പി.സി.ഒ.ഡിയും ആയുർവേദവും

പി.സി.ഒ.ഡിയും ആയുർവേദവും

October 21, 2024 0 By KeralaHealthNews

പെൺകുട്ടികളിലും സ്ത്രീകളിലും ഹോർമോണുകളുടെ അസന്തുലിതാവസ്ഥ കാരണം അണ്ഡാശയങ്ങളിൽ നിരവധി കുമിളകൾ അഥവാ സിസ്റ്റുകൾ കാണപ്പെടുന്ന അവസ്ഥയെയാണ് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്(PCOD) എന്നു പറയുന്നത്. അണ്ഡാശയ മുഴകൾ ഇല്ലെങ്കിൽ തന്നെ പോളിസിസ്റ്റിക് ഓവേറിയുടെ മറ്റു ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (PCOS) എന്ന രോഗാവസ്ഥയായി കണക്കാക്കാം. ജീവിതശൈലി രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത്.അണ്ഡാശയങ്ങളിൽ അണ്ഡമായി മാറുവാൻ സജ്ജമാകേണ്ട ഫോളിക്കിളുകൾ ഒരേപോലെ കുമിളകളായി മാറുന്നു (അതായത് മാസംതോറും അണ്ഡോത്പാദനം നടന്ന് പുറത്തേക്ക് വരേണ്ട ഓവം ഒരു സിസ്റ്റായി പരിണമിച് ഓവറിയിൽ നിന്ന് പുറത്തു വരാതെ ഇരിക്കുക). ചില ഹോർമോൺ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവർത്തന രീതിയിൽ വ്യതിയാനം വരുന്നതിന്റെ ഫലമായാണ് പി.സി.ഒ.ഡി(PCOD) എന്ന അവസ്ഥ ഉണ്ടാകുന്നത്.

കാരണങ്ങൾ:

ആഹാര ജീവിതശൈലികളിൽ വന്ന മാറ്റങ്ങളാണ് പ്രധാന കാരണം. ജങ്ക് ഫുഡ്,ഫാസ്റ്റ് ഫുഡ്, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, കോള, ശീതീകരിച്ചപാനീയങ്ങൾ, ബേക്കറി പലഹാരങ്ങൾ, മാംസാഹാരങ്ങൾ തുടങ്ങിയവയുടെ അമിത ഉപയോഗം, സമയം തെറ്റിയുള്ള ഭക്ഷണക്രമം, വൈകുന്നേരങ്ങളിൽ ഉള്ള എണ്ണ പലഹാരങ്ങളിൽ മാത്രമായി ഭക്ഷണം ഒതുക്കുക,വേണ്ടത്ര പച്ചക്കറികളും പഴവർഗങ്ങളും കഴിക്കാതിരിക്കുക,നിത്യേന ഉള്ള കായികപരമായ വ്യായാമങ്ങളിലും മാനസിക വിനോദങ്ങളിലും ഏർപ്പെടാതെ ടിവി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ അധികമായി ആശ്രയിച്ചു കൊണ്ടുള്ള മെഷീൻ കേന്ദ്രീകൃത സെഡന്ററി ലൈഫ് സ്റ്റൈൽ, മാനസിക സമ്മർദ്ദം, പകലുറക്കം, രാത്രി വളരെ വൈകിയുള്ള ഉറക്കം,ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനശേഷി കുറയുന്നത് (ഇൻസുലിൻ റെസിസ്റ്റൻസ് ), അമിതവണ്ണം (മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും പി.സി.ഒ.ഡി കാണാറുണ്ട്), ജനിതക പാരമ്പര്യ ഘടകങ്ങൾ.

ലക്ഷണങ്ങൾ :

ക്രമം തെറ്റിയ ആർത്തവചക്രം, ആർത്തവത്തോട് അനുബന്ധിച്ചുണ്ടാകുന്ന കടുത്ത വയറുവേദന,മിക്കപ്പോഴും ആർത്തവം വൈകി വരുകയോ വരാതിരിക്കുകയോ ചെയ്യുക,രക്തസ്രാവം നീണ്ടുനിൽക്കുക,പെട്ടെന്ന് ശരീര ഭാരം കൂടുക,അമിതമായ രോമവളർച്ച (Hirsutism),തലമുടി കൊഴിച്ചിൽ,കഴുത്തിന്റെ പിൻഭാഗത്തും കക്ഷത്തും കാണുന്ന കറുത്ത കട്ടിയുള്ള പാടുകൾ,വിഷാദം, മാനസിക പിരിമുറുക്കം, കട്ടിയുള്ള മുഖക്കുരു തുടങ്ങിയ ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങൾ,

വന്ധ്യത.

സങ്കീർണതകൾ:

പി.സി.ഒ.ഡി തുടക്കത്തിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാറില്ല. എന്നാൽ ക്രമേണ വർഷങ്ങൾ കൊണ്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾ, പ്രമേഹം, അമിത കൊളസ്ട്രോൾ, വന്ധ്യത, ഹൃദ്രോഗം, ക്യാൻസർ എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങൾ വന്നു ചേരാം.

പി.സി.ഒ.ഡി /പി.സി.ഒ.എസ് വ്യത്യാസങ്ങൾ ഇങ്ങനെ:

കൃത്യമായ ഭക്ഷണക്രമം, വ്യായാമം എന്നിവ കൊണ്ട് പി.സി.ഒ.ഡി ഭേദപ്പെടുത്താൻ സാധിക്കും, അതിനാൽ തന്നെ ഇതൊരു രോഗമായി കണക്കാക്കേണ്ടതില്ല. എന്നാൽ പി.സി.ഒ. എസ് മെറ്റബോളിക് ഡിസോർഡർ ആണ്. പി.സി.ഒ.എസ്. ബാധിച്ചവരിൽ അണ്ഡോദ്പാദനം തടസപ്പെടും കൂടാതെ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, എൻഡോമെട്രിയൽ ക്യാൻസർ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം പി.സി.ഒ.ഡി. അണ്ഡോദ്പാദനം തടയുന്നില്ല .അതിനാൽ ഗർഭധാരണത്തെ പൂർണമായി ബാധിക്കില്ല. ഇവരിൽ ഗർഭധാരണവുമായി ബന്ധപ്പെട്ട് ചില അസ്വസ്ഥതകൾ ഉണ്ടാകുമെങ്കിലും അത് ഗുരുതരമായ അവസ്ഥയിലേക്ക് പോകാറില്ല. വേണ്ടവിധം ചികിത്സകൾ ഉറപ്പാക്കിയാൽ ഗർഭധാരണവും പ്രസവവും സുഖകരമായി നടക്കും. എന്നാൽ പി.സി.ഒ.എസ്. ബാധിച്ച സ്ത്രീകളിൽ വന്ധ്യതക്കുള്ള സാധ്യതയുണ്ട്. ഗർഭധാരണം നടന്നാൽ പോലും ഗർഭച്ചിദ്രത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

രോഗനിർണയം :

ലക്ഷണങ്ങൾ, സ്കാനിംഗ്, ഹോർമോൺ പരിശോധനകൾ എന്നിവയിലൂടെ രോഗനിർണയം ചെയ്യാം.

ചികിത്സ:

പി.സി.ഒ.ഡി ഉള്ളതായി കണ്ടെത്തിയാൽ ആശങ്കപ്പെടാതെ കൃത്യമായി ചികിത്സിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ദോഷങ്ങളുടെ സന്തുലിതാവസ്ഥ പുനസ്ഥാപിക്കുക,ദഹനം മെച്ചപ്പെടുത്തുക, അതുവഴി മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുക എന്നതാണ് ആയുർവേദ ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്. പി.സി.ഒ.ഡിയിൽ ആയുർവേദ ചികിത്സ വളരെ ഫലപ്രദമായി കാണുന്നു. ശോധന,ശമന ചികിത്സകളാണ് ആയുർവേദം നിർദ്ദേശിക്കുന്നത്. ചിട്ടയായ വ്യായാമത്തിനും ഭക്ഷണക്രമത്തിനും ഒപ്പം വൈദ്യ നിർദ്ദേശപ്രകാരം അശോകാരിഷ്ടം ,സുകുമാരം കഷായം, സപ്തസാരം കഷായം , മുതലായ ഔഷധസേവകളും , ദീപന പാചന ഔഷധങ്ങൾ എന്നിവയും ചികിത്സാർത്ഥം ഉപയോഗിക്കാം. വിശേഷിച്ചും അഭ്യംഗം , വസ്തി ,ഉദ്വർത്തന, തുടങ്ങിയ ആയുർവേദ ചികിത്സാക്രമങ്ങൾ ഡോക്ടറുടെ നീരീക്ഷണത്തിൽ ചെയ്യുക. വന്ധ്യതയുള്ളവരിൽ ഇത്തരം ചികിത്സാവിധികൾ ഗർഭധാരണത്തിനുള്ള സാധ്യത കൂട്ടുന്നതായി കാണുന്നുമുണ്ട്.

പി.സി.ഒ.ഡിയുടെ പ്രധാന ലക്ഷണങ്ങളായ മുഖക്കുരു ,അമിത രോമ വളർച്ച, കഴുത്തിന് പിന്നിലെ കറുപ്പു നിറം തുടങ്ങിയവ പുതുതലമുറയെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങൾ ആണ്. പിഴുതുകളയുന്നത് രോമങ്ങളുടെ വേരുകളെ കൂടുതൽ ബലപ്പെടുത്തുകയും കട്ടിയിൽ രോമം വളരാൻ കാരണമാവുകയും ചെയ്യുന്നു. പി.സി.ഒ.ഡി ചികിത്സയോടൊപ്പം ഡോക്ടറുടെ നിർദ്ദേശ പ്രകാരം യുക്തമായ ദ്രവ ദ്രവ്യം ലേപനങ്ങളാക്കി മുഖത്ത് പുരട്ടാം. ഇത് രോമവളർച്ചയെ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.

സാധാരണ മുഖക്കുരുക്കളിൽ നിന്നും വ്യത്യാസമായി കട്ടിയുള്ള മുഖക്കുരുക്കൾ ഉണ്ടാകുന്നു(Acne vulgaris). പലരും മുഖക്കുരുവിന്റെ ചികിത്സ തേടുമ്പോഴാണ് പി.സി.ഒ.ഡിക്ക് അനുബന്ധമായുണ്ടായതാണെന്ന് മനസ്സിലാക്കുന്നത്. അകത്തേക്ക് കഴിക്കുന്ന മരുന്നുകളുടെ കൂടെ മഞ്ചട്ടി, ത്രിഫല, ഇരട്ടിമധുരം തുടങ്ങിയവ ഡോക്ടറുടെ നിർദ്ദേശ പ്രകാരം പുറമേ പുരട്ടുന്നതും ഗുണകരമായി കാണുന്നു. കഴുത്തിന് പിന്നിലെ കറുപ്പു നിറം മാറാൻ ശരീരത്തിലെ ഇൻസുലിൻ റെസിസ്റ്റൻസ് മാറ്റിയെടുക്കുക എന്നതാണ് പ്രതിവിധി. ചിട്ടയായ ഭക്ഷണക്രമം, വ്യായാമം എന്നിവയും വേങ്ങാക്കാതൽ, ഉലുവ മുതലായവ ഇട്ട് തിളച്ചിച്ച വെള്ളം, യുക്തി അനുസരിച്ചുള്ള കഷായങ്ങൾ ഇവയൊക്കെ ഫലപ്രദമാണ്. കടലമാവും തൈരും ഒപ്പം ഔഷധ ചൂർണങ്ങൾ മിശ്രിതമാക്കി പുരട്ടി ഉണങ്ങിയതിന് ശേഷം കഴുകി കളയുന്നത് ഗുണം ചെയ്യും.

പ്രതിരോധം:

മരുന്നിനേക്കാളും ചികിത്സയേക്കാളും പ്രധാനം ഭക്ഷണ, വ്യായാമ ചിട്ടകൾ ശീലിക്കുന്നതിനാണ്.ശരീരബലം കണക്കാക്കി ചിട്ടയായി ചെയ്യുന്ന വ്യായാമം വളരെ പ്രയോജനപ്രദമായി കാണുന്നു.അതുപോലെതന്നെ ഭക്ഷണകാര്യത്തിലും അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ജങ്ക് ഫുഡുകളും ദഹിക്കാൻ പ്രയാസമുള്ള ആഹാരപദാർത്ഥങ്ങൾ എന്നിവ ഒഴിവാക്കി ചിട്ടയായ ഭക്ഷണക്രമം ശീലമാക്കുക, മാനസിക പിരിമുറുക്കം പരമാവധി കുറയ്ക്കുക ,ഒന്നിനെപ്പറ്റിയും അമിതമായി ചിന്തിക്കാതിരിക്കുക,ബോഡി മാസ്സ് ഇൻഡക്സ് (BMl) 25 ന് താഴെ നിർത്താൻ ശ്രദ്ധിക്കുക.

ആദ്യ ആർത്തവ മാസങ്ങളിൽ(menarche) ആയുർവേദ ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന ഔഷധങ്ങൾ സേവിക്കുന്നത് ആർത്തവ ക്രമക്കേടുകളെ ഒരു പരിധിവരെ തടയും.മാനസിക സമ്മർദ്ദം കുറക്കാനും, ഹോർമോൺ സന്തുലനാവസ്ഥ ശരിയാക്കാനും യോഗ, പ്രാണായാമം, സൂര്യ നമസ്കാരം തുടങ്ങിയവ നിത്യേന പരിശീലിക്കുന്നത് കൊണ്ട് ഫലം ലഭിക്കുന്നു.

പിന്തുടരേണ്ട ജീവിതശൈലികൾ:

രാവിലെ സൂര്യോദയത്തിനു മുൻപ് എണീക്കുന്നത് ശീലമാക്കേണ്ടത് അനിവാര്യമാണ്.പകലുറക്കം ഒഴിവാക്കുക.ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ നന്നായി കഴിക്കുവാൻ ശ്രദ്ധിക്കുക. ഉച്ചഭക്ഷണം ചോറ് അളവ് കുറച്ച് ,അവിയൽ പോലുള്ളവ ധാരാളം ചേർത്ത് കഴിക്കുക. മത്സ്യ മാംസങ്ങൾ നിർബന്ധമുള്ളവർ ഉച്ചയ്ക്ക് മാത്രം ചെറിയ അളവിൽ ഉൾപ്പെടുത്തുക. രാത്രി ഭക്ഷണം വളരെ കുറഞ്ഞ അളവിൽ മാത്രം എട്ടു മണിക്ക് മുമ്പേ കഴിക്കുക( ഉദാഹരണമായി റാഗിക്കുറുക്ക്, ചെറുപയർ, പഴവർഗങ്ങൾ ഇവ ഏതെങ്കിലും മാത്രമായി രാത്രി ഭക്ഷണം ക്രമീകരിക്കുക). പച്ചക്കറികൾ സാലഡ് പോലെയോ, വേവിച്ചോ കഴിക്കാം.

ഒമേഗ ത്രീ ഫാറ്റി ആസിഡ് കൂടുതൽ അടങ്ങിയ മത്സ്യങ്ങൾ, വാൾനട്ട്സ് ധാരാളം കഴിക്കുക. ഉലുവ, പട്ട, ഫ്ലാക്സ് സീഡ് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ദിവസേനയുള്ള വ്യായാമം ശീലമാക്കുക.യോഗ, മെഡിറ്റേഷൻ,ശീലമാക്കുക. ശരീര ഭാരത്തിന്റെയും ജോലിയുടെയും രീതിയുടെ അടിസ്ഥാനത്തിൽ ദിവസവും ധാരാളം വെള്ളം കുടിക്കുക. രാത്രി നേരത്തെ കിടന്നു രാവിലെ നേരത്തെ ഉണരുന്ന ശീലം നിർബന്ധമാക്കുക.

അപ്പോയിന്റ്മെന്റിനായി ശ്രിസൗഖ്യ ആയുർവേദിക് സെന്ററുമായി 77992100, 13100151 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് www.srisoukya.com സന്ദർശിക്കുക.