അമീബിക് മസ്തിഷ്ക ജ്വരം; ജാഗ്രത പാലിക്കണം
September 24, 2024കാസർകോട്: അമീബിക് മസ്തിഷ്ക ജ്വരത്തെ തുടർന്ന് കാസർകോട് സ്വദേശിയായ 37കാരൻ മരിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ല ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ പത്തുവർഷമായി മുംബൈയിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന യുവാവ് സെപ്റ്റംബർ ആദ്യവാരമാണ് കാസർകോട് എത്തിയത്. വരുന്ന സമയത്ത് പനിയുണ്ടായിരുന്നതിനാൽ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. രോഗം ഭേദമാകാത്തതിനാൽ നാലുദിവസത്തിന് ശേഷം അവിടെ നിന്ന് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലും തുടർന്ന് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവിടെ നിന്നുള്ള പരിശോധനയിൽ അമീബിക് മാസ്തിഷ്കം സ്ഥിരീകരിച്ചു. ചികിത്സയിലിരിക്കെ ഇദ്ദേഹം സെപ്റ്റംബർ 22ന് മരിച്ചു. മരിച്ച വ്യക്തിക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചത് മുംബൈയിൽ നിന്നായതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നിരുന്നാലും രോഗം വരാതിരിക്കാനുള്ള പൊതുവായ നിർദേശങ്ങൾ പാലിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് അറിയിച്ചു.
അമീബിക് മസ്തിഷ്ക ജ്വരം
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് എന്‍സെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാൽ ഒന്നുമുതല്‍ ഒമ്പത് ദിവസങ്ങള്‍ക്കുള്ളിൽ രോഗലക്ഷണങ്ങള്‍ പ്രകടമാകും.
ലക്ഷണങ്ങൾ
തീവ്രമായ തലവേദന, പനി, ഛർദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്, ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ. രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് എന്നിവ കാണാം. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവർ ആ വിവരം ഡോക്ടറെ അറിയിക്കുക.
പ്രതിരോധ മാർഗങ്ങൾ
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക, വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക, ജലസ്രോതസ്സുകളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക, മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, ശുദ്ധമല്ലാത്ത വെള്ളത്തിൽ മുഖവും വായും കഴുകുന്നതും പൂർണമായും ഒഴിവാക്കുക. നീന്തൽ കുളങ്ങളിൽ പാലിക്കേണ്ട ശുചിത്വ നിർദേശങ്ങൾ, ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണമായും ഒഴുക്കി കളയുക, സ്വിമ്മിങ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകുക, പ്രതലങ്ങൾ നന്നായി ഉണങ്ങാൻ അനുവദിക്കുക, നീന്തൽ കുളങ്ങളിലെ ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കുക, പുതിയതായി നിറക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിനുശേഷം ഉപയോഗിക്കുക, അഞ്ചു ഗ്രാം ബ്ലീച്ചിങ് പൗഡർ 1000 ലിറ്റർ വെള്ളത്തിന് എന്ന ആനുപാതത്തിൽ ക്ലോറിനേറ്റ് ചെയ്യുക, ക്ലോറിൻ ലെവൽ 0.5 പി.പി.എം മുതൽ മൂന്ന് പി.പി.എം ആയി നിലനിർത്തുക.