
മധുര പാനീയങ്ങൾ കൂടുതൽ കഴിച്ചാൽ…?
January 7, 2025പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കൂടുതൽ കഴിച്ചാൽ പ്രമേഹത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്ന് പുതിയ പഠനം. ഓരോ വർഷവും 2.2 ദശലക്ഷം പുതിയ ടൈപ്പ് 2 പ്രമേഹ കേസുകൾക്കും 1.2 ദശലക്ഷം പുതിയ ഹൃദ്രോഗങ്ങൾക്കും മധുര പാനീയങ്ങൾ കാരണമാകുമെന്ന് ഗവേഷകർ പറയുന്നു.
ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഫ്രീഡ്‌മാൻ സ്‌കൂൾ ഓഫ് ന്യൂട്രീഷൻ സയൻസ് ആൻഡ് പോളിസിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. സബ്-സഹാറൻ ആഫ്രിക്കയിൽ പുതിയ പ്രമേഹ കേസുകളിൽ 21% മധുര പാനീയങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ലാറ്റിനമേരിക്കയിലും കരീബിയനിലും 24 % പുതിയ പ്രമേഹ കേസുകളും 11% ത്തിലധികം പുതിയ ഹൃദ്രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊളംബിയ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊളംബിയയിൽ 48 ശതമാനമാണ് പുതിയ പ്രമേഹ കേസുകൾ. ദക്ഷിണാഫ്രിക്കയിൽ 27.6% പുതിയ പ്രമേഹ കേസുകൾക്കും 14.6% ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും പഞ്ചസാര അടങ്ങിയ പാനീയങ്ങളാണ് കാരണം. പ്രമേഹമുള്ളവർ മധുരമുള്ള ശീതളപാനീയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
സ്ത്രീകളേയും പ്രായമായവരേയും അപേക്ഷിച്ച് പുരുഷന്മാരിലും ചെറുപ്പക്കാരിലുമാണ് പ്രത്യാഘാതങ്ങൾ കൂടുതലെന്ന് പഠനം പറയുന്നു. മെക്സിക്കോ പോലുള്ള രാജ്യങ്ങൾ ഇതിനകം തന്നെ മധുര പാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്തിയിട്ടുണ്ട്.
പോഷകങ്ങള്‍ കുറവും കലോറി കൂടുതലുള്ളതുമായ പഞ്ചസാര ഒഴിവാക്കിയാല്‍ ശരീരഭാരം കുറയും. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ കൂടുമെന്ന് ഗവേഷകർ പറയുന്നു.