
ഡിജിറ്റല്‍ ഡിറ്റോക്സ്; നിങ്ങള്‍ക്കു നല്കാവുന്ന ഏറ്റവും മികച്ച സമ്മാനം
December 22, 2024ഡിജിറ്റല്‍ മീഡിയയുടെ ഉപയോഗം വളരെ കൂടുതലുള്ള ഒരു കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്. എന്തിനും ഏതിനും ഫോണിന്റെയും സാങ്കേതികവിദ്യയുടെയും സഹായമില്ലാതെ പറ്റാതായി. ഇത് പലപ്പോഴും ആളുകളെ ഉള്‍വലിയുന്നതിനും സാമൂഹികബന്ധങ്ങള്‍ കുറയുന്നതിനും ഇടയാക്കുന്നു. ഡിജിറ്റല്‍ ഉപയോഗം കൂടുന്നത് ചിലരില്‍ മാനസിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
ഡിജിറ്റല്‍ ഓവര്‍ഡോസിന്റെ പ്രത്യാഘാതങ്ങള്‍
1. മാനസികാരോഗ്യത്തെ ബാധിക്കുന്നു
വര്‍ധിച്ച ഉത്കണ്ഠ, സമ്മര്‍ദ്ദം, ഫോമോ (FOMO-നഷ്ടപ്പെടുമോ എന്ന ഭയം) തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ക്ക് ഡിജിറ്റല്‍ അമിതോപയോഗം കാരണമാകുന്നുണ്ട്. അമിതമായ സ്ക്രീന്‍ സമയവും ആരോഗ്യകരമായ ഉറക്കവും തമ്മില്‍ ബന്ധമുണ്ട്. സ്ക്രീന്‍ സമയം കൂടുന്നത് ഉറക്കത്തിന്റെ ക്വാളിറ്റി കുറക്കുന്നു. ആവശ്യത്തിന് ഉറങ്ങാതാകുന്നു. മതിയായ ഉറക്കമില്ലാതെ വന്നാല്‍ അസുഖങ്ങള്‍ ഓരോന്നായി കീഴ്പ്പെടുത്താന്‍ തുടങ്ങും.
സ്ഥിരമായി നോട്ടിഫിക്കേഷനുകളും മെസേജുകളും വരുന്നത് ജോലികള്‍ ശ്രദ്ധാപൂര്‍വം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്നു. റീലുകള്‍ പോലുള്ള ഷോര്‍ട് വീഡിയോകള്‍ ധാരാളമായി കാണുന്നതും പലരിലും ശ്രദ്ധാസമയം കുറച്ച് ശ്രദ്ധ വ്യതിചലിക്കാന്‍ കാരണമാകുന്നു.
2. ശാരീരികാരോഗ്യത്തെ ബാധിക്കുന്നു
ഡിജിറ്റല്‍ ഐ സിന്‍ഡ്രോം എന്നറിയപ്പെടുന്ന പ്രശ്നം അമിതമായി ഫോണോ ലാപ്ടോപോ ഉപയോഗിക്കുന്നവരില്‍ കണ്ണിന്റെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്നു. സ്ഥിരമായി ഇരുന്നോ കിടന്നോ ഉപയോഗിക്കുന്നതിനാല്‍ പോസ്ചര്‍ പ്രശ്നവും കഴുത്തുവേദന, നടുവേദന പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ഉദാസീനമായ ജീവിതശൈലിയും അതിന്റെ ദീര്‍ഘകാല ഫലങ്ങളും മറ്റൊരു പ്രത്യാഘാതമാണ്.
3. സാമൂഹികവും വൈകാരികവുമായ പ്രശ്നങ്ങള്‍
വ്യക്തിബന്ധങ്ങളുടെ ഗുണനിലവാരം കുറയുന്നു. കൂടുതല്‍ സമയവും ഫോണിലോ ലാപ്ടോപിലോ ചെലവഴിക്കുന്നതിനാല്‍ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ സമയം ചെലവഴിക്കുന്നത് കുറയുകയും അത് സാവധാനം വ്യക്തിബന്ധങ്ങളുടെ ആഴവും ശക്തിയും കുറഞ്ഞില്ലാതാകാന് കാരണമാകുകയും ചെയ്യുന്നു. ആഴത്തില്‍ ഇടപഴകാനോ ഇപ്പോഴത്തെ നിമിഷം ആസ്വദിക്കാനോ ഉള്ള കഴിവ് കുറയുന്നു. പലപ്പോഴും ആ നിമിഷം ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ ഫോണിലോ മറ്റോ സമയം ചെലവഴിക്കുന്നവര്‍ ജീവിതത്തിലെ പല സന്തോഷകരമായ നിമിഷങ്ങളും നഷ്ടപ്പെടുത്തുന്നു.
ഡിജിറ്റല്‍ ഡിറ്റോക്സിന്റെ ഗുണങ്ങള്‍
1. വ്യക്തത മെച്ചപ്പെടുന്നു – മനസ്സിന് ക്ലാരിറ്റിയും ശ്രദ്ധയും കൂടുന്നു. ഉദാസീനത മാറി സര്‍ഗാത്മകത കൂടുന്നു. മറ്റുള്ളവരാല്‍ സ്വാധീനിക്കപ്പെടുന്നത് കുറയുന്നതിനാല്‍ സ്വന്തം കാര്യങ്ങളില്‍ / തൊഴിലില്‍ വ്യക്തത കൈവരുന്നു.
2. വൈകാരിക നിയന്ത്രണത്തിനും മാനസികസമ്മര്‍ദ്ദം കുറയുന്നതിനും സഹായിക്കുന്നു.
3. മികച്ച ഉറക്ക പാറ്റേണുകള്‍ – ഡിജിറ്റല്‍ ഉപകരണങ്ങളിലെ നീല വെളിച്ചം സര്‍കേഡിയന്‍ താളത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ വിശദീകരണമെല്ലാം വന്നുകഴിഞ്ഞു. ഫോണ്‍ ഉപയോഗം കുറയുന്നതോടെ ഉറക്കം മെച്ചപ്പെടാനും അതുവഴി ശാരീരിക-മാനസിക അസ്വാസ്ഥ്യം കുറയാനും ഇടയാക്കും.
4. ജീവിതചര്യകള്‍ അച്ചടക്കത്തിലാവുന്നു
5. ദൃഢമായ ബന്ധങ്ങള്‍-തടസ്സങ്ങളില്ലാതെ പ്രിയപ്പെട്ടവരുമായി ഗുണമേന്മയുള്ള സമയം ചെലവഴിച്ചു തുടങ്ങുന്നത് മനസ്സിന് സന്തോഷവും സമാധാനവും തരുന്നു.
4. ഓഫ്ലൈന് പ്രവൃത്തികളില്‍ വീണ്ടും സന്തോഷം കണ്ടെത്തുന്നു- ഡിജിറ്റല്‍ ഉപകരണങ്ങളില്ലാതെയുള്ള സന്തോഷങ്ങളിലേക്ക് മടങ്ങിപ്പോകുന്നു. ഹോബികളില്‍ ഏര്‍പ്പെടുകയോ വായിക്കുകയോ പ്രകൃതിയില്‍ സമയം ചെലവഴിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ വ്യക്തിത്വവികാസത്തെ സഹായിക്കുന്നു.
ഡിജിറ്റല്‍ ഡിറ്റോക്സ് നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക തന്ത്രങ്ങള്‍
1. അതിരുകള്‍ സജ്ജമാക്കുക – ഫോണ്‍, നോ-ഫോണ്‍ സോണുകള്‍ സൃഷ്ടിക്കുക (ഉദാ. കിടപ്പുമുറി, ഡൈനിങ് ടേബിള്‍). ഭക്ഷണസമയത്തോ ഉറങ്ങുന്നതിന് മുമ്പോ പോലെയുള്ള സമയങ്ങളില്‍ ഫോണ്‍ ഉപയോഗിക്കില്ല എന്ന് തീരുമാനിക്കുക.
2. സാങ്കേതികവിദ്യ ആവശ്യത്തിനു മാത്രം ഉപയോഗിക്കുക- അനിവാര്യമല്ലാത്ത ആപ്പുകള്‍, അറിയിപ്പുകള് എന്നിവ ഓഫാക്കുക. സ്ക്രീന്‍ സമയം ട്രാക്ക് ചെയ്യാനും പരിമിതപ്പെടുത്താനും ആപ്പുകളോ ഫീച്ചറുകളോ ഉപയോഗിക്കുക.
3. ചെറുതായി തുടങ്ങുക – തുടക്കമെന്ന രീതിയില്‍ ആഴ്ചയിലൊരിക്കല്‍ 24 മണിക്കൂര്‍ ഡിറ്റോക്സ് പോലെയുള്ള റിയലിസ്റ്റിക് ലക്ഷ്യങ്ങള്‍ മാത്രം വെക്കുക. ദൈര്‍ഘ്യം അല്ലെങ്കില്‍ ആവൃത്തി ക്രമേണ വര്‍ധിപ്പിക്കുക.
4. ഓഫ്ലൈന് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക – സമയം ചെലവഴിക്കാന്‍ കൂടുതല്‍ ഓഫ്ലൈന് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം. ജേര്‍ണലിങ്, യോഗ, ഡി.ഐ.വൈ പ്രോജക്റ്റുകള്‍ അല്ലെങ്കില്‍ സന്നദ്ധപ്രവര്‍ത്തനം എന്നിങ്ങനെ ഏതു മാര്‍ഗവും ഓരോരുത്തരുടെ താല്പര്യാനുസരണം തെരഞ്ഞെടുക്കാം.
5. പിന്തുണാ സംവിധാനം സൃഷ്ടിക്കുക- ഡിറ്റോക്സ്് ചലഞ്ചില്‍ ചേരാന്‍ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ പ്രോത്സാഹിപ്പിക്കുക. പരസ്പരം പ്രചോദിതരായി തുടരാന്‍ അനുഭവങ്ങള്‍ പങ്കിടുക.
അണ്പ്ലഗ്ഗിങ് നിങ്ങളെ ലോകത്തില്‍ നിന്ന് വിച്ഛേദിക്കുന്നില്ല, അത് നിങ്ങളെ യഥാർഥത്തില്‍ പ്രാധാന്യമുള്ള കാര്യങ്ങളുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നു മനസ്സിലാക്കുക. സ്വന്തം ആരോഗ്യത്തെയും ആവശ്യങ്ങളെയും മാനിച്ചുകൊണ്ടാണ് ഡിജിറ്റല്‍ ഉപകരണങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.