കുഴഞ്ഞ് വീണുള്ള മരണത്തിൽ 20-30 ശതമാനം വർധന; കോവിഡിന് ശേഷം ഹൃദ്രോഗ സാധ്യത കൂടി- ഡോ. രാജേന്ദ്ര കുമാർ ഗോഖ്റൂ
October 20, 2024ആലപ്പുഴ: കോവിഡിനു ശേഷം ഹൃദ്രോഗ സാധ്യത കൂടിയതായി ഇന്ത്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി ദേശീയ പ്രസിഡന്റ് ഡോ. രാജേന്ദ്ര കുമാർ ഗോഖ്റൂ. എസ്.സി.ഡിയിലും (സഡൻ കാർഡിയാക് ഡെത്ത്) ക്രമാതീതമായ വർധനവുണ്ട്. ഈ ഭീഷണിയെ നേരിടാൻ സർക്കാർ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും തൊഴിലിടങ്ങളും സഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ 19-ാമത് ദേശീയ സമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുപ്പക്കാരിലും കഠിന വ്യായാമ മുറകൾ ചെയ്യുന്നവരിലും കുഴഞ്ഞ് വീണുള്ള മരണത്തിൽ 20-30 ശതമാനം വർധനവുണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
35 വയസ്സ് കഴിഞ്ഞ വ്യക്തികൾ കഠിനമായ സ്പോർട്സ്, വ്യായാമം എന്നിവ പരിശീലിക്കുന്നതിന് മുൻപ് ഇ.സി.ജി, എക്കോകാർഡിയോഗ്രാം, ട്രെഡ്മിൽ ടെസ്റ്റുകൾ ഉൾപ്പെടെ ഹൃദയ പരിശോധനകൾ നടത്തണം. ഇ.സി.ജി, ഹൃദയമിടിപ്പിന്‍റെ വ്യതിയാനം എന്നിവ നിരീക്ഷിക്കാൻ കഴിയുന്ന സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ വികസിപ്പിക്കുന്നുണ്ട്. ഈ ഉപകരണങ്ങളിലൂടെ ഹൃദയസ്തംഭനത്തിന് ശക്തമായ പ്രതിരോധം തീർക്കാൻ സാധിക്കുമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
ഓർഗനൈസിങ് ചെയർമാൻ ഡോ. കെ. ശിവപ്രസാദ്, ഓർഗനൈസിങ് സെക്രട്ടറി ഡോ. വിനോദ് തോമസ്, കേരള ചാപ്റ്റർ പ്രസിഡന്‍റ് ഡോ. പി.കെ അശോകൻ, സെക്രട്ടറി ഡോ.ഇ. രാജീവ് എന്നിവർ സംസാരിച്ചു. അഞ്ഞൂറിലധികം പ്രമുഖ ഇന്‍റർവെൻഷനൽ കാർഡിയോളജിസ്റ്റുകളും, ഗവേഷകരും, ആരോഗ്യ പ്രവർത്തകരും ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച സമാപിക്കും.