത്തിന്റെ കുടിശ്ശിക അനുവദിക്കാൻ വേണ്ടത് 12.66 കോടി രൂപ. 2024 ഡിസംബർ വരെയുള്ള കുടിശ്ശിക അനുവദിക്കാൻ ആവശ്യമായ തുകയാണിത്. എച്ച്.ഐ.വി ബാധിതർക്ക് സംസ്ഥാന സർക്കാർ പ്രതിമാസം 1000 രൂപയാണ് സഹായമായി നൽകുന്നത്. കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിൽനിന്ന് കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് കണക്കുകളുള്ളത്.
എയ്ഡ്സ് ബോധവത്കരണത്തിനും തുടർചികിത്സക്കുമായി ഒമ്പതുവർഷത്തിനിടെ 80.48 കോടിയാണ് അനുവദിച്ചത്. സൊസൈറ്റിയുടെ പരിശോധനാ കേന്ദ്രങ്ങളായ ഐ.സി.ടി.സി- ജ്യോതിസ് വഴി പരിശോധിച്ച് എച്ച്.ഐ.വി അണുബാധ കണ്ടെത്തിയതിൽ 22,807 പുരുഷന്മാരും 14,178 സ്ത്രീകളുമാണുള്ളത്. നിലവിൽ കേരളത്തിൽ ഉഷസ്സ് എന്ന 15 എച്ച്.ഐ.വി ചികിത്സാ കേന്ദ്രങ്ങളുണ്ട്. ഇതുവഴി 17,020 പേർ ചികിത്സ സ്വീകരിക്കുന്നുണ്ട്.
സൊസൈറ്റി സ്ഥാപിതമായ 1999 മുതൽ ഇതുവരെ എച്ച്.ഐ.വി അണുബാധയേറ്റ് 5905 പേർ മരിച്ചിട്ടുണ്ട്. ഇതിൽ 4198 പേർ പുരുഷന്മാരും 1707 പേർ സ്ത്രീകളുമാണ്.എച്ച്.ഐ.വി ബോധവത്കരണത്തിനുവേണ്ടി മാത്രം 2016 മുതൽ ഇതുവരെ കേന്ദ്രസർക്കാർ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി വഴി 13.9 കോടി ചെലവഴിച്ചിട്ടുണ്ട്.